ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലത്തെ ഐശ്വര്യ റായിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ വിവേക് ഒബ്റോയി.

 

സിനിമാ ലോകത്ത് നിന്നുതന്നെ കടുത്തപ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വിവേകിന്റെ ഖേദപ്രകടനം. താരത്തിന്റെ ട്വീറ്റ് സ്ത്രീ വിരുദ്ധമാണെന്ന് നിരീക്ഷിച്ച് വനിതാ കമ്മീഷനും വിവേകിനോട് വിശദീകരണം ചോദിച്ചിരുന്നു.

മാത്രമല്ല, ട്രോള്‍ പോസ്റ്റില്‍ ഐശ്വര്യയുടെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം ഉപയോഗിച്ചതും കമീഷന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവേക് ഖേദം പ്രകടിപ്പിച്ചത്. വിവാദട്വീറ്റും താരം പിന്‍വലിച്ചു.

വിവേക് ഒബ്റോയിയുടെ മുന്‍ കാമുകിയായിരുന്നു ഐശ്വര്യ റായി. ഐശ്വര്യ റായ്, സല്‍മാന്‍ ഖാന്‍, അഭിഷേക് ബച്ചന്‍, ആരാധ്യ എന്നിവരുടെ ചിത്രങ്ങള്‍ വച്ചുള്ളതായിരുന്നു വിവേകിന്റെ ട്വീറ്റ്.

ഐശ്വര്യ സല്‍മാന്‍ ഖാനൊപ്പം നില്‍ക്കുന്ന ചിത്രത്തെ അഭിപ്രായ സര്‍വേ എന്നും വിവേകുമൊത്തുള്ള ചിത്രത്തെ എക്സിറ്റ് പോള്‍ എന്നും അഭിഷേകിനും മകള്‍ക്കുമൊപ്പമുള്ള ചിത്രത്തെ തെരഞ്ഞെടുപ്പ് ഫലം എന്നും പറഞ്ഞാണ് വിവേക് ട്വീറ്റ് ചെയ്തത്. ‘രാഷ്ട്രീയമില്ല വെറും ജീവിതം മാത്രം’ എന്ന അടിക്കുറിപ്പോടെയാണ് വിവേക് ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

വിവേകിന്റെ ഈ ട്വീറ്റിനെതിരെ ബോളിവുഡില്‍ നിന്നും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ‘തീര്‍ത്തും അരോചകം’ എന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം. ഇത്തരമൊരു ട്വീറ്റ് പങ്കുവയ്ക്കുന്നത് എന്തൊരു അസംബന്ധമാണെന്നും താരത്തിന്റെ അവസ്ഥയില്‍ നിരാശയുണ്ടെന്നും കായികതാരം ജ്വാല ഗുട്ട ട്വിറ്ററില്‍ കുറിച്ചു.