കോട്ടയം നഗരത്തിലെ നാഗമ്പടം പഴയ റെയിൽവെ മേൽപ്പാലം 25 ന് മുറിച്ച് മാറ്റിയേക്കും. പാലത്തിന്റെ കോൺക്രീറ്റ് കഷണങ്ങളാക്കി മുറിച്ച് മാറ്റാണ് റെയിൽവെ അധികൃതരുടെ തീരുമാനം. ഇതോടനുബന്ധിച്ച് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് ശനിയാഴ്ച്ച നിയന്ത്രണം ഏർപ്പെടുത്തും.

നിയന്ത്രിത സ്ഫോടനത്തിലൂടെ നാഗമ്പടം മേൽപ്പാലം പൊളിയ്ക്കാൻ രണ്ടു തവണ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കട്ടർ ഉപയോഗിച്ച് കോൺക്രീറ്റ് മുറിച്ച് കഷണങ്ങളാക്കി ക്രെയിൻ ഉപയോഗിച്ച് നീക്കാൻ തീരുമാനിച്ചിട്ടുള്ളത്. പാലത്തിന്റെ സ്ലാബിന് മുകളിലുള്ള കോൺക്രീറ്റ് പാളികൾ നീക്കുന്ന ജോലികൾ നിലവിൽ പൂർത്തിയായി. സ്റ്റീൽ ഗ്രിപ്പ് ഉപയോഗിച്ച് താങ്ങ് നൽകിയ ശേഷമാകും കോൺക്രീറ്റ് മുറിക്കുക.

പാലം പൊളിക്കുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ശനിയാഴ്ച്ച താരതമ്യേന ട്രെയിൻ സർവീസിന്റെ എണ്ണം കുറവായതിനാലാണ് മുറിച്ചു മാറ്റൽ 25 ന് നിശ്ചയിച്ചിരിക്കുന്നത്.