തെരഞ്ഞെടുപ്പ് തോല്‍വി സ്ഥായിയായ മാറ്റമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടന്ന് മുഖ്യമന്ത്രി പിണറായി; ശബരിമല തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല; ബാധിച്ചിരുന്നെങ്കില്‍ ഗുണം കിട്ടേണ്ടിയിരുന്നത് ബിജെപിക്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ തോല്‍വി സ്ഥായിയായ മാറ്റമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മോദിയുടെ ഭരണം വീണ്ടും വരരുത് എന്ന ആഗ്രഹിക്കുന്ന ജനങ്ങള്‍ കേരളത്തിലുണ്ട്. അവരില്‍ ഒരു വിഭാഗം ഞങ്ങള്‍ക്കും വോട്ട് ചെയ്യുന്നവരാണ്. ആ വോട്ടുകള്‍ ലഭിച്ചില്ല. അവര്‍ ചിന്തിച്ചത് രാജ്യത്ത് കോണ്‍ഗ്രസിനാണ് പുതിയ സര്‍ക്കാരിന് നേതൃത്വം കൊടുക്കാന്‍ കഴിയുക എന്നാണ്. മാത്രമല്ല ഇത് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് എന്ന ചിന്തകളും ആളുകള്‍ക്ക് ഉണ്ടായി.

ഈ ചിന്തകള്‍ക്ക് മറ്റൊരു അടിസ്ഥാനം കൂടി രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വംകൊണ്ട് വന്നു. അമേഠിയില്‍ തോല്‍ക്കുമെന്ന ധാരണയിലാണ് രാഹുല്‍ ഗാന്ധി വയനാട് വന്നതെന്നുള്ളത് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. കോണ്‍ഗ്രസിന് വല്ലാത്ത സാധ്യത ഉണ്ടെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നതിനു ഇടയാക്കിയ രാജസ്ഥാന്‍ ചണ്ഡീസ്ഗര്‍, മധ്യപ്രദേശ് ഇവിടെയൊക്കെ കോണ്‍ഗ്രസ് തകര്‍ന്നു.

ശബരിമല തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ശബരിമല ബാധിച്ചിരുന്നെങ്കില്‍ ഗുണം കിട്ടേണ്ടിയിരുന്നത് ബിജെപിക്കായിരുന്നു. പത്തനംതിട്ടയിലടക്കം ബിജെപി മൂന്നാമതായി. വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി ജനങ്ങളുടെ ഇടയില്‍ ചില തെറ്റിദ്ധാരണകള്‍ നടന്നിട്ടുണ്ട്. അത് ഞങ്ങള്‍ പരിശോധിക്കും.

രാജിക്കാര്യം സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളപ്പോള്‍ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിക്ക് പരാജയം നേരിട്ടാല്‍ പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിന്റെ പേരില്‍ രാജി ആവശ്യമില്ല. ജനങ്ങളുടെ മനസ്സില്‍ സര്‍ക്കാരിന് സ്ഥാനമുണ്ട്. തന്റെ രീതികള്‍ ഇങ്ങനെതന്നെ തുടരും. അത് ഒരുകാരണംകൊണ്ടും മാറ്റാന്‍ ഉദ്ദേശമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

വയനാട് സ്ഥാനാര്‍തിഥ്വം രാഹുല്‍ ഗാന്ധി ഭരണത്തില്‍ നേതൃത്വം കൊടുക്കുമ്പോള്‍ തെക്കേ ഇന്ത്യയെ കൂടി തെരഞ്ഞെടുത്തു എന്നാണ് ജനങ്ങള്‍ കരുതിയത്. അമേഠിയില്‍ തോല്‍ക്കുമെന്ന ഭീതിയിലാണെന്ന് ജനങ്ങള്‍ മനസിലാക്കിയില്ല. ഈ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന വോട്ട് കോണ്‍ഗ്രസിന് പോയിട്ടുണ്ട്.

സീറ്റിന്റെ എണ്ണം കുറഞ്ഞുപോയാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വിളിക്കില്ലെന്നു രീതിയില്‍ നടന്ന പ്രചാരണവും കോണ്‍ഗ്രസിന് വോട്ട് കിട്ടാന്‍ സഹായിച്ചു. മറ്റെന്തെല്ലാം ഘടകങ്ങളുണ്ടെന്ന് വിശദമായിട്ട് പരിശോധന നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News