കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ തൂങ്ങിമരണം; 2 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മണർകാട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത യുവാവ് ശുചിമുറിയിൽ തൂങ്ങി മരിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മണർകാട് പോലീസ് സ്റ്റേഷനിലെ പാറാവ് ചുമതലയിലുണ്ടായിരുന്ന സി പി ഒ: സെബാസ്റ്റ്യൻ വർഗീസ്, ജി ഡി ചാർജ് എഎസ്ഐ: പ്രസാദ് എന്നിവരെയാണ് ആണ് സസ്പെൻഡ് ചെയ്തത്. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ബന്ധുക്കളുടെ പരാതിയിൽ തിങ്കളാഴ്ച്ച രാത്രി കസ്റ്റഡിയിലെടുത്ത നവാസിനെ ചൊവ്വാഴ്ച്ച രാവിലെയാണ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നവാസിനെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ
പാറാവ് ചുമതലയിലുണ്ടായിരുന്ന സി പി ഒ: സെബാസ്റ്റ്യൻ വർഗീസ്, ജി ഡി ചാർജ് എഎസ്ഐ: പ്രസാദ് എന്നിവർക്ക് ശ്രദ്ധക്കുറവുണ്ടായി.

ജിഡി ചാർജ് കാരനും പാറാവുകാരനും കസ്റ്റഡിയിൽ എടുത്ത പ്രതിയുടെ സുരക്ഷ ഒരുക്കിയില്ല. ജിഡി ചാർജ് കാരൻ പ്രതിയുടെ വിവരങ്ങൾ പാറാവ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയില്ല. പാറാവ് ചുമതലയുള്ള ഉദ്യോഗസ്ഥൻ പ്രതിയെ ശ്രദ്ധിച്ചില്ല എന്നതടക്കമുള്ള ഗുരുതര വീഴ്ചകൾ പരാമർശിക്കുന്ന റിപ്പോർട്ടാണ് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈഎസ്പി, കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് സമർപ്പിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം എസ് പി രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. നവാസിന്റെ മരണത്തിൽ ഡി.സി.ആർ.ബി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലും മജിസ്‌ട്രേറ്റ് തലത്തിലും അന്വേഷണവും നടക്കും.

മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here