നിപ ഓർമ്മയിൽ നഴ്സ് ലിനിക്ക് ആദരമർപ്പിച്ച്‌ സഹപ്രവർത്തകർ. കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ലിനി അനുസ്മരണ ചടങ്ങ് നടന്നു. പി കെ ശ്രീമതി എം പി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

രോഗീ പരിചരണത്തിനിടെ നിപ വൈറസ് ബാധയേറ്റ് ജീവൻ നഷ്ടമായ നഴ്സ് ലിനിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് ഒരാണ്ട് പൂർത്തിയാകുന്ന വേളയിലാണ് സഹപ്രവർത്തകർ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.

കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജില്ലയിലെ നഴ്സുമാർ ഒത്തുചേർന്നു.

ലിനിയുടെ മക്കളായ സിദ്ധാർത്ഥ്, റിഥുൽ ഭർത്താവ് സജീഷ് എന്നിവർ ചടങ്ങിനെത്തി. പി കെ ശ്രീമതി എം പി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സിനിമാതാരം പാർവ്വതി മുഖ്യാതിഥിയായി. ലിനി അവസാനമായി എഴുതിയ കത്ത് ഓർമ്മപ്പെടുത്തിയാണ് സജീഷ് വേദന പങ്കുവെച്ചത്. നിപയെ അതിജീവിച്ച നഴ്സിംഗ് വിദ്യാർത്ഥിനി അജന്യ നിപ ഓർമ്മകൾ പങ്കുവെച്ചു.

കെജിഎൻഎ സംസ്ഥാന ജനറൽ സെക്രട്ടറി പി ഉഷാദേവി, ജില്ലാ ഭാരവാഹികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കേരള നഴ്സസ്‌ യൂണിയൻ കോഴിക്കോട് ജില്ല കമ്മിറ്റിയും ബേബി മെമ്മോറിയൽ കോളേജ് ഓഫ് നഴ്സിങ്ങും സംയുക്തമായി ലിനി അനുസ്മരണം സംഘടിപ്പിച്ചു. ഡോ. അനൂപ് കുമാർ അനുസ്മരണ സമ്മേളനം ഉദ്ഘടനം ചെയ്തു.