രാഷ്‌ട്രീയത്തിൽ ഇരു ദ്രുവങ്ങളിലായിട്ടും കെഎസ്‌യു നേതാവിനുവേണ്ടി സഹായം അഭ്യർത്ഥിക്കുകയാണ്‌ എസ്‌എഫ്‌ഐ. ഇരുവൃക്കകളും തകരാറിലായ കെഎസ്‌യു നേതാവിനെ ജീവിതത്തിലേക്കു തിരികെയെത്തിക്കാന്‍ കൈകോർത്തിരിക്കുകയാണ് ഇരു സംഘടനകളും. ചികിത്സക്കായി സഹായ ധനം സമാഹിരുക്കുന്നതുൾപ്പെടെ കെഎസ്‌യുക്കാര്‍ക്കൊപ്പം ഇതിനുള്ള സജീവ ശ്രമത്തിലാണ് എസ്എഫ്‌ഐയും.

ജവഹര്‍ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയര്‍മാനും കെഎസ്‌യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തില്‍ പടീറ്റതില്‍ മുഹമ്മദ് റാഫിയുടെ ചികിത്സയ്ക്കാണ് എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയും കൊല്ലം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും ഫെയ്‌സ്ബുക്കിലൂടെ സഹായം അഭ്യര്‍ഥിച്ചത്. വൃക്ക നല്‍കാന്‍ ആദ്യം സന്നദ്ധത അറിയിച്ചെത്തിയതും മുന്‍ എസ്എഫ്‌ഐ നേതാവായിരുന്നു.

കായംകുളം എംഎസ്എം കോളജിലെ എസ്എഫ്‌ഐ മുന്‍ ചെയര്‍മാന്‍ ഇ ഷാനവാസ് ഖാനാണ് റാഫിക്കു തന്റെ വൃക്ക നല്‍കാൻ സന്നദ്ധനാണെന്ന് അറിയിച്ചത്. ഷാനവാസിന് പുറമെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശി രഞ്ജിത്തും തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അജുവും വൃക്കദാനത്തിനു സമ്മതം അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് ശസ്ത്രക്രിയക്കും ചികിത്സയ്ക്കുമായുള്ള പണം കണ്ടെത്താൻ ഫേയ്‌സ്ബുക്കിലെ അഭ്യര്‍ഥനയുമായി എസ്എഫ്ഐ മുന്നിട്ടിറങ്ങിയത്. ഇതിന് പുറമെ നേരിട്ടു പണം കണ്ടെത്താനും ശ്രമങ്ങളും തുടങ്ങിയെന്ന് എസ്എഫ്‌ഐ കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി എസ് സന്ദീപ്‌ലാല്‍ പറയുന്നു.‌‌

വാടകവീട്ടിൽ താമസിക്കുന്ന റാഫിയുടെയും കുടുബത്തിന്റെയും ആകെ വരുമാനം വീട്ടുജോലിക്കു പോകുന്ന ഉമ്മ റയിഹാനത്തിന്റേതാണ്. ഈ സാഹചര്യത്തിലാണ് സഹപ്രവർത്തനായി രാഷ്ട്രീയം മറന്ന് വിദ്യാർത്ഥി സംഘടനകൾ ഒരുമിച്ചത്.‌‌‌‌

മുഹമ്മദ്‌ റാഫിയുടെ അക്കൗണ്ട്‌ വിവരങ്ങൾ:

Muhammed Rafi
Federal Bank
Branch Kayamkulam
Account Number : 10540100300824
IFSC Code : FDRL0001054