വിവിപാറ്റുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഫല സൂചനകള്‍ പുറത്തുവരാന്‍ വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ ഫലസൂചന വരാന്‍ വൈകും. അന്തിമ ഫലപ്രഖ്യാപനം നടത്താന്‍ 3 ദിവസത്തോളം കാലതാമസവും ഉണ്ടാകും. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം.

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം നല്‍കി. ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണി പൂര്‍ത്തിയായ ശേഷമാകും വിവിപാറ്റുകള്‍ എണ്ണുക. വിവിപാറ്റ് എണ്ണിയ റിപ്പോര്‍ട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ വഴി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാറണം.

പിഴവുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. കൗണ്ടിംഗ് ഏജന്റുമാര്‍ ഇവിഎം സീരിയല്‍ നമ്പര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം എന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ അപലപിച്ചു.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിന് എതിരെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കില്ല. ജനങ്ങളുടെ കോടതി വിധി നാളെ വരുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.