മലപ്പുറം ജില്ലയില്‍ എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടികളുടെ വോട്ടുകള്‍ യു ഡി എഫിന് ലഭിച്ചതും ന്യൂനപക്ഷ ഏകീകരണവുമാണ് തിരിച്ചടിയുണ്ടാക്കിയതെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്. ജില്ലയില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും ദോഷം ചെയ്തു. ഇടതുപക്ഷ വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു

മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷം പിറികിലായിരുന്നു. ജില്ലയിലുടെ ഭാഗമായ മലപ്പുറത്തും പൊന്നാനിയിലും വയനാട്ടിലും ലക്ഷങ്ങളുടെ വ്യത്യാസം. പൊന്നാനിയില്‍ ഇടതു മേല്‍ക്കൈ ഉണ്ടായിരുന്ന പൊന്നാനി, തവനൂര്‍, തൃത്താല മണ്ഡലങ്ങളില്‍ മുന്നേറാനായില്ല. ഒപ്പത്തിനൊപ്പം പ്രതീക്ഷിച്ച താനൂരും സമാന സാഹചര്യം.

എഴുപത് ശതമാനത്തോളം മുസ്ലിംകളുള്ള ജില്ലയില്‍ ന്യൂനപക്ഷ ഏകീകരണമാണ് പരിക്കേല്‍പ്പിച്ചത്. എസ് ഡി പി ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും മറ്റുപ്രധാന സാമുദായിക സംഘടനകളും യു ഡി എഫിന് പിന്തുണ നല്‍കി. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി യു ഡി എഫ് ഉയര്‍ത്തിക്കാണിച്ചതും തോല്‍വിക്കുകാരണമായെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ ദാസ് പറഞ്ഞു.

ജില്ലയില്‍ 2014 ല്‍ എസ് ഡി പി ഐ പിടിച്ച വോട്ടിന് നേര്‍പ്പകുതി പോലും ഇത്തവണ കിട്ടിയില്ല. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് കിട്ടിയ വോട്ടിലും ഇത്തവണ കുറവുണ്ടായി. ഇക്കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കും.