മുത്തച്ഛനെ ലോക്സഭയിലെത്തിക്കാമെന്ന് ഗൗഡയുടെ ചെറുമകന്‍; വിജയിച്ച് 24 മണിക്കൂറിന് മുന്നേ രാജിപ്രഖ്യാപനം

ലോക്‌സഭയിലേക്ക് വിജയിച്ച് 24 മണിക്കൂര്‍ മുമ്പേ രാജി പ്രഖ്യാപിച്ച് കര്‍ണാടകയിലെ ജനതാദളിന്‍റെ ഏക എംപിയായ പ്രജ്വല്‍ രേവണ്ണ. തുമകുരുവില്‍ പരാജയപ്പെട്ട മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡയെ ലോക്സഭയിലെത്തിക്കാന്‍ വേണ്ടിയാണ് പ്രജ്വല്‍ രേവണ്ണ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഹാസനില്‍ 1,41,324 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു പ്രജ്വലിന്‍റെ വിജയം. ദേവഗൗഡയുടെ മകനും കര്‍ണാടക മന്ത്രിയുമായ എച്ച് ഡി രേവണ്ണയുടെ മകനാണ് പ്രജ്വല്‍.

ഹാസനില്‍ പ്രജ്വലിന്‍റെ പ്രചാരണത്തിനിടെ ദേവഗൗഡ കരഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. വര്‍ഷങ്ങളായി വിജയിച്ചിരുന്ന ഹാസന്‍ സീറ്റ് കൊച്ചുമകന് വിട്ടുകൊടുത്താണ് ദേവഗൗഡ ഇത്തവണ തുമകുരുവില്‍ മത്സരിച്ചത്. ബിജെപിയുടെ ബസവരാജിനോട് 13,339 വോട്ടിനാണ് ഗൗഡ പരാജയപ്പെട്ടത്.

ഗൗഡയ്ക്ക് പുറമെ മറ്റൊരു ചെറുമകനായ നിഖില്‍ കുമാരസ്വാമിയും ഈ തെരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. ദേവഗൗഡയുടെ മകനും മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖില്‍ മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുമലതയോടാണ് പരാജയപ്പെട്ടത്.

ദേവഗൗഡ ലോക്സഭിയിലെത്തണമെന്ന് സ്ഥാനത്തെ ജനങ്ങളും ജെഡിഎസ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ടെന്ന് പ്രജ്വല്‍ രേവണ്ണ ബംഗളുരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹാസനിലെ ജനങ്ങളും അതാഗ്രഹിക്കുന്നുന്നു. അതുകൊണ്ടാണ് ഞാന്‍ രാജിവെക്കാന്‍ തീരുമാനിച്ചത്.

ഹാസനില്‍ നിന്ന് ദേവഗൗഡ വീണ്ടും ജയിച്ച് പാര്‍ലമെന്‍റിലെത്തുമെന്നും പ്രജ്വല്‍  പറഞ്ഞു. താന്‍ രാജിവെക്കുന്നതിന് പിന്നില്‍ കുടുംബത്തില്‍ നിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദം ഇല്ലെന്നും മുത്തശ്ഛനെ പാര്‍ലമെന്‍റിലെത്തിക്കുന്നതിന് മാത്രമാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.

രാജിക്ക് മുമ്പ് ദേവഗൗഡ, മുഖ്യമന്ത്രി കുമാരസ്വാമി, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരടക്കമുള്ളവരെ കാണുമെന്ന് പ്രജ്വല്‍ അറിയിച്ചു. കര്‍ണാടകത്തില്‍ ബിജെപിക്കെതിരെ സഖ്യമായി മത്സരിച്ച കോണ്‍ഗ്രസിനും ജെഡിഎസിനും ഓരോ സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. സംസ്ഥാനത്തെ 28ല്‍ 26 സീറ്റുകളും ബി ജെ പിക്കാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here