ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുകയാണ്, ചാരിതാർഥ്യത്തോടെ – മുഖ്യമന്ത്രി

തുറന്ന മനസ്സോടെ കൈകോർത്തവരാണ് നമ്മൾ. ഈ ഐക്യമാണ് സർക്കാരിന്റെ കരുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ കുറിപ്പ് പൂർണ്ണമായി:

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുകയാണ്. അഞ്ചുവർഷംകൊണ്ട് നടപ്പാക്കേണ്ട വാഗ്ദാനങ്ങളിൽ ഭൂരിപക്ഷവും നിറവേറ്റി, പ്രളയാനന്തര പുതുകേരളത്തിന്റെ നിർമാണത്തിനായി നീങ്ങുന്നവേളയിലാണ് സർക്കാരിന്റെ മൂന്നാം വാർഷികമെത്തുന്നത്. രാജ്യത്തിനുതന്നെ മാതൃകയാകുംവിധമുള്ള ഒട്ടേറെ പദ്ധതികൾ ഇക്കാലയളവിൽ ആവിഷ്കരിക്കാനും നടപ്പാക്കാനും കഴിഞ്ഞെന്നതിന്റെ ചാരിതാർഥ്യത്തോടെയാണ് ഈ സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തിൽ ഈ മൂന്നു വർഷം പലതുകൊണ്ടും ശ്രദ്ധേയമായി. വർഗീയ കലാപങ്ങളില്ലാത്ത, ക്രമസമാധാന പ്രശ്നങ്ങളില്ലാത്ത, പൊലീസ് വെടിവയ്പു കൊലപാതകങ്ങളുമില്ലാത്ത, ശാന്തിയുടെ, സഹവർത്തിത്വത്തിന്റെ വർഷങ്ങൾ. പരമ്പരാഗത സങ്കൽപങ്ങൾവിട്ട് വിഭവസമാഹരണ കാര്യത്തിൽ മൗലികവും പുതുമയുള്ളതുമായ വഴികൾ‐കിഫ്ബി പോലുള്ളവയിലൂടെ‐തേടുകയും വിജയിക്കുകയുംചെയ്ത വർഷങ്ങൾ.

ക്രമസമാധാനപാലനം, അഴിമതി നിർമാർജനം, ആരോഗ്യപരിപാലനം തുടങ്ങിയ വിവിധ മണ്ഡലങ്ങളിൽ തുടർച്ചയായ വർഷങ്ങളിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തെന്ന് വിവിധങ്ങളായ ഏജൻസികളാൽ വിലയിരുത്തപ്പെട്ട വർഷങ്ങൾ. ലോകത്തിന്റെ പല ഭാഗത്തുമുള്ള മലയാളിസമൂഹത്തിന്റെ പണം മാത്രമല്ല, ജീനിയസ് കൂടി കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമ ഐശ്വര്യങ്ങൾക്കുംവേണ്ടി ഉപയുക്തമാക്കാൻ പോരുമാറ് “ലോക കേരളസഭ’ എന്ന സംവിധാനം നിലവിൽക്കൊണ്ടുവന്ന ഘട്ടം. കേരളത്തിന്റെ വികസനത്തിൽ ഇഷ്ടമുള്ള മേഖലകളിൽ ഭാഗഭാക്കാകാനും തങ്ങളുടെകൂടി സംഭാവന ഉപയോഗിച്ച് കേരളം വളരുന്നത് നിക്ഷേപത്തുകയ്ക്കുള്ള സർക്കാർ ഗ്യാരന്റിയോടെ നോക്കിക്കാണാനും പ്രവാസി സമൂഹത്തിന് അവസരം നൽകിയ ഘട്ടം. ബജറ്റ് എന്ന പരമ്പരാഗത ചട്ടക്കൂടിനു പുറത്തേക്കുകടന്ന് വിഭവസമാഹരണം നടത്താനും അത് അടിസ്ഥാനവികസന സൗകര്യങ്ങളുടെ വികസനത്തിനായി വിനിയോഗിക്കാനും കഴിയുമെന്നു കണ്ടെത്തുകയും ലക്ഷ്യത്തെ അതിശയിക്കുംവിധം അത് വിജയിപ്പിക്കുകയും ചെയ്ത ഘട്ടം.

ലണ്ടൻ സ്റ്റോക്ക് എക്ചേത്ഞ്ചിൽ വരെ കേരളത്തിന്റെ പേര് മുഴങ്ങുകയും അതിലൂടെ കേരളത്തിന്റെ വികസനത്തിന്റെ പുതിയ മുഖം വർധിച്ച വിശ്വാസ്യതയോടെ ലോകശ്രദ്ധയിൽ കൊണ്ടുവരാൻ കഴിയുകയും ചെയ്ത ഘട്ടം. പകർച്ചവ്യാധിമുതൽ പ്രകൃതിദുരന്തങ്ങളെവരെ ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ പങ്കാളിത്തമുറപ്പിച്ചും ഒറ്റമനസ്സായി നേരിടുകയും അതിലൂടെ ലോകത്തിന്റെയാകെ അംഗീകാരം നേടിയെടുക്കുകയും ചെയ്യാൻ കഴിഞ്ഞ ഘട്ടം. നിപാ മുതൽ പ്രളയദുരന്തം വരെയുള്ളവയെ ആത്മവിശ്വാസത്തോടും നിശ്ചയദാർഢ്യത്തോടും കർമോന്മുഖമായി നേരിട്ടത് ഈ ഘട്ടത്തിലാണ്. മുപ്പത്തൊന്നായിരം കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടും മനസ്സ് തളരാതെ ആർജവമുള്ള മറികടക്കൽ പദ്ധതികൾ ആവിഷ്കരിച്ച് അവയെ അതിജീവിക്കുക മാത്രമല്ല, മുമ്പത്തേതിനേക്കാൾ മെച്ചപ്പെട്ട കേരളത്തെ സൃഷ്ടിക്കാൻ അർപ്പണബോധത്തോടെയുള്ള കർമപദ്ധതികൾ ആവിഷ്കരിച്ചു മുമ്പോട്ടുപോകുകയും ചെയ്തത് ഈ ഘട്ടത്തിലാണ്.

നിയമപരിപാലനത്തിനും നീതിവാഴ്ചയ്ക്കും മേലെയല്ല പണവും അധികാരവും സ്വാധീനങ്ങളുമെന്നു ബോധ്യപ്പെടുത്തിക്കൊണ്ട്, നിയമം അറച്ചുനിൽക്കുമെന്നു പലരും കരുതിയ ഘട്ടത്തിൽ മുഖംനോക്കാത്ത നടപടികളുണ്ടായത് ഈ ഘട്ടത്തിലാണ്. തെളിയാക്കേസുകൾ പലതും തെളിയിച്ചത് ഈ ഘട്ടത്തിലാണ്. സൈബർ തട്ടിപ്പു കേസ് പ്രതികളെ ആഫ്രിക്കൻ നാടുകളിലടക്കം ചെന്ന് അറസ്റ്റുചെയ്തു കൊണ്ടുവന്ന് ചരിത്രം സൃഷ്ടിച്ചതും ഈ ഘട്ടത്തിലാണ്.

“ഹരിതകേരള’ത്തിലൂടെ കേരളം സ്വച്ഛശുദ്ധവും പച്ചക്കറി ഉൽപാദനത്തിൽ ഊർജസ്വലവുമാകുന്നതു നാം കണ്ടു. “ആർദ്ര’ത്തിലൂടെ ഔഷധവും ചികിത്സയും ഏതു പാവപ്പെട്ടവന്റെയും കൈയെത്തുന്നിടത്താവുന്നത് കണ്ടു. “ലൈഫ്’പദ്ധതിയിലൂടെ ഭവനരഹിതർ ഭവന ഉടമകളാകുന്നതു കണ്ടു. “പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ’ത്തിലൂടെ ലക്ഷക്കണക്കിന് പുതിയ കുട്ടികൾ വീണ്ടും സർക്കാർ സ്കൂളുകളിൽ പ്രതീക്ഷയർപ്പിച്ചെത്തുന്നതു കണ്ടു.

മാറ്റങ്ങൾ സർവതലസ്പർശിയായി. അഭിമാനിക്കാൻ പോരുന്നതായി. കേരള പുനർനിർമാണത്തിലേക്കും സമഗ്ര വികസനത്തിലേക്കും ആധുനികവൽക്കരണത്തിലേക്കും നാം കടക്കുകയായി. കേരളമെന്ന പേർ കേട്ടാൽ അന്തരംഗം അഭിമാനപൂരിതമാകുന്ന അവസ്ഥയിലേക്കു നാം മാറുകയായി. ജാതീയവും വർഗീയവുമായ വേർതിരിവുകൾക്കതീതമായി മനുഷ്യമനസ്സുകൾ നവോത്ഥാനമൂല്യങ്ങൾക്കൊത്തുകൊണ്ട് ഇവിടെ ഒരുമിക്കുകയായി. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അന്ധകാരത്തെ വകഞ്ഞുമാറ്റി കേരളം നവോത്ഥാനത്തിന്റെ വെളിച്ചം നിറഞ്ഞ പാതയിലൂടെ മൂന്നാം സഹസ്രാബ്ദഘട്ടത്തിന്റെ വികസനവേഗ പാതയിലൂടെ മുന്നേറുകയായി. ഏതു മലയാളിക്കും അഭിമാനിക്കാവുന്ന അന്തരീക്ഷം രൂപപ്പെട്ടുവരികയായി.

സാമൂഹ്യസുരക്ഷ
ജനങ്ങളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ മുന്തിയ പരിഗണനയാണ് സർക്കാർ നൽകിവരുന്നത്. സർക്കാരിന്റെ ഏതെങ്കിലുംവിധമുള്ള ആനുകൂല്യങ്ങൾ ഇക്കാലയളവിൽ സംസ്ഥാനത്തെ ഓരോ വീട്ടിലും എത്തിക്കാനായിട്ടുണ്ട്. ഉയർന്ന നിരക്കിലുള്ള ക്ഷേമ പെൻഷനുകൾ മുടക്കംകൂടാതെ നൽകിയും ഭൂമിയില്ലാത്തവർക്ക് പട്ടയം നൽകിയും ദളിത് പിന്നോക്കാദി ജനവിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഉറപ്പുവരുത്തിയും മുഴുവൻ ജനങ്ങൾക്കും നീതിയും ക്ഷേമവും ഉറപ്പാക്കാൻ ഇക്കാലയളവിൽ സാധിച്ചിട്ടുണ്ട്. അതോടൊപ്പം പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവിധം നാടിന്റെ വികസനം സാധ്യമാക്കുന്നതിലും ശ്രദ്ധ പതിപ്പിച്ചു.
എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ അവതരിപ്പിച്ച 35 ഇന പരിപാടികളെല്ലാംതന്നെ ഇതിനകം പൂർത്തീകരിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്.

വികസനപദ്ധതികൾ സമയബന്ധിതമായി യാഥാർഥ്യമാക്കുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തി. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, മലയോരപാത, തീരദേശപാത, ഗെയിൽ പൈപ്പ് ലൈൻ, എൽഎൻജി ടെർമിനൽ, വാട്ടർ മെട്രോ, നാഷണൽ വാട്ടർ വേ, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ദേശീയപാത വികസനംപോലെ ഏതു സർക്കാരിനും അസാധ്യമായതെന്ന് പലരും എഴുതിത്തള്ളിയ പദ്ധതികൾക്കും ജീവൻ വയ്പിക്കാൻ ഇക്കാലയളവിൽ സാധിച്ചു.

അഴിമതിരഹിത‐മതനിരപേക്ഷ‐വികസിത കേരളം എന്ന മുദ്രാവാക്യം അക്ഷരാർഥത്തിൽ കേരളത്തിൽ യാഥാർഥ്യമാകുകയാണ്. അതിനുള്ള തെളിവാണ് രാജ്യത്ത് ഏറ്റവും മികച്ച ഭരണം കാഴ്ചവയ്ക്കുന്ന സംസ്ഥാനമായി ബംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റർ കേരളത്തെ തെരഞ്ഞെടുത്തത്. തുടർച്ചയായി മൂന്നാംവർഷമാണ് കേരളത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. ഐക്യരാഷ്ട്രസഭയും നിതി അയോഗും ചേർന്നു തയ്യാറാക്കിയ സുസ്ഥിരവികസന ലക്ഷ്യ സൂചികയിലും കേരളം ഒന്നാം സ്ഥാനത്താണ്. ദാരിദ്ര്യ നിർമാർജനം, ക്രമസമാധാനപാലനം, നീതിനിർവഹണം തുടങ്ങിയ മേഖലകളിൽ രാജ്യത്തെ മുന്നിൽനിൽക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളവും ഉൾപ്പെട്ടിട്ടുള്ളത്.

പല കാര്യത്തിലും രാജ്യത്തിനുതന്നെ മാതൃകയാകുംവിധമുള്ള പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ സർക്കാർ നടത്തിയത്. മികച്ച സ്റ്റാർട്ടപ് ഇക്കോ സിസ്റ്റമുള്ള സംസ്ഥാനം, നൂറു ശതമാനം വൈദ്യുതീകരണം നടപ്പാക്കിയ സംസ്ഥാനം, ട്രാൻസ്ജെന്റർ നയം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം, ആദ്യ വെളിയിട വിസർജനമുക്ത സംസ്ഥാനം, വനിതാക്ഷേമത്തിനായി പ്രത്യേക വകുപ്പും ജെന്റർ ബജറ്റിങ്ങും ഏർപ്പെടുത്തിയ സംസ്ഥാനം, സെക്ഷ്വൽ അസോൾട്ട് ഫോറൻസിക് എവിഡൻസ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതത്തേക്കാൾ കൂടുതൽ വികസന ഫണ്ടുകൾ നൽകുന്ന ഏക സംസ്ഥാനം, സ്വന്തം ബാങ്ക് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനം, മാൻഹോളുകൾ ശുചീകരിക്കാൻ യന്ത്രമനുഷ്യനെ ഉപയോഗിച്ച ആദ്യ സംസ്ഥാനം തുടങ്ങി ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ ബഹുമതികൾ ഒട്ടേറെയുണ്ട് കേരളത്തിന്.

ഹരിതകേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം, സാമൂഹ്യക്ഷേമ മേഖലകളെ കൈയൊഴിയാൻ നിർബന്ധിക്കുന്ന കേന്ദ്ര സാമ്പത്തികനയം, സംസ്ഥാന താൽപ്പര്യങ്ങളോട് അവഗണന കാട്ടുന്ന കേന്ദ്ര സമീപനങ്ങൾ, നോട്ടു നിരോധനം, പ്രകൃതിദുരന്തത്തിന് അർഹമായ സഹായം നിഷേധിക്കൽ, സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങൾ നിരാകരിക്കൽ തുടങ്ങിയ ഒട്ടേറെ വെല്ലുവിളികൾക്കിടയിലും അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ആശ്വാസംപകരുന്ന ഒട്ടേറെ പദ്ധതികൾക്ക് തുടക്കംകുറിക്കാനായി. ആദ്യവർഷംതന്നെ തുടക്കംകുറിച്ച ഹരിതകേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകൾ പൂർത്തീകരണഘട്ടത്തിലാണ്.

സ്വന്തമായി ഭൂമിയില്ലാതിരുന്ന 1.02 ലക്ഷം പേർക്കാണ് സർക്കാർ ഇതിനകം പട്ടയം നൽകിയത്. ഒപ്പം വൻകിട കൈയേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തു. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിലും വികസനാവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നതിലുമുള്ള കാലതാമസം ഒഴിവാക്കി. പുതുതായി ആറ് റവന്യൂ ഡിവിഷനുകൾ ആരംഭിച്ചു. നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം യുക്തിസഹമാക്കി ഭൂമിയുടെ ഫലപ്രദമായ വിനിയോഗം ഉറപ്പുവരുത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്.

പൊലീസ് സേനയിൽ ചരിത്രത്തിലാദ്യമായി ആദിവാസികൾക്കു മാത്രമായി പ്രത്യേക ബാച്ച് രൂപീകരിച്ചു. വനിതാ പൊലീസ് ബറ്റാലിയൻ ആരംഭിച്ചു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 200 പേർക്ക് തീരദേശസേനയിൽ നിയമനം നൽകുന്നതിന് നടപടി സ്വീകരിച്ചു. തിരുവനന്തപുരത്തിനു പുറമെ എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ കൂടി സൈബർ പൊലീസ് സ്റ്റേഷൻ ആരംഭിച്ചു. കേരള ഫയർ സർവീസിൽ ആദ്യമായി 100 ഫയർ വുമൺ തസ്തികകളും സൃഷ്ടിച്ചു.

അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനായി തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്ന തദ്ദേശസ്വയംഭരണ പൊതുസർവീസ് യാഥാർഥ്യമായി. അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുകവഴി കേരളത്തിലെ ഗ്രാമങ്ങളുടെ മുഖച്ഛായ മാറിത്തുടങ്ങി. ദേശീയ തൊഴിലുറപ്പുപദ്ധതിയിൽ തൊഴിൽ ദിനങ്ങൾ നൽകുന്ന കാര്യത്തിൽ റെക്കോഡ് നേട്ടം കൈവരിച്ചു. പൊതുവിതരണസമ്പ്രദായം കാര്യക്ഷമമാക്കാനായി റേഷൻകടകളിൽ ഇ‐പോസ് മെഷീനുകൾ സ്ഥാപിച്ചു. ആലപ്പുഴ ജില്ലയിൽ ആരംഭിച്ച വിശപ്പുരഹിത കേരളം പദ്ധതി കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചു.

കേരകൃഷിയുടെ പ്രതാപം വീണ്ടെടുക്കുന്നതിനായി കേരള നാളികേരവികസന കൗൺസിലിന് രൂപംനൽകി. നമ്മുടെ നെല്ല് നമ്മുടെ അന്നം എന്ന മുദ്രാവാക്യത്തോടെ നൂറിന കർമപരിപാടികളുമായി നെൽക്കൃഷി വ്യാപനം ആരംഭിച്ചു. 27 വർഷത്തിനുശേഷം വിള ഇൻഷുറൻസ് പദ്ധതി പുനരാവിഷ്കരിച്ച് നടപ്പാക്കുകയും നഷ്ടപരിഹാരത്തുക 12 ഇരട്ടിവരെ വർധിപ്പിക്കുകയും ചെയ്തു. ആഭ്യന്തര പാലുൽപ്പാദനം വർധിപ്പിക്കുന്നതിനും കടക്കെണിയിലായ ക്ഷീരകർഷകർക്ക് ധനാശ്വാസം നൽകുന്നതിനും സർക്കാരിനു കഴിഞ്ഞു.

കാർഷികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുതകുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തോട് അടുക്കുന്ന വേളയിലാണ് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയം സംഭവിച്ചത്. നാലായിരത്തഞ്ഞൂറ് കോടിയോളം രൂപയുടെ നഷ്ടം കാർഷികമേഖലയിൽ മാത്രമുണ്ടായി. ഈ മേഖലയുടെ സുസ്ഥിരത നിലനിർത്തുന്നതിനുള്ള പദ്ധതികൾ യാഥാർഥ്യമാക്കി കൃഷിയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുക എന്നതാണ് ഇനി നമുക്കു മുന്നിലുള്ള വെല്ലുവിളി.

സുരക്ഷിത ഭവനങ്ങളുടെ കാര്യത്തിൽ ദേശീയ ശരാശരിക്കും മുകളിലാണ് കേരളം. എങ്കിലും കേരളത്തിൽ നാലരലക്ഷത്തോളം ഭവനരഹിതരുണ്ട്. അതുകൊണ്ടാണ് ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ലൈഫ് പദ്ധതി ആരംഭിച്ചത്. നേരത്തെ വിവിധ ഭവന പദ്ധതികളിൽ നിർമാണം ആരംഭിക്കുകയും പല കാരണത്താൽ പൂർത്തീകരിക്കാൻ സാധിക്കാതിരുന്നതുമായ 54,281 വീടുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇവയിൽ 90 ശതമാനത്തിലധികം വീടുകളും വാസയോഗ്യമാക്കുന്നതിന് ഇക്കാലയളവിൽ കഴിഞ്ഞു. ഭൂരഹിതരായവർക്ക് ഭവനസമുച്ചയങ്ങൾ നിർമിക്കുന്നതിനായി എല്ലാ ജില്ലയിലും സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ഇതോടൊപ്പം പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണ പ്രവർത്തനങ്ങളും അടിയന്തരമായി പൂർത്തിയാക്കേണ്ടതുണ്ട്. പല തലത്തിലായി അതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രണ്ടായിരം വീടുകളുടെ പുനർനിർമാണമാണ് സഹകരണമേഖലയിലൂടെ നടപ്പാകുന്നത്.

പുതിയ തൊഴിൽ അവസരങ്ങൾ

സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ഒരു ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. ഐടി പാർക്കുകളുടെ വിസ്തീണ്ണം അമ്പത് ലക്ഷം ചതുരശ്ര അടിയാക്കി ഉയർത്തി. സൈബർ പാർക്കിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയാകുന്നതോടെ രണ്ടായിരം പേർക്ക് നേരിട്ടും ആറായിരം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. കൊച്ചിയിൽ ടെക്നോളജി ഇന്നോവേഷൻ സോൺ യാഥാർഥ്യമാക്കി. സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ രൂപപ്പെടുത്തി.

പൊതുമേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് ഈ സർക്കാർ തുടക്കംമുതൽ സ്വീകരിച്ചുവരുന്നത്. 14 പൊതുമേഖലാ സ്ഥാപനങ്ങളെ ഇതിനകം ലാഭത്തിലാക്കാൻ സാധിച്ചു.സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കനുസരിച്ച് 2018ൽ രാജ്യത്താകമാനം ഒരു കോടി പത്തുലക്ഷം തൊഴിലുകളാണ് നഷ്ടമായത്. കേന്ദ്ര സർക്കാരിന്റെ തൊഴിൽ മേഖലയോടുള്ള സമീപനം വ്യക്തമാക്കുന്നതാണ് ഈ കണക്ക്. എന്നാൽ, ഉദാരവൽക്കരണ നയങ്ങൾക്കെതിരെ ബദൽ സമീപനം സ്വീകരിച്ച കേരളത്തിലെ എൽഡിഎഫ് സർക്കാർ ഒരു ലക്ഷത്തിലധികം പേർക്കാണ് പിഎസ്സി വഴി നിയമനം നൽകിയത്. 20,000 പുതിയ തസ്തികകൾ സൃഷ്ടിക്കാനും ഇതിനകം സാധിച്ചിട്ടുണ്ട്. ജോബ് ഫെയറുകൾ മുഖേന സ്വകാര്യമേഖലയിൽ 12,000 ത്തോളം പേർക്കും എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന കാൽ ലക്ഷത്തോളം പേർക്കും ജോബ് ഓഫറുകൾ ലഭിച്ചു. സാമൂഹിക അസമത്വങ്ങൾക്ക് അറുതിവരുത്താൻ ഉതകുന്നവിധത്തിൽ തൊഴിൽമേഖലയിൽ ഇടപെടാൻ കഴിഞ്ഞു.

കേരളത്തെ തൊഴിലാളി‐നിക്ഷേപക സൗഹൃദമാക്കാൻ പുതിയ തൊഴിൽ നയം രൂപീകരിച്ചു. വിമുക്തി മിഷന്റെ ഭാഗമായി മുഴുവൻ ജില്ലകളിലും ഡി‐അഡിഷൻ സെന്ററുകൾ ആരംഭിച്ചു. കടകളിലും വാണിജ്യസ്ഥാപനങ്ങളിലും സ്ത്രീകളടക്കമുള്ള തൊഴിലാളികൾക്ക് ജോലിക്കിടയിൽ ഇരിക്കാനുള്ള അവകാശം ഉറപ്പുവരുത്തി. 26 മേഖലകളിൽ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. ആവാസ് എന്നപേരിൽ അതിഥി തൊഴിലാളികൾക്കായി നടപ്പാക്കിയ ഇൻഷുറൻസ് പദ്ധതിയിൽ മൂന്നരലക്ഷം പേരെ അംഗങ്ങളാക്കി. അതിഥി തൊഴിലാളികൾക്ക് താമസ സൗകര്യം ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച ‘അപ്നാ ഘർ’ എന്ന പാർപ്പിടസമുച്ചയം പാലക്കാട്ട് പൂർത്തിയായി.

2020‐2024ലെ ഒളിമ്പിക്സിലേക്കായി കേരള കായികതാരങ്ങളെ സജ്ജരാക്കുന്നതിന് ഓപ്പറേഷൻ ഒളിമ്പിയ പദ്ധതി ആവിഷ്കരിച്ചു. വിനോദസഞ്ചാരമേഖലയെ പരിപോഷിപ്പിക്കുന്നതിനും ടൂറിസം കേന്ദ്രങ്ങളിൽ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനുമായി ഗ്രീൻ കാർപ്പറ്റ് പദ്ധതി ആരംഭിച്ചു.

കിഫ്ബി

സർക്കാർ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ പ്രധാനപ്പെട്ടത് കിഫ്ബിയുടെ പുനഃസംഘടനയാണ്. പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള ഈ ധനസമാഹരണ ഉപാധിയിലൂടെ അടിസ്ഥാനസൗകര്യ വികസനത്തിന് അഞ്ചുവർഷംകൊണ്ട് 50,000 കോടിരൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ, മൂന്നുവർഷംകൊണ്ടുതന്നെ 42,000 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് കിഫ്ബിയിലൂടെ ഭരണാനുമതി നൽകാൻ സാധിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിൽ ലക്ഷ്യത്തിനുമപ്പുറത്തേക്ക് കുതിക്കാൻ നമുക്ക് കഴിയുന്നുവെന്നതിന് തെളിവാണിത്. കിഫ്ബി ആവിഷ്കരിച്ചിട്ടുള്ള പുതിയ നിക്ഷേപ അവസരങ്ങളിലൊന്നാണ് മസാല ബോണ്ട്. ലണ്ടൻ സ്റ്റോക്ക് എക്ചേക്ഞ്ചിൽ ഇത് ലിസ്റ്റ് ചെയ്യപ്പെട്ടതോടെ ഓഹരി വിപണിയിൽ ബോണ്ടുകൾ വിൽക്കാനും വാങ്ങാനുമുള്ള വിപുലമായ അവസരമാണ് തുറന്നുകിട്ടിയിട്ടുള്ളത്.

കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തിനുവേണ്ടിയും നിരവധി പ്രവർത്തനങ്ങൾ നടത്താനായി. ലോക കേരളസഭ നിലവിൽ വന്നതിന്റെ തുടർച്ചയായി ഏഴ് സ്റ്റാൻഡിങ് കമ്മറ്റികൾക്ക് രൂപംനൽകി. ജില്ലാ കലക്ടർമാരുടെ അധ്യക്ഷതയിൽ പ്രവാസി പരാതിപരിഹാര കമ്മിറ്റിയും രൂപീകരിച്ചു. മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള ആനുകൂല്യവിതരണത്തിലും വർധന വരുത്തി.

സമാനതകളില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾക്കിടയിൽ പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും പ്രതിസന്ധികളിൽ തളരാത്തവണ്ണം കേരള സമൂഹത്തിന് ഒറ്റക്കെട്ടായി നിൽക്കാനും കഴിഞ്ഞുവെന്നതാണ് കഴിഞ്ഞ മൂന്നു വർഷത്തെ നമ്മുടെ ഏറ്റവും വലിയ നേട്ടം. പ്രളയം തകർത്തെറിഞ്ഞ കേരളത്തിന്റെ പുനർനിർമാണം എന്ന അതിബൃഹത്തായ കടമ പൂർണതോതിൽ പൂർത്തിയാക്കാൻ രണ്ടുമുതൽ മൂന്നുവർഷംവരെ വേണ്ടിവരും. അതിനായി ആസൂത്രണത്തിനും നിർമാണത്തിനും വേഗതയും കാര്യക്ഷമതയും ഉൾക്കൊള്ളുന്ന പുനർനിർമാണ പദ്ധതിയുമായാണ് നാം മുന്നോട്ടുനീങ്ങുന്നത്. ദുരന്തത്തെ അതിജീവിക്കാൻ പറ്റുന്നവിധം ആസ്തികളും ജീവനോപാധികളും സംരക്ഷിക്കാൻ കഴിയുന്നവിധമാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്.

പുനർനിർമാണ പ്രവർത്തനങ്ങൾക്ക് 36,000 കോടി രൂപ ആവശ്യമുണ്ടെന്നാണ് യുഎൻ ഏജൻസികളുടെ കണക്ക്. ഈ പണം ആഭ്യന്തരമായി സ്വരൂപിക്കുക കേരളത്തെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമല്ല. ഇത് സാധ്യമാക്കുന്നതിനായി വിവിധതരത്തിലുള്ള വിഭവസമാഹരണ രീതികൾ സർക്കാർ ആവിഷ്കരിച്ചുവരികയാണ്. ദുരന്തസമയത്തെ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസപ്രവർത്തനങ്ങളിലുമെല്ലാം തുറന്ന മനസ്സോടെ കൈകോർത്തവരാണ് നമ്മൾ. അനുകരണീയമായ ഈ ഒരുമയും പരാജിതരാകാൻ നിന്നുകൊടുക്കാത്ത നമ്മുടെ മനോഭാവവുമാണ് പുനർനിർമാണഘട്ടത്തിലും കേരളത്തിന് മുതൽക്കൂട്ടാകാൻ പോകുന്നത്. ഈ ഐക്യമാണ് പുനർനിർമാണത്തിലൂടെയുള്ള നവകേരള നിർമിതിയിൽ സർക്കാരിന് കരുത്തുപകരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News