ഒരു യമണ്ടൻ പറ്റിക്കൽ കഥ; മലയാളി വ്യവസായിക്ക് രക്ഷയായത് മനസാന്നിധ്യം

മുംബൈ നഗരത്തിലും കബളിപ്പിക്കുന്നവരുടെയും പോക്കറ്റടിക്കാരുടെയും കഥകൾക്ക് പഞ്ഞമില്ല. ട്രെയിനിലും, ബസ്സ് സ്റ്റോപ്പിലും, പാർക്കിലും പിന്നെ മാളുകളിലുമായി കാലത്തിനൊത്ത് ഇവരുടെ രീതികളും മാറി വരുന്നു. ഒന്നുമില്ലാത്ത യാചക വേഷത്തിലും എല്ലാമറിയുന്ന ഓഹരി ബ്രോക്കറായും അവരെത്തുന്നു. ബാങ്കുകൾ നിലപാട് കടുപ്പിച്ചതോടെ വണ്ടി ചെക്കുകൾ നൽകി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.

മുംബൈയിലെ ഇൻഡസ്ട്രിയൽ കൺസ്ട്രക്ഷൻ രംഗത്തെ പ്രമുഖ സ്ഥാപനമായ യൂണിക്കോ ഇൻഫ്രാ എൻജിനീയേർസിന്റെ മാനേജിങ്ങ് ഡയറക്ടർ അജയകുമാറിനുണ്ടായ ഒരു അനുഭവമാണ് ഇത്രയും മുഖവുരയായി പറയാൻ കാരണം.

യൂണിക്കോ എൻജിനീയേർസിന്റെ കല്യാണിലെ ഓഫീസിലേക്ക് വന്ന ഫോൺ കോളിലൂടെയാണ് കഥയുടെ ചുരുൾ അഴിയുന്നത്. അജയന്റെ സെക്രട്ടറിയായിരുന്നു കാൾ അറ്റൻഡ് ചെയ്തത്. തന്റെ പേര് അമിത് ഷാ ആണെന്നും നാസിക്കിൽ നിന്നാണ് വിളിക്കുന്നതെന്നും പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ADELTE AIRPORT TECHNOLOGY INDIA LTD എന്ന കമ്പനിയിലെ പ്രൊജക്റ്റ് ഹെഡ് ആണെന്നും കൂടി പറഞ്ഞപ്പോൾ ബിസിനസ് കോൾ എന്ന നിലയിൽ കാര്യങ്ങൾ തിരക്കി. വെബ്‌സൈറ്റിൽ നിന്നാണ് യൂണിക്കോ എഞ്ചിനീയറിംഗ് കമ്പനിയെ കുറിച്ച് മനസ്സിലാക്കിയതെന്നും തനിക്കു ബോസിനോടാണ് സംസാരിക്കേണ്ടതെന്നും ഷാ ആവശ്യപ്പെട്ടു.

തുടർന്നാണ് അജയനുമായി അമിത്ഷാ ഫോണിലൂടെ സംസാരിക്കുന്നത്. ഇംഗ്ലീഷിൽ നന്നായി സംസാരിച്ച ഷാ നാസിക്കിലെ കമ്പനിയെ കുറിച്ചും പുതിയതായി തുടങ്ങാൻ പോകുന്ന പ്രൊജക്റ്റ്നെ കുറിച്ചും വിശദീകരിച്ചു. എയർപോർട്ടിൽ എയർ ബ്രിഡ്ജ് ഉണ്ടാക്കുന്ന സ്പാനിഷ് കമ്പനിയാണെന്നും നാസിക്കിൽ ഇതിനായി സ്ഥലം വാങ്ങിയിട്ടുണ്ടെന്നും പറഞ്ഞു. കമ്പനിയുടെ വെബ്സൈറ്റ് കണ്ടപ്പോൾ മതിപ്പ് തോന്നിയെന്നും അസ്സോസിയേറ്റ് ചെയ്യുവാൻ താല്പര്യമുണ്ടെന്നും ഷാ പറഞ്ഞു. അതിനായി ഉടനെയൊരു മീറ്റിങ്ങ് വേണമെന്നും അയാൾ ആവശ്യപ്പെട്ടു.

സിവിൽ എഞ്ചിനീയറിങ്ങിൽ നൈപുണ്യമുളവാക്കുന്ന ഷായുടെ വാക്കുകൾ വിശ്വസനീയമായി തോന്നിയെന്ന് അജയനും പറഞ്ഞു. താൻ ഇപ്പോൾ മുംബൈയിൽ ഉണ്ടെന്നും വേറൊരു മീറ്റിങ്ങിൽ പങ്കെടുത്തു വരുന്ന വഴി താനെയിലെ വിവിയാന മാളിൽ വെച്ച് കാണാമെന്നും അയാൾ പറഞ്ഞു. അങ്ങിനെയാണ് അജയൻ അമിത് ഷായെ കാണാനായി പിറ്റേ ദിവസം വിവിയാന മാളിലെ കഫെയിൽ എത്തുന്നത്.

കാണാൻ സുമുഖനും മാന്യനുമായി തോന്നിയ നാൽപതു വയസ്സിനോടടുത്ത പ്രായമുള്ള ചെറുപ്പക്കാരനായിരുന്നു ഷാ . പ്രൊജക്റ്റ്നെ കുറിച്ച് ഒരു സിവിൽ എഞ്ചിനീയറിന്റെ പാടവത്തോടെയാണ് അയാൾ സംസാരിച്ചത്. വലിയൊരു പ്രോജക്ടിന്റെ വാഗ്ദാനം നൽകിയും വർക്ക് ഓർഡർ ഓഫീസിലെത്തിയാലുടൻ മെയിൽ ചെയ്യാമെന്നും പറഞ്ഞതിന് ശേഷമാണ് അമിത്ഷാ വിസിറ്റിങ്ങ് കാർഡ് നൽകിയത്. ഇനിയാണ് കഥയുടെ ക്‌ളൈമാക്‌സ്.

താന്‍ ഇന്ന് വല്ലാത്ത മൂഡ് ഔട്ടിലാണെന്നും കയ്യിലുള്ള പൈസയും എടിഎം കാർഡും പേഴ്‌സുമെല്ലാം അറിയാതെ ഭാര്യയുടെ ബാഗിൽ അകപ്പെട്ടുപോയെന്നു പറഞ്ഞാണ് അയാൾ അഭിനയം തുടങ്ങിയത്. ഭാര്യ ഗുജറാത്തിലേക്കു പോയെന്നും കൂടി പറയുന്നത് കേൾക്കുമ്പോൾ അറിയാതെ വിശ്വസിച്ചുപോകും. കമ്പനി ആവശ്യത്തിന് അത്യാവശ്യമായി ഒരു ലക്ഷം രൂപ വേണം. ഞായറാഴ്ച ഓഫീസ് അവധിയായതിനാൽ ഒന്നും ചെയ്യാനും കഴിയില്ല. ആദ്യം അജയൻ ഇയാളുടെ അവസ്ഥ വിശ്വസിച്ചുവെങ്കിലും സംസാരത്തിനിടെ വാട്ട് സാപ്പിൽ മകന് വിസിറ്റിങ്ങ് കാർഡിന്റെ കോപ്പി അയച്ചു കൊടുത്തിട്ട് അന്വേഷിക്കാൻ ആവശ്യപ്പെട്ടു.


ബിസിനസ് കാർഡിലെ വിവരങ്ങൾ നോക്കിയപ്പോഴാണ് അതിലുള്ള ഫോൺ നമ്പറുകളൊന്നും നിലവിലില്ലെന്ന് മനസിലായത്. ബാർസിലോണ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു എഞ്ചിനീയറിംഗ് കമ്പനിയുടെ പേരും വെബ്സൈറ്റുമാണ് നല്കിയിരിക്കുന്നത്. എങ്കിലും കാർഡിലുള്ള അഡ്രസ്, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ വ്യാജമാണെന്ന് മനസിലായതോടെയാണ് അജയന് ഇതു തട്ടിപ്പാണെന്ന തിരിച്ചറിവുണ്ടായത്. തന്റെ കയ്യിൽ ഇപ്പോൾ ഇത്രയും പൈസയില്ലെന്നും കൂട്ടുകാരനെ വിളിക്കാമെന്നും അജയൻ പറഞ്ഞതോടെ വാഷ്‌റൂമിൽ പോയി വരാമെന്ന് പറഞ്ഞു ഷാ എണീറ്റ് പോയെങ്കിലും പിന്നെ തിരിച്ചു വന്നില്ല. അതോടെ അയാളുടെ ഫോണും സ്വിച്ച് ഓഫായി.

ഇത്തരം തട്ടിപ്പിൽ ഇനിയാരും അകപ്പെടരുതെന്ന ആഗ്രഹം കൊണ്ടാണ് അമളി വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ വ്യവസായികളെയാണ് പലരും നോട്ടമിട്ടിരിക്കുന്നതെന്നും അജയൻ മുന്നറിയിപ്പ് നൽകി.

പല തട്ടിപ്പുകളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇങ്ങിനെയൊരനുഭവം ആദ്യമായിട്ടാണെന്നാണ് അജയൻ പറഞ്ഞത്. “അതെങ്ങിനെ ജീവിതത്തിൽ ആദ്യമായിട്ടാണ് കോട്ടും സൂട്ടും ടൈയും ലാപ്ടോപ്പുമായൊരു തട്ടിപ്പുകാരൻ വന്നിറങ്ങുന്നത് കാണുന്നത്!!” കിലുക്കത്തിലെ മോഹൻലാലിന്റെ ഡയലോഗിനെ ഓർമിപ്പിച്ചു കൊണ്ട് അജയൻ കൂട്ടിച്ചേർത്തു. ഇത് നല്ല സ്റ്റൈലൻ കള്ളൻ !!

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here