റമദാനിലെ പുണ്യ നാളുകളിൽ നാട്ടികയിൽ എം എ യൂസഫലി നിർമ്മിച്ച് നൽകിയ പള്ളിയിലേക്ക് തീർത്ഥാടന പ്രവാഹം.

റമദാനിലെ പുണ്യ നാളുകളിൽ തൃശൂർ നാട്ടികയിലെ മുഹയുദ്ദീന്‍ ജുമാമസ്ജിദിലേക്ക് നോമ്പ് തുറക്കാനും ഒപ്പം പള്ളിയുടെ മനോഹാരിത കണ്ട് ആസ്വദിക്കാനും മറ്റ് ജില്ലകളിൽ നിന്ന് ഉൾപ്പെടെ ആയിരത്തിലധികം പേരാണ് എത്തുന്നത്.

500 വർഷത്തോളം പഴക്കമുണ്ടായിരുന്ന ഈ പള്ളിയെ അറേബ്യൻ നിർമ്മാണ ശൈലിയിൽ വിദേശ പള്ളികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മാറ്റി പണിതത് ആഗോള വ്യവസായി എം.എ യൂസഫലി ആണ്.

മനോഹരമായ മാർബിൾ സൗധങ്ങളെ അനുസ്മരിപ്പിക്കുന്നതാണു പുതുക്കിയ മുഹ്‌യുദ്ദീൻ ജുമാമസ്ജിദ്.നാട്ടിക കടൽ തീരത്തോട് ചേർന്നുള്ള ഈ പള്ളി 500 വർഷം മുൻപു പരപ്പനങ്ങാടിയിൽ നിന്നെത്തിയ വ്യാപാരികൾ ആരാധനയ്ക്കായി പണി കഴിപ്പിച്ചതാണ്. അന്നു തിരുവിതാംകൂറിനും കോഴിക്കോടിനും ഇടയിലുള്ള വ്യാപര ഇടകേന്ദ്രങ്ങളിൽ ഒന്നായിരുന്നു നാട്ടിക.

700 ൽ അധികം കുടുംബങ്ങള്‍ പ്രാര്‍ഥനയ്ക്കു എത്തുന്ന പള്ളിയിൽ പ്രാർത്ഥനയ്ക്ക് സ്ഥലം തികയാതെ വന്നതോടെയാണ് പള്ളി പുതുക്കി പണിയാന്‍ മഹല്ല് കമ്മിറ്റി തീരുമാനിച്ചത്. വ്യവസായി എം.എ.യൂസഫലിയുടെ ജന്‍മനാട്ടിലെ പള്ളി കൂടിയായ നാട്ടിക പള്ളി പുതുക്കി പണിയുന്ന കാര്യത്തില്‍ മഹൽ കമ്മറ്റി അദ്ദേഹത്തിന്‍റെ അഭിപ്രായവും തേടി.പള്ളി സൗജന്യമായി പണിതു തരാമെന്നായിരുന്നു യൂസഫലിയുടെ മറുപടി.

1500 പേര്‍ക്ക് ഒരേസമയം പള്ളിയിൽ നിസ്ക്കരിക്കാൻ ആകും. യൂസഫലിയുടെ ഉറ്റവരുടെ കബറസ്ഥാന്‍ ഈ പള്ളി വളപ്പിലാണ്. പൂര്‍വികരുടെ ഓര്‍മകളെ സാക്ഷിനിര്‍ത്തി പള്ളി നിര്‍മിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണ് യൂസഫലിയും.

ഈ നോമ്പ് കാലത്ത് നാട്ടികയിലെ പള്ളി കാണാനും നോമ്പ് തുറക്കാനുമായി ആയിരങ്ങളാണ് നാട്ടികയിലേക്ക് എത്തുന്നത്.

പൂര്‍ണമായും പ്രകൃതി സൗഹൃദമായാണ് പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മഴവെള്ളം പുറത്തേക്ക് ഒഴുകിപോകാതെ പള്ളിയോട് ചേർന്നുള്ള കുളത്തില്‍ തന്നെ വന്നു ചേരും.\