വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും വിവിപാറ്റ് രസീതുകൾ എണ്ണന്നതിലും തെരഞ്ഞെടുപ്പ് കമ്മീഷനോട് കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം.
അഞ്ചു വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ട് വിവിപാറ്റുമായി ഒത്തു നോക്കിയ ശേഷമേ വോട്ടെണ്ണൽ ആരംഭിക്കാവൂ. പൊരുത്തക്കേട് ഉണ്ടെങ്കിൽ ഓരോ നിയമസഭാ മണ്ഡലത്തിലെയും മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും പ്രതിരോധത്തിലാക്കിയാണ് പ്രതിപക്ഷ പാർട്ടികളുടെ പുതിയ നീക്കം. ഓരോ നിയമസഭാ മണ്ഡലത്തിലെയും 5 വീതം വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും വിവിപാറ്റ് രസീതുകളും ആദ്യം എണ്ണണം, അതിന് ശേഷം മാത്രമേ മറ്റ് വോട്ടിങ് യന്ത്രങ്ങൾ എണ്ണാവൂ എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
വിവി പാറ്റിലെയും ഇവിഎമ്മിലെയും വോട്ടുകൾ എണ്ണുന്നതിൽ മാർഗ നിർദേശങ്ങൾ ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് പാർട്ടികൾ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
വി വി പാറ്റുകൾ എണ്ണുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളിൽ വന്ന പാകപ്പിഴ സുപ്രീം കോടതി വിധിയുടെ അന്തസത്ത ലംഘിക്കുന്നതാണെന്നും പാർട്ടികൾ കുറ്റപ്പെടുത്തി.
വോട്ടെന്നുമ്പോൾ ഇ വി എം – വി വി പാറ്റ് പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ആ നിയമസഭ മണ്ഡലത്തിലെ മുഴുവൻ വോട്ടുകളും എണ്ണണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നു.
ഇക്കാര്യങ്ങൾ ഉന്നയിച്ച് 22 പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ വി വി പാറ്റുകളുടെ എണ്ണം അന്തിമമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
വോട്ടിംഗ് യന്ത്രങ്ങളിലെ തിരിമറി സംബന്ധിച്ച ആശങ്കളും കമ്മീഷനെ അറിയിച്ച പാർട്ടികൾ ക്രമക്കേട് തടയാൻ മാർഗ നിർദേശങ്ങൾ ഇറക്കാത്തതിൽ അതൃപ്തിയും രേഖപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ആവശ്യത്തിൽ നാളെ തീരുമാനം എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.