കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും പുന്നപ്ര വയലാറിന്റെ മണ്ണില്‍ കോണ്‍ഗ്രസിനു അടിതെറ്റി.

കെസി വേണുഗോപാലിന്റെ സിറ്റിംഗ് സീറ്റായ ആലപ്പുഴയില്‍ മത്സരിച്ച കോണ്‍ഗ്രസിന്റെ മഹിളാ നേതാവായ ഷാനിമോള്‍ ഉസ്മാനെ തകര്‍ത്ത് ആരീഫ് മണ്ഡലം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ചാണ് ആലപ്പുഴയിലെ വിജയം.

കേരളത്തിന്റെ വിപ്ലവനായിക കെആര്‍ ഗൗരിയമ്മയെ പരാജയപെടുത്തി നിയമസഭയിലെത്തിയ ആരിഫിനെ പരാജയപ്പെടുത്താന്‍ പീന്നീട് കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല.

അങ്ങനെ 3 തവണ അരൂരില്‍ നിന്ന് നിയമസഭയിലെത്തിയ ആരീഫിനെ പിന്നീട് ഇറക്കിയത് യുഡിഎഫിന്റെ കുത്തക സീറ്റായ ആലപ്പുഴ ലോക്‌സഭാ മണ്ഡലം പിടിക്കാനായിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ കെസി വേണുഗോപാല്‍ പിന്‍മാറിയതിനെ തുടര്‍ന്നു ഷാനിമോള്‍ എത്തി.

പ്രചരണരംഗത്ത് ഏറെ പിന്നില്‍ പോയ ഷാനിമോള്‍ കൗണ്ടിംഗില്‍ ആദ്യ രണ്ട് റൗണ്ട് ഷാനിമോള്‍ക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചെങ്കിലും പിന്നീട് ആരീഫിന്റെ ലീഡ് വര്‍ദ്ധിച്ചു. അങ്ങനെ ചെന്നിത്തല ജയിച്ച ഹരിപ്പാട് മണ്ഡലത്തിലടക്കം ഭൂരിപക്ഷം നേടികൊണ്ട് ആരിഫ് വിജയക്കൊടി പാറിച്ചു.

സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസില്‍ മന്ത്രി ജി സുധാകരനും മറ്റ് നേതാക്കള്‍ക്കും ഒപ്പം വിജയം ആഘോഷിച്ച ശേഷമാണ് ആരിഫ് മണ്ഡലത്തിലെ കൗണ്ടിംഗ് സെന്ററിലും എത്തിയത്. കൗണ്ടിംഗ് സെന്ററിലെ പ്രവര്‍ത്തകര്‍ക്ക് നന്ദി പ്രകടിപ്പിച്ച ശേഷമാണ് ആഹ്‌ളാദ പ്രകടനങ്ങള്‍ നടന്നത്.