ചിരിയുടെ ചക്രവർത്തിയായ അബി വെറുമൊരു മിമിക്രിക്കാരൻ മാത്രമല്ല സമൂഹത്തിലെ നെറികേടുകൾക്കെതിരെ കലഹിച്ച കലാപകാരികൂടിയാണെന്ന് പ്രമുഖ ചലച്ചിത്ര ഗാന നിരുപകൻ രവി മേനോൻ.

രാഷ്ട്രീയവും സാഹിത്യവും സിനിമയും സംഗീതവുമെല്ലാം ആഴത്തിൽ പഠിച്ച ഒരാൾക്കേ ആ മേഖലകളിലെ നന്മയും തിന്മയും തിരിച്ചറിയാൻ കഴിയൂ. അക്കാര്യത്തിൽ അദ്വിതീയനായിരുന്നു അബിയെന്നും രവി മേനോൻ ഫേസ് ബുക്കിൽ എഴുതുന്നു.

രവി മേനോന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:

“അബി യുഗ’ത്തിന്റെ ഓർമ്മകൾ
ഷെയിൻ നിഗമിൽ എത്തുമ്പോൾ
—————
അബിയെ നേരിൽ കണ്ടിട്ടില്ല. സംസാരിച്ചത് ഒരേയൊരിക്കൽ മാത്രം — അതും ഫോണിൽ. പക്ഷേ ആ ദീർഘ സംഭാഷണം അവശേഷിപ്പിച്ച ചില ചോദ്യങ്ങൾ അതേ തീവ്രതയോടെ ഇന്നുമുണ്ട് മനസ്സിൽ…

സുഹൃത്തും തിരക്കഥാകൃത്തും ക്ലബ് എഫ് എമ്മിലെ പഴയ സഹപ്രവർത്തകനുമായ സുനീഷ് വാരനാടിൽ നിന്ന് ഫോൺ നമ്പർ സംഘടിപ്പിച്ചാണ് അബി വിളിച്ചത്; സിനിമാ സംഗീതത്തിലെ ഈണമോഷണങ്ങളെ കുറിച്ച് ആയിടെ എഴുതിയ ലേഖനം വായിച്ചതിന്റെ സന്തോഷം പങ്കുവെക്കാൻ.

മിമിക്രി വേദികളിലും സുഹൃദ് സദസ്സുകളിലും അബിയുടെ പ്രിയ വിഷയങ്ങളിൽ ഒന്നായിരുന്നു സംഗീത ലോകത്തെ മോഷണകഥകൾ. അടിയുറച്ച പാട്ടുകമ്പക്കാരനും മുഹമ്മദ് റഫിയുടെയും യേശുദാസിന്റെയും ബാബുരാജിന്റെയും ദേവരാജന്റെയും കടുത്ത ആരാധകനുമായ ഒരാൾക്ക്,

പാടിപ്പതിഞ്ഞ പഴയ മനോഹരമായ ഈണങ്ങൾ വികലമായി പുനരാവിഷ്കരിക്കപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും വയ്യ. “ഈ അടിച്ചുമാറ്റൽ കഥകളൊക്കെ ഞാൻ എന്റെ അടുത്ത പ്രോഗ്രാമിൽ അവതരിപ്പിക്കും. ഇവന്മാരെയൊന്നും വെറുതെ വിട്ടുകൂടാ.

വല്ലവന്റെയും ചെലവിൽ ആളാകാൻ നോക്കുന്നവരാണ്….” ധാർമ്മികരോഷം മറച്ചുവെക്കാതെ അബി പറഞ്ഞു. ഒപ്പം ആത്മഗതമായി ഇത്രകൂടി. “മോഷണങ്ങളാണ് എങ്ങും. അത്തരക്കാർക്കേ ഇവിടെ നിലനിൽപ്പുള്ളൂ; മിമിക്രിയിൽ പോലും…”

നിർദോഷവും നിഷ്കളങ്കവുമായ ചിരിയുടെ വഴിയിലൂടെ കാൽ നൂറ്റാണ്ടിലേറെ കാലം മലയാളികളെ കൈപിടിച്ച് നടത്തിയ അബിയുടെ വാക്കുകൾ അത്ഭുതത്തോടെയാണ് കേട്ടത്. പറയാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു അവ. നിർബന്ധിച്ചപ്പോൾ അബി പറഞ്ഞു: “മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങളാണ്.

അതൊന്നും ഇനി പറഞ്ഞിട്ട് കാര്യവുമില്ല. നമ്മൾ അസൂയ കൊണ്ട് പറയുന്നതാണെന്നേ ആളുകൾ പറയൂ..” മിമിക്രി വേദികളിൽ അബിയുടെ വളർച്ച കൗതുകത്തോടെ, ആരാധനയോടെ നോക്കിക്കണ്ട അനേകമനേകം മലയാളികളിൽ ഒരാൾ എന്ന നിലക്ക് അർത്ഥഗർഭമായ ആ മൗനത്തിന്റെ പൊരുളറിയാൻ ആഗ്രഹമുണ്ടായിരുന്നു. ആവർത്തിച്ച് ചോദിച്ചപ്പോൾ അബി പറഞ്ഞു: “പാട്ടിലെ പോലെത്തന്നെയാണ് മിമിക്രിയിലും കാര്യങ്ങൾ.

ഒറിജിനൽ ഉണ്ടാക്കുന്നവന് എന്നും പഴങ്കഞ്ഞി മാത്രം. ബിരിയാണിയും ചിക്കൻ ഫ്രൈയും ഡ്യൂപ്ലിക്കേറ്റുകൾക്കും. കഷ്ടപ്പെട്ട് നമ്മൾ ഉണ്ടാക്കിയ കഥാപാത്രങ്ങളെ വല്ലവനും തട്ടിക്കൊണ്ടുപോകുമ്പോൾ സ്വന്തം മക്കളെ കൈവിട്ടുപോകുന്ന അമ്മയുടെ വേദനയാണ് തോന്നുക.

എന്റെ ടിന്റുമോനും ആമിനത്താത്തയുമൊന്നും ഇന്നെനിക്ക് സ്വന്തമല്ല. വർഷങ്ങൾക്ക് മുൻപ് ഞാൻ മിമിക്രി വേദികൾക്ക് വേണ്ടി ചോരയും നീരും കൊടുത്ത് രൂപപ്പെടുത്തിയ കഥാപാത്രങ്ങളാണ്. എന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ഞാൻ സൃഷ്ടിച്ചവർ.

അവരൊക്കെ ആരുടെയൊക്കെയോ സ്വന്തമായിക്കഴിഞ്ഞു… ആയിക്കോട്ടെ. സന്തോഷം. എങ്കിലും ആ കഥാപാത്രങ്ങളുടെയൊക്കെ പിതൃത്വം അവകാശപ്പെട്ട് മറ്റു പലരും ടെലിവിഷൻ ഷോകളിൽ വിളങ്ങിനിൽക്കുന്നത് കാണുമ്പോൾ യഥാർത്ഥ വാപ്പക്ക് സങ്കടം തോന്നില്ലേ?”

താൻ എഴുതിയുണ്ടാക്കി മലയാളികളെ വർഷങ്ങളോളം ചിരിപ്പിച്ച പ്രശസ്ത സ്‌കിറ്റുകൾ പോലും ചില്ലറ മാറ്റങ്ങളോടെ പലരും വേദിയിൽ അവതരിപ്പിച്ചു കയ്യടി നേടുന്നതിന് അബി തന്നെ സാക്ഷി. അത്തരം അവതാരകരിൽ ചിലർ മുന്നിൽ വന്ന് എങ്ങനെയുണ്ടായിരുന്നു ചേട്ടാ എന്റെ വർക്ക് എന്ന് നിർലജ്ജം ചോദിക്കുമ്പോൾ എന്ത് മറുപടി പറയണം എന്നറിയാതെ തരിച്ചുനിന്നു പോയിട്ടുണ്ട് അബി.

കൊള്ളാം മോനേ എന്ന് അവരെ ആശംസിച്ചു പറഞ്ഞു വിടുമ്പോൾ അബിയുടെ ഉള്ളിൽ തിളച്ചുമറിഞ്ഞിരിക്കാവുന്ന വികാരങ്ങൾ എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ഇന്നും പല മിമിക്രിക്കാരും സിനിമാ നടന്മാരെ വേദിയിൽ അവതരിപ്പിക്കുമ്പോൾ കേൾക്കുന്ന, നൂറ്റൊന്നാവർത്തിച്ചു പതം വന്ന ഡയലോഗുകൾ പലതും അബി പതിറ്റാണ്ടുകൾക്ക് മുന്നേ സൃഷ്ടിച്ചതാണെന്ന് എത്രപേർക്കറിയാം?

“പകർപ്പവകാശ നിയമം ബാധകമല്ലേ ഇതിനൊന്നും? കോപ്പിറൈറ്റ് കർശനമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാലമല്ലേ ?” — എന്റെ ചോദ്യം. “സുഹൃത്തേ, നാട്ടുകാരെ എങ്ങനേലും ഒന്ന് ചിരിപ്പിക്കാനുള്ള ബേജാറിൽ അതൊക്കെ ആരോർക്കുന്നു? പണ്ട് അതിനെ കുറിച്ചൊന്നും ചിന്തിച്ചില്ല.

അന്നന്നത്തെ വയറ്റുപ്പിഴപ്പായിരുന്നല്ലോ മുഖ്യം. ഇപ്പൊ അത് മുട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ആ ചിന്തയൊക്കെ വരുന്നത്. എന്റെയും കൊഴപ്പമാണെന്ന് കൂട്ടിക്കോളൂ..” തന്നിലേക്ക് തന്നെ നോക്കി ചിരിച്ചുകൊണ്ട് അബിയുടെ മറുപടി. “ഇടക്ക് തോന്നും വല്ല സർക്കാർ ജോലിയും ചെയ്ത് ജീവിച്ചാൽ പോരായിരുന്നോ എന്ന്. പെൻഷനും കിട്ടുമല്ലോ…”

വേദന തോന്നിയെന്നത് സത്യം. എന്റെ തലമുറയുടെ കൗമാര, യൗവന സ്മരണകളിലെ ദീപ്ത സാന്നിധ്യമായിരുന്നു സ്വയം ചിരിക്കാതെ തന്നെ നാട്ടുകാരെ ചിരിപ്പിച്ച ഈ സകലകലാവല്ലഭൻ. വെറും കോമഡി ഷോ ആയിരുന്നില്ല അബിയുടെ മിമിക്രി അവതരണം; സമൂഹത്തിലെ നെറികേടുകളോടുള്ള കലഹങ്ങൾ കൂടിയായിരുന്നു.

രാഷ്ട്രീയവും സാഹിത്യവും സിനിമയും സംഗീതവുമെല്ലാം ആഴത്തിൽ പഠിച്ച ഒരാൾക്കേ ആ മേഖലകളിലെ നന്മയും തിന്മയും തിരിച്ചറിയാൻ കഴിയൂ. അക്കാര്യത്തിൽ അദ്വിതീയനായിരുന്നു അബി. ഏതു മാധ്യമപ്രവർത്തകനെക്കാൾ `അപ് ടു ഡേറ്റ്.’ ഒരിക്കലും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചില്ല അബിയുടെ മിമിക്രി അവതരണങ്ങൾ.

വ്യക്തി വിമർശനങ്ങൾ വിഷലിപ്തമായ ആക്രമണങ്ങളുമായില്ല. ഇന്ന് ടെലിവിഷനിലും മെഗാ ഇവന്റ് വേദികളിലും എന്ത് വിലകൊടുത്തും ആളുകളെ ചിരിപ്പിക്കാൻ വേണ്ടി തരം താണ അശ്ലീലവും ദ്വയാർത്ഥ പ്രയോഗങ്ങളും നാണമില്ലാതെ എടുത്ത് അലക്കേണ്ടിവരുന്ന ചില മിമിക്രി കലാകാരന്മാരുടെ ഗതികേട് കാണുമ്പോൾ അറിയാതെ അബിയെ ഓർത്തുപോകുന്നു വീണ്ടും.

“മകനെ മിമിക്രിക്കാരനാക്കാൻ പ്രോത്സാഹിപ്പിക്കാത്തതിന്റെ കാരണം മനസ്സിലായി..” — സംഭാഷണം അവസാനിക്കും മുൻപ് ഞാൻ പറഞ്ഞു. ഫോണിന്റെ മറുതലയ്ക്കൽ വീണ്ടും പൊട്ടിച്ചിരി. “അയാൾക്ക് സിനിമയാണ് താൽപ്പര്യമെന്ന് പറയുന്നു.

അതൊക്കെ അയാളുടെ ഇഷ്ടം. ഏതു മേഖല തിരഞ്ഞടുത്താലും അവിടെ നമ്മൾ അനിവാര്യർ ആണെന്ന തോന്നൽ ഉണ്ടാക്കണം. നമുക്ക് പകരം നമ്മളേ ഉള്ളൂ എന്ന് തെളിയിക്കാൻ കഴിയണം. അല്ലാതെ വെറുതെ ജീവിതം ജീവിച്ചു തീർത്തിട്ട് എന്തു കാര്യം?” ചിരിയുടെ ചക്രവർത്തിയുടെ വാക്കുകളിൽ ഗൗരവം വന്നു നിറയുന്നു…

സിനിമയിൽ അനിവാര്യനാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് അബിയുടെ പ്രതിഭാശാലിയായ മകൻ ഷെയ്ൻ നിഗം. “ഇഷ്‌ക്” എന്ന സിനിമ അതിന്റെ ഏറ്റവും പുതിയ ഉദാഹരണം. ഏതോ വിദൂര ലോകത്തിരുന്ന് മകന്റെ വളർച്ച കണ്ട് നിർവൃതിയടയുന്നുണ്ടാവണം പ്രിയപ്പെട്ട അബി.