മോദിക്ക് ക്ലീന്‍ ചിറ്റ്: വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തണമെന്ന ലവാസയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

മോദിക്കും അമിത്ഷാക്കും ചട്ടലംഘന പരാതികളില്‍ ക്ലീന്‍ചിറ്റ് നല്‍കിയുള്ള ഉത്തരവില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തണമെന്ന ആവശ്യം തള്ളി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംയുക്ത യോഗത്തിലാണ് അശോക് ലവാസിന്റെ ആവശ്യം തള്ളിയത്. ഇതോടെ ലവാസിനെ അനുനയിപ്പിക്കാനുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ നീക്കങ്ങളും പാളി. അതേസമയം നിരവധി ചട്ടലംഘന പരാതികള്‍ കമ്മീഷന്റെ പരിഗണയിലുള്ളപ്പോഴാണ് കമ്മീഷനില്‍ പ്രതിസന്ധി തുടരുന്നതും.

മോദിക്കും അമിത്ഷാക്കും ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരെ കമ്മീഷന്‍ അംഗങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ പരിഹാരശ്രമങ്ങള്‍ തേടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് സംയുക്തയോഗം ചേര്‍ന്നത്.

യോഗത്തില്‍ ഇരുവര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരെ കമ്മീഷന്‍ അംഗം അശോക് ലവാസ് ഉന്നയിച്ച വിയോജിപ്പുകള്‍ ചര്‍ച്ച ചെയ്തു.

എന്നാല്‍ ലവാസിന്റെ വിയോജനക്കുറിപ്പ് ഉത്തരവില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം യോഗം തള്ളിക്കളഞ്ഞു. യോഗം ചേരുന്നതിന് മുന്നെ പോലും ലവാസ് തന്റെ നിലപാടില്‍ ഉറച്ചു നിന്നു എന്നതും ശ്രദ്ധേയമാണ്.

ഉത്തരവുകളില്‍ വിയോജനക്കുറിപ്പുകള്‍ രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയെന്ന് ലവാസ് വ്യക്തമാക്കി.

ഒരു ഭരണഘടന സ്ഥാപനമെന്ന നിലയില്‍ ഈ തത്വങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാലിച്ചുപൊകണമെന്നമാണ് അശോക് ലവാസിന്റെ നിലപാട്.

അതേ സമയം വിയോജനക്കുറിപ്പ് രേഖപ്പെടുത്താത്ത കമ്മീഷന്‍ നിലപാടില്‍ പ്രതിഷേധിച്ച് മെയ് നാല് മുതല്‍ ചട്ടലംഘന പരാതികള്‍ ചര്‍ച്ച ചെയ്യാനുള്ള യോഗങ്ങളില്‍ നിന്ന് ലവാസ് വിട്ടുനില്‍ക്കുകയാണ്.

വിവാദങ്ങല്‍ അനാവശ്യമെന്നും, വിയോജനക്കുറിപ്പ് ഉള്‍പ്പെടുത്തണമെന്ന് ചട്ടമില്ലെന്നുമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായ സുനില്‍ അറോറയുടെ പക്ഷം.

ഇതോടെ അശോക് ലവാസിനെ അനുനയിപ്പിക്കാന്‍ സുനില്‍ അറോറ നടത്തിയ ശ്രമങ്ങളും പാളി. കമ്മീഷന്‍ നടപടികള്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അറോറ അശോക് ലവാസിന് കത്തെഴുതുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ക്മമീഷന്റെ മുന്നില്‍ ഉള്ളപ്പോഴാണ് കമ്മീഷന്‍ പ്രതിസന്ധി തുടരുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News