പരാജയത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് എംബി രാജേഷ്; തെരഞ്ഞെടുപ്പ് ജയപരാജയങ്ങളെല്ലാം രാഷ്ടീയം

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ പരാജയത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ പറഞ്ഞതായുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്ന് എംബി രാജേഷ്.

ഗൂഢാലോചനയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത്തരത്തിലുള്ള ഒരു ഗൂഢാലോചനയും ഇല്ലെന്നാണ് മറുപടി പറഞ്ഞത്.

തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെല്ലാം രാഷ്ടീയമാണ്. അതൊന്നും വ്യക്തിപരമായി കണക്കാക്കാറില്ല. വിശദമായ വിശകലനങ്ങളും ചര്‍ച്ചകളും ഇനിയും നടക്കാനിരിക്കുന്നതേയുള്ളുവെന്നും എംബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

എംബി രാജേഷിന്റെ പറയുന്നു:

പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇന്നലെ രാവിലെ മാധ്യമങ്ങള്‍ കൂട്ടത്തോടെ വീട്ടിലെത്തി പ്രതികരണം ആരാഞ്ഞിരുന്നു. സംസ്ഥാനത്താകെ ദൃശ്യമായ രാഷ്ടീയ പ്രവണത കുറഞ്ഞതോതിലാണെങ്കിലും പാലക്കാടും പ്രതിഫലിച്ചതാണ് അപ്രതീക്ഷിതമായ പരാജയത്തിന് കാരണമെന്ന് മറുപടിയും നല്‍കി.

ഉടന്‍ ഗൂഢാലോചനയുണ്ടായോ എന്ന ചോദ്യം മാധ്യമ പ്രവര്‍ത്തകരെല്ലാവരും ഒന്നിനു പിറകെ ഒന്നായി ചോദിച്ചു. അത്തരത്തിലുള്ള ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്ന അസന്ദിഗ്ദ്ധമായ മറുപടി നല്‍കുകയും ചെയ്തു.

ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസ് സംബന്ധിച്ച വിവാദത്തില്‍ ഗൂഢാലോചനയുണ്ടായോ എന്നായി അടുത്ത ചോദ്യം. അതില്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നും ഇല്ലാത്ത സംഭവം കെട്ടിച്ചമച്ചതാണെന്നും അന്നു തന്നെ ഞങ്ങള്‍ വ്യക്തമാക്കിയിരുന്ന കാര്യം ചൂണ്ടിക്കാണിച്ചു.

ആ ഗൂഢാലോചനയില്‍ ഒരു സ്വാശ്രയ കോളേജ് ഉടമക്ക് പങ്കുണ്ടെന്ന കാര്യം പറയുകയും ചെയ്തു. ഇത്രയുമാണ് ഇന്നലത്തെ പ്രതികരണങ്ങളുടെ ഉള്ളടക്കം.

എന്നാല്‍, പാലക്കാട്ടെ പരാജയത്തിനു പിന്നില്‍ ഗൂഢാലോചന എന്നാണ് മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ തലക്കെട്ട് ഒറ്റനോട്ടത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെല്ലാം രാഷ്ടീയമാണ്. അതൊന്നും വ്യക്തിപരമായി കണക്കാക്കാറില്ല.

വിശദമായ വിശകലനങ്ങളും ചര്‍ച്ചകളും ഇനിയും നടക്കാനിരിക്കുന്നതേയുള്ളു.അതില്‍ തിരിച്ചടിയുടെ കാരണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയും കണ്ടെത്തിയ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനും തെറ്റുകള്‍ തിരുത്താനുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News