കുടുംബവാഴ്ചയുടെ കാല്‍ക്കീഴില്‍ തുടര്‍പരാജയങ്ങളുടെ കൈപ്പ് നീര് കുടിക്കുകയാണ് കോണ്‍ഗ്രസ്.

സോണിയഗാന്ധി, രാഹുല്‍ ഗാന്ധി ഒടുവില്‍ പ്രിയങ്കയും വന്നെങ്കിലും തകര്‍ച്ചയ്ക്ക് മാത്രം മാറ്റമില്ല. അധ്യക്ഷ പദവിയില്‍ നിന്ന് രാഹുല്‍ കൂടി രാജിയായാല്‍ ഗാന്ധി കുടുംബത്തിനപ്പുറം ഒരു നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് പ്രയാസം.

”മതേതര ഇന്ത്യയെന്ന ആശയത്തെ ഈ തെരഞ്ഞെടുപ്പിലെങ്കിലും രക്ഷിക്കാനായില്ലെങ്കില്‍ കോണ്‍ഗ്രസ് നിര്‍ബന്ധമായും മരിക്കാന്‍ തയ്യാറകണം”. സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്രയാദവിന്റെ വാക്കുകളായിരുന്നു ഇത്.

മതേതര ഇന്ത്യയ്ക്ക് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ എന്ത് സംഭാവന ചെയ്തു എന്നത് മാറ്റിനിര്‍ത്താം.

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് ഗാന്ധി കുടുംബം കോണ്‍ഗ്രസിനെ പെടുമരണത്തിലേക്ക് തള്ളിവിടുന്നുവെന്ന സാക്ഷ്യപ്പെടുത്തലാണ് 2019 പൊതു തെരഞ്ഞെടുപ്പ്.

മന്‍മോഹന്‍ സിംഗിനെ പിന്നില്‍ നിര്‍ത്തി പത്ത് കൊല്ലം ഭരിച്ച സോണിയാഗാന്ധി താഴെത്തട്ടില്‍ സംഘടനാ സംവിധാനം പൂര്‍ണമായും തകര്‍ന്ന നിലയില്‍ പാര്‍ട്ടിയെ മകന് കൈമാറി.

2014ല്‍ സമ്പൂര്‍ണ പരാജയം. പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നുവെന്ന് രാഹുല്‍ ആദ്യം തോന്നിപ്പിച്ചത് 2018ല്‍ 5 നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തോടെ. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വന്നതോടെ ചിത്രം മാറി. അടിയൊഴുക്കറിയാതെ ഗബ്ബര്‍ സിംഗ് ടാക്സ്, റഫാല്‍ എന്നിവ ഉരുവിട്ടുകൊണ്ടേ ഇരുന്നു.

പാവങ്ങള്‍ക്ക് വേണ്ടി എന്ന് പറഞ്ഞ് പ്രകടനപത്രികയില്‍ അവതരിപ്പിച്ച ന്യായ് പദ്ധതിയെപ്പറ്റി മോദിക്കെതിരെ മാത്രം കേന്ദ്രീകരിച്ച ക്യാപയിനിടെ രാഹുല്‍ പറയാന്‍ മറന്നു.കേരളത്തില്‍ മത്സരിച്ച് പ്രതിപക്ഷ ഐക്യം എന്ന സന്ദേശത്തിന് നല്‍കിയ മുറിവ് ചെറുതല്ല. എതിരാളികള്‍ക്ക് വടികൊടുത്ത് അടിവാങ്ങുകയായിരുന്നു രാഹുല്‍.

മുസ്ലീം ഭൂരിപക്ഷപ്രദേശത്തേക്ക് പോയി എന്ന ബിജെപി പ്രചരണം ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളിലുണ്ടാക്കിയ തിരിച്ചടി ചെറുതല്ല. രാഹുല്‍ മത്സരിച്ചാല്‍ ദക്ഷിണേന്ത്യ മുഴുവന്‍ കൂടെപ്പോരുമെന്ന വാദവും കര്‍ണാടകയിലെയും ആന്ധ്രയിലെയും പ്രകടനത്തോടെ പൊളിഞ്ഞു.

ഇന്ദിരയുടെ പുനര്‍ജന്മം എന്ന് പറഞ്ഞ് ചുമതലയേറ്റ പ്രിയങ്ക ഗാന്ധി ബിജെപിക്കെതിരായ പോരാട്ടത്തിനെന്ന് പറഞ്ഞ് പോയത് എസ്പി ബിഎസ്പി സ്വാധീന സംസ്ഥാനമായ യുപിയില്‍.

ബിജെപിയുമായി നേര്‍ക്ക് നേര്‍ പോരാട്ടം നടത്തുന്ന സംസ്ഥാനത്തിന്റെ ചുമതല നല്‍കാന്‍ സഹോദരന്‍ രാഹുലും അത് ചോദിച്ചു വാങ്ങാന്‍ പ്രിയങ്കയും മറന്നു.യുപിക്ക് പുറത്ത് പ്രിയങ്ക പ്രചരണം നടത്തിയ 12 മണ്ഡലങ്ങളില്‍ 11ലും കോണ്‍ഗ്രസ് തോറ്റു.

സഖ്യങ്ങള്‍ പോലും ഇല്ലാതെ വിജയിച്ചു കയാറാമെന്ന അമിത ആത്മ വിശ്വാസം. രാജ്യത്തെ ഏറ്റവും പാരമ്പര്യം ഉള്ള പാര്‍ട്ടിയെന്ന വല്യേട്ടന്‍ ധാര്‍ഷ്ട്യം. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും തഴമ്പില്‍ തടവിയിരുന്ന ഗാന്ധി കുടുംബത്തിന്റെ ദയനീയ പരാജയത്തില്‍ നിന്ന് കൂടിയാണ് എതിരാളികളുടെ വിജയം.

ഗാന്ധി കുടുംബമെന്ന അച്ചുതണ്ടിന്റെ എല്ലാ തന്ത്രങ്ങളും പാളുമ്പോള്‍ ചോദ്യം ഇനിയാര്. അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുല്‍ രാജിയായാല്‍ പ്രിയങ്ക അല്ലാതെ മറ്റൊരാളെ എത്തിക്കാന്‍ മാത്രമുള്ള കരുത്ത് കോണ്‍ഗ്രസിലെ രണ്ടാം കിട നേതാക്കള്‍ക്ക് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അശോക് ഗെഹ്ലോട്ട്, ഗുലാം നബി ആസാദ്, കമല്‍നാഥ്, പി ചിദംബരം ഈ തെരഞ്ഞെടുപ്പില്‍ ഏറ്റെടുത്ത ചുമതലകള്‍ എല്ലാം പാളിയവര്‍. പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെടാന്‍ മാത്രമുള്ള ശേഷി ഇവര്‍ക്കുണ്ടെന്ന് ഇപ്പോള്‍ കരുതുക അതിശയോക്തി മാത്രം