മോദി ഭരണം ജനവിരുദ്ധമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ക‍ഴിഞ്ഞു; ഗുണം ലഭിച്ചത് കോണ്‍ഗ്രസിന്; തിരിച്ചടി പരിശോധിക്കും: കോടിയേരി ബാലകൃഷ്ണന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനുണ്ടായ തിരിച്ചടി പാര്‍ടിയും എല്‍ ഡി എഫും പരിശോധിക്കും. എന്തെങ്കിലും തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കിൽ അവ തിരുത്തി മുന്നോട്ടു പോകും.

ബിജെപി ഭരണം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താനുതകുന്ന പ്രചരണമാണ് എല്‍ ഡി എഫ് പ്രധാനമായും നടത്തിയത്. അതിന്റെ ഗുണം യു ഡി എഫിന് അനുകൂലമായി വരികയാണ് ചെയ്തത്. മോഡി, ഭരണത്തില്‍ നിന്ന് ഒഴിവാകണമെന്ന് ആഗ്രഹിക്കുന്ന നിരവധിപേര്‍ യു ഡി എഫിന് വോട്ട് ചെയ്തു.

2004ല്‍ എല്‍ ഡി എഫിനൊപ്പം ഉണ്ടായിരുന്ന തരംഗം ഇത്തവണ യു ഡി എഫിന് അനുകൂലമായി. ന്യൂനപക്ഷവോട്ടുകള്‍ ഗണ്യമായി സ്വാധീനിക്കാന്‍ യു ഡി എഫിനായി. സംഘടനാപരമായി എന്തെങ്കിലും പ്രശ്‌നം എല്‍ ഡി എഫിനെ ബാധിച്ചതായി പറയാനാകില്ല. തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറ്റ് വിശദാംശങ്ങളെല്ലാം മണ്ഡലം-ബൂത്ത് അടിസ്ഥാനത്തില്‍ പരിശോധിക്കും.

എല്‍ ഡി എഫിനുണ്ടായ ഈ പരാജയം താല്‍കാലികം മാത്രമാണ്. ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും. മുന്‍പും ഇടതുപക്ഷം തോല്‍വി നേരിട്ടിട്ടുണ്ട്. പിന്നീട് ശക്തമായി തിരിച്ചു വന്നിട്ടുമുണ്ട്. ഈ പരാജയത്തിന്റെ ആഴം മനസ്സിലാക്കി ജനങ്ങളിലേക്ക് കൂടുതൽ ഇഴുകിചേർന്നു കൊണ്ട് ഞങ്ങൾ മുന്നോട്ടു പോകും.

കേരളത്തിലെ ജനങ്ങള്‍ ബി ജെ പിയുടെ രാഷ്ട്രീയം അംഗീകരിക്കുന്നവരല്ല. അതിനാലാണ് ഇവിടെ ഒരുസീറ്റും നേടാന്‍ ബി ജെ പിക്ക് കഴിയാതെ പോയത്.

ദേശീയതലത്തിലെ സംഭവങ്ങളാണ് പ്രധാനമായും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തില്‍ സന്തോഷിക്കുന്നവരല്ല ഇടതുപക്ഷം.

ദേശീയ തലത്തിൽ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും അഭിമാനിക്കാവുന്ന സാഹചര്യമല്ല. ഈ വസ്തുതകളെല്ലാം വിലയിരുത്തി, തെറ്റുകൾ തിരുത്തി, കൂടുതൽ ശക്തിയോടെ മുന്നോട്ടു പോകാൻ ഇടതുപക്ഷം തയ്യാറാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News