കേരളത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ജനസംഖ്യാ ചേരുവയാണ്. 45% ന്യൂനപക്ഷങ്ങള്‍ ഇവിടെയുണ്ട്. അവരുടെ വോട്ടാണ് ഇത്തവണ കേരളത്തില്‍ വിധി നിര്‍ണ്ണയിച്ചത്.

ഇന്ത്യയെ വിഭജിക്കുന്ന, ന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തുന്ന മോദി സര്‍ക്കാര്‍ തിരിച്ചുവരരുതെന്ന് അവര്‍ ആഗ്രഹിച്ചു. അതു തടയാന്‍ യുഡിഎഫിന് വോട്ടു ചെയ്തു. ആ വോട്ട് പാഴായി. കൂടുതല്‍ കരുത്തോടെ മോദി തിരിച്ചുവന്നു.

ആര്‍ക്കാണോ അവര്‍ വോട്ടു ചെയ്തത്, ആ കോണ്‍ഗ്രസ് തന്നെയാണ് മോദിയുടെ തിരിച്ചുവരവിന് ഉത്തരവാദി. മോദിയുടെ തിരിച്ചുവരവു തടയാന്‍ കഴിയുന്ന രാഷ്ട്രീയതന്ത്രവും കൂട്ടുകെട്ടുകളുമുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ല.

തെരഞ്ഞെടുപ്പിനു മുമ്പും ഇതു പകല്‍ പോലെ വ്യക്തമായിരുന്നു. കേരളത്തിലെ ന്യൂനപക്ഷം ഇതു തിരിച്ചറിയാതെ പോയത് അവര്‍ ഒരു ആസൂത്രിതപ്രചാരണത്തിന്റെ ഇരകളായിപ്പോയതുകൊണ്ടാണ്.

കോര്‍പ്പറേറ്റ് മാധ്യമങ്ങളും ഇടതുപക്ഷവിരുദ്ധ വ്യക്തിത്വങ്ങളുമാണ് ന്യൂനപക്ഷങ്ങളെ വഴിതെറ്റിച്ചത്.

മോദിയുടെ തിരിച്ചുവരവു തടയാനുള്ള രാഷ്ട്രീയ ഉള്‍ക്കാഴ്ചയും നേതൃശേഷിയുമില്ലാത്ത രാഹുല്‍ – പ്രിയങ്ക സഹോദരങ്ങള്‍ കേരളത്തില്‍ അതിമാനുഷരായി അവതരിപ്പിക്കപ്പെട്ടു. അവരുടെ ഉടുപ്പും നടപ്പും രൂപവും ഭാവവും മഹത്വവത്കരിക്കപ്പെട്ടു.

അവരുടെ വരവും പോക്കും യോഗങ്ങളും പ്രസംഗങ്ങളും മഹാസംഭവങ്ങളായി ചിത്രീകരിക്കപ്പെട്ടു. ആ കെണിയില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ വീണുപോയി.

മെയ് 23നു പുറത്തു വന്ന ഇന്ത്യന്‍ ജനവിധിയുടെ വിശകലന വേളയില്‍, ‘കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ വഞ്ചിതരായി’ എന്നതും ചര്‍ച്ചയാവുകയാണ്.