ഇന്ത്യയിലെ ഗോശാലകളില്‍ കഴിയുന്ന പശുക്കള്‍ കടുത്ത മാനസികസംഘര്‍ഷം അനുഭവിക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ട്‌. ഇത്‌ പശുക്കളുടെ ശാരീരികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ആനിമല്‍സ്‌ ജേണല്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ്‌ മോളിക്യുലാര്‍ ബയോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഡോ ജി ഉമാപതി, ഡോ.വിനോദ് കുമാര്‍, ഹിമാചല്‍ വെറ്റിനറി യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ അരവിന്ദ്‌ ശര്‍മ്മ, ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ്‌ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ക്ലൈവ്‌ ഫിലിപ്‌സ്‌ എന്നിവരുള്‍പ്പെട്ട സംഘമാണ്‌ പഠനം നടത്തിയത്‌.

രാജ്യത്തെ 54 ഓളം ഗോശാലകളിലെ 549 പശുക്കളില്‍ നടത്തിയ പഠനത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രായാധിക്യം, ഗുണമേന്മയില്ലാത്ത തീറ്റ, വൃത്തിഹീനമായ തറ, സ്ഥലപരിമിതി തുടങ്ങിയവയെല്ലാം പശുക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്. 11 വയസ്സ്‌ പ്രായമുള്ളതും കറവ വറ്റിയവയുമായ പശുക്കളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.

ഈ പശുക്കളുടെ രോമമാണ്‌ ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത്‌. 549 പശുക്കളില്‍ നിന്നായി ശേഖരിച്ച രോമങ്ങളില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ്‌ കൂടുതലാണെന്ന്‌ പഠനം കണ്ടെത്തി. മാനസികസംഘര്‍ഷം കൂടുതല്‍ ശരീരം ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണാണ്‌ കോര്‍ട്ടിസോള്‍. പശുക്കളുടെ രോമത്തിലാണ്‌ കോര്‍ട്ടിസോള്‍ അടിഞ്ഞുകൂടുന്നത്‌. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പശുക്കളില്‍ മാനസംഘര്‍ഷം കൂടുതലാണെന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത്.