പ്രിയതാരം മോഹന്‍ലാലിന് വ്യത്യസ്തമായ പിറന്നാളാശംസകള്‍ നേര്‍ന്ന് കെഎസ്ആര്‍ടിസി കൊട്ടാരക്കര.

തോള്‍ ചെരിച്ച് നടന്ന് മലയാളികളുടെ മനസില്‍ ഇടം നേടിയ ലാലേട്ടന്റെ ആ നടത്തത്തെ, ചെരിഞ്ഞ് നില്‍ക്കുന്ന ബസിന്റെ ചിത്രം സഹിതമാണ് കെഎസ്ആര്‍ടിസി കൊട്ടാരക്കരയുടെ പിറന്നാളാശംസ.

‘ഇടം തോളൊന്നു മെല്ലെ ചരിച്ചു……ഹാപ്പി ബര്‍ത്ത്‌ഡേ ലാലേട്ടാ..’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ഏറെ വ്യത്യസ്തമായ ഈ ആശംസ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇതുപോലൊരു ആശംസ ലാലേട്ടന് ഇതുവരെ ലഭിച്ചു കാണില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്തയും മോഹന്‍ലാല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ ജീവചരിത്രം പൂര്‍ത്തിയാകുന്നു എന്ന വാര്‍ത്തയാണ് താരം ആരാധകരെ അറിയിച്ചത്.

മോഹന്‍ലാല്‍ പറയുന്നു:

”മുഖരാഗം എന്റെ ജീവചരിത്രമാണ്. നാല്‍പ്പത് വര്‍ഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉള്‍ച്ചേര്‍ന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വര്‍ഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തിയെഴുതാന്‍ ഭാനുപ്രകാശ് എന്ന എഴുത്തുകാരന്‍ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാര്‍ഥ്യമാക്കുന്നത്. 2020ല്‍ പൂര്‍ത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.”