വിജില ചിറപ്പാടിന്റെ കവിതകളെക്കുറിച്ച് പ്രസിദ്ധ കലാ നിരൂപകൻ ജോണി എം എൽ ഫേസ് ബുക്കിലെഴുതിയ ആസ്വാദനക്കുറിപ്പ് ചുവടെ വായിക്കാം :

“മറ്റൊരു പുസ്തകം നോക്കുന്ന വേളയിൽ ആണ് ചെറിയൊരു കവിതാ സമാഹാരം കണ്ണിൽ തടഞ്ഞത്. കൈകളിൽ എടുത്തു തുറന്നു നോക്കിയപ്പോൾ കണ്ടത് ‘മുൻപേ പറന്നവൾ’ എന്ന പേരുള്ള ചെറിയൊരു കവിതയായിരുന്നു. അത് വായിച്ചു. വിജിലാ ചിറപ്പാട് എന്നൊരു കവിയുടേതാണ് അത്.

വായിച്ചു കഴിഞ്ഞപ്പോൾ ആ പുസ്തകം വാങ്ങാതെ നിവൃത്തിയില്ലെന്നു വന്നു. എന്തായിരുന്നു ആ പ്രചോദനത്തിനു കാരണം എന്നറിയണമെങ്കിൽ നിങ്ങളും ആ കവിത വായിക്കണം.

ഞാനത് പകർത്തട്ടെ: “ഞങ്ങളുടെ വീട്ടിൽ/ ടി വിയോ / ഫ്രിഡ്ജോ/ മിക്സിയോ/ ഗ്രൈൻഡറോ/ എൽ പി ഗ്യാസോ/ അയൺ ബോക്സോ/ ഒന്നുമുണ്ടായിരുന്നില്ല./ എന്നിട്ടും എനിയ്ക്കു മുൻപേ/ അമ്മയ്ക്കിതൊക്കെ / പ്രവർത്തിപ്പിക്കാനറിയാം. / കാരണം / മാധവിക്കുട്ടിയുടെ/ കഥകളിലെതു പോലെ / എം ടി യുടെ/ നോവലുകളിലേത് പോലെ / ജാനു എന്ന / വേലക്കാരിയാണവർ.’

കവിത കൊണ്ട് മുറിവേൽക്കുക എന്നൊക്കെ ഒരൊഴുക്കിന് നമ്മൾ പറയാറുണ്ട്. എന്നാൽ കവിതകൾ കൊണ്ട് മുറിവേൽപ്പിക്കുക എന്നത് വളരെ അപൂർവ്വമായേ ഇക്കാലത്ത് കാണാറുള്ളൂ. ചിലരെങ്കിലും അനുഭവങ്ങളെ ആഖ്യാനപരതയിലേയ്ക്കും, പ്രതിഷേധ മുദ്രാവാക്യ സ്വഭാവങ്ങളിലേയ്ക്കും കൊണ്ട് ചെന്നെത്തിയ്ക്കാറുണ്ട്.

മറ്റു ചില കവികളാകട്ടെ സിനിസിസത്തിന്റെയും കറുത്ത ഇരുണ്ട ഹാസ്യത്തിന്റെയും വഴികൾ തേടുന്നു. അനുഭവങ്ങളുടെ നേരെഴുത്തു കൊണ്ട് പൊള്ളിക്കുന്നവരുണ്ട്. എന്നാൽ റേസർ മൂർച്ച ഉപയോഗിച്ച് വായനക്കാരെ ഒന്ന് പോറുന്ന അനുഭവമായിരുന്നു വിജിലാ ചിറപ്പാടിന്റെ ഈ കവിത വായിച്ചപ്പോൾ എനിയ്ക്കുണ്ടായത്.

അത് ‘അമ്മ അടിച്ചു തളിക്കാരിയായിരുന്നു എന്ന തുറന്ന പറച്ചിൽ കൊണ്ടല്ല, മറിച്ച് മാധവിക്കുട്ടിയുടെ കഥകളിലും എം ടി യുടെ നോവലുകളിലും കാണുന്ന ജാനു എന്ന വേലക്കാരിയെപ്പോലെ ഒരു വേലക്കാരി ആണ് ആ ‘അമ്മ എന്ന് നിസ്സംഗമായി പറയുന്നത് കൊണ്ടാണ്.

ആ നിസ്സംഗത വരുന്നത് വലിയൊരു സത്യത്തെ ഉൾക്കൊള്ളുന്നതിനാലാണ്. ഒരു അടിച്ചുതളിക്കാരിയുടെ അറിവുകൾ പലപ്പോഴും അവർ ഒരു കേൾവിക്കാരി ആയിരിക്കുന്നു എന്നതിൽ ഒതുങ്ങുന്നു. വലിയ രഹസ്യങ്ങളുടെ നികുംഭിലകൾ അവളുടെ മുന്നിൽ തുറന്നു വെയ്ക്കപ്പെടാറുണ്ട്. പക്ഷെ അവൾക്ക് അതൊന്നും പുറത്തു പറയുക വയ്യ.

അങ്ങിനെ നിശബ്ദമാക്കപ്പെട്ട ഒരു കര്തൃത്വത്തെയല്ല നമ്മൾ ജാനു എന്ന അമ്മയിൽ, വിജിലയുടെ കവിതയിൽ/കവിതകളിൽ കാണുന്നത്. ഞാനോര്ക്കുന്നത്, ഒരു ബംഗാളി സാഹിത്യകാരി അവരുടെ ഒരു കൃതി മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ എന്നോട് പറഞ്ഞ ഒരു കാര്യമാണ്. ആ നീണ്ടകഥയിലെ നായിക ഒരു വീട്ടുജോലിക്കാരിയാണ്.

അവൾക്ക് പക്ഷെ വളരെ കാവ്യാത്മകമായ ഒരു ബംഗാളി നാമമുണ്ട്. (ആ പേര് ഞാൻ പറയുന്നില്ല കാരണം ആ എഴുത്തുകാരിയെ അത് വഴി തിരിച്ചറിഞ്ഞേക്കും). ആ പേര് അതെപടി മലയാളത്തിൽ വന്നാൽ മലയാളികളായ വായനക്കാർക്ക് അതൊരു വേലക്കാരി ആണെന്ന് മനസ്സിലാക്കാൻ കഴിയില്ലെന്ന്, യഥാർത്ഥത്തിൽ മലയാളസാഹിത്യവും ബംഗാളി സാഹിത്യവും തമ്മിലുള്ള ബന്ധം അറിയില്ലായിരുന്നു ആ എഴുത്തുകാരി പറഞ്ഞു. എന്നിട്ട് അവർ ഒരു നിർദ്ദേശം വെച്ചു: എന്തുകൊണ്ട് നമുക്ക് അവളെ ‘ജാനു’ എന്ന് വിളിച്ചു കൂടാ?” സത്യത്തിൽ ഞാൻ അന്ന് ഞെട്ടിപ്പോയി.

കാരണം ഒരു മലയാളി വീട്ടുജോലിക്കാരിക്ക് ഒരു ജനറിക് പേര് ഉണ്ടായി വന്നിരിക്കുന്നു. ഇംഗ്ലണ്ടിൽ പോസ്റ്റ് ഓഫിസ് ജീവനക്കാരായ ഏഷ്യാക്കാരും ‘ജോർജ്ജ്’ എന്നാണ് അറിയപ്പെടുന്നത്. നേപ്പാളിൽ നിന്ന് ഗൂർഗാപ്പണിക്ക് വരുന്ന എല്ലാവരും നമുക്ക് ‘ബഹാദൂർ’ ആണ്.എന്നത് പോലെ അടിച്ചു തളിക്കാരിക്കും അങ്ങിനെ പേരുണ്ട്: ജാനു, അമ്മു, നാണി.

ഇത് ജാതിവ്യവസ്ഥയുടെ ഒരു തുറപ്പാണ്. അത് ആവിഷ്കരിക്കപ്പെടുന്ന ഒരു ഇടമാണ്. അതുകൊണ്ടാണല്ലോ പുരയിടം വാങ്ങാൻ ആഗ്രഹവുമായി വരുന്ന പഴയ അടിയാളനെ നോക്കി ഒരു വി കെ എൻ കഥാപാത്രം ചോദിക്കുന്നത്: എന്താ പേര്? ഉത്തരം: ഷാജി. വെറും ഷാജിയോ? ഉത്തരം: പി ഷാജി.”

ഇങ്ങനെ നമ്മുടെ സമൂഹത്തിലെ ജാതിയെയും തൊഴിലിനേയും പേരിൽ പോലും ആവാഹിക്കുന്ന ഒരു കാലത്തിലാണ് ജാനു എന്ന ഒരു ‘അമ്മയ്ക്ക് ആധുനിക ഉപകരണങ്ങളെല്ലാം ഉപയോഗിക്കാൻ അറിയാം എന്ന് പറയുന്നത്. നാവ് നഷ്ടപ്പെട്ട ജാനുമാർ എങ്ങിനെ ആധുനികതയിലേയ്ക്ക് പ്രവേശിക്കുന്നു എന്നും, പക്ഷെ അവർക്ക് അതിന്റെ ഗുണഭോക്താക്കൾ ആകാൻ കഴിയുന്നില്ലെന്നും നാം തിരിച്ചറിയുന്നു.

ആധുനികത അവരെ അതിലേയ്ക്ക് കടത്തി വിടുന്നതിനു പകരം, അതിന്റെ ഉപകരണങ്ങളുടെ ഒരു എക്സ്റ്റൻഷൻ മാത്രം ആക്കുന്നു എന്നുള്ള തിരിച്ചറിവാണ് വിജില ഇവിടെ അവതരിപ്പിക്കുന്നത്. എന്നാൽ ഈ അമ്മയ്ക്ക് വാക്കുകൾ നഷ്ടപ്പെട്ടു എന്ന് നമുക്ക് പറയാൻ കഴിയില്ല.

കാരണം “‘അമ്മ ഒരു കാല്പനിക കവിതയല്ല’ എന്ന കവിതയിൽ കവി അമ്മയുടെ നാവ് സംസാരിക്കുന്നതെന്തൊക്കെ എന്ന് വെളിപ്പെടുത്തുന്നു. നാട്ടിലും വീട്ടിലും ഉള്ള എല്ലാം പറഞ്ഞിട്ട്, ‘റേഡിയോവിൽ സംസ്കൃത വാർത്ത കേൾക്കുമ്പോൾ ‘അമ്മ അത് പൂട്ടിവെയ്ക്കാൻ പറഞ്ഞു പണിയ്ക്കിറങ്ങുന്നു’ എന്ന് വിജില എഴുതുന്നു. ഇത് അമ്മയുടെ പായാരം പറച്ചിലോ നുണ പറച്ചിലോ അല്ല.

അവർ ലോകത്തെ തന്റെ അറിയുകയും വിമർശിക്കുകയും ചെയ്യുകയാണ്. പക്ഷെ അവർ ഭരണകൂടത്തെയോ വ്യവസ്ഥയെയോ അല്ല അഡ്രസ് ചെയ്യുന്നത്, കവിതയെഴുതി ഉറക്കം തൂങ്ങിയിരിക്കുന്ന തന്റെ മകളെയാണ്.

ആ മകളെ ഒരു പണിയേൽപ്പിച്ചിട്ടാണ് ‘അമ്മ ഇറങ്ങുന്നത്. സംസ്കൃതം വാർത്ത നിർത്താൻ. സംസ്കൃതീകരണം എന്ന അടിച്ചേൽപ്പിക്കലിനെ തന്റെ ആ ഒരൊറ്റ പറച്ചിൽ കൊണ്ട് ‘അമ്മ എതിരിക്കുകയാണ്. അവർ അത് ബോധപൂർവം ചെയ്യുകയാണോ എന്നതിന് വ്യക്തമായ ഉത്തരം എനിയ്ക്കില്ല.

പക്ഷെ അവരുടെ ആ വർത്തമാനം മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം, ‘നമ്മളെ വേണ്ടാത്ത ദൈവത്തെ നമുക്കും വേണ്ടാടാ മക്കളെ’ എന്ന് പറഞ്ഞ അയ്യൻകാളിയുടെ രാഷ്ട്രീയം തന്നെയാണ്.

സ്ത്രീവാദത്തിന്റെ മുദ്രാവാക്യങ്ങളൊന്നും കേൾക്കാത്ത കവിതകളാണ് വിജിലയുടേത്. പക്ഷെ ആ കവിതകളെല്ലാം സ്ത്രീ ലോകത്തിന്റേതാണ്. സ്ത്രീയുടേത് മാത്രമായ ലോകമല്ല, മറിച്ച് പുരുഷൻ ഒരു പക്ഷെ കണ്ടില്ലെന്ന് നടിക്കുന്ന സ്ത്രീലോകത്തെ പിടിച്ച് അവന്റെ മുന്നിൽ കൊണ്ട് ചെന്ന് നിര്ത്തുകയാണ് ഈ കവിതകൾ ചെയ്യുന്നത്.

ഒരു തരത്തിലും താരതമ്യത്തിന് മുഴുകാതെ അനുഭവങ്ങളെ കവിതയുടെ ഭാരമൊന്നുമില്ലാതെ മറ്റൊരു തലത്തിലേയ്ക്ക് ഉയർത്തി വെയ്ക്കുകയാണ് വിജില ചെയ്യുന്നത്. അത് കൊണ്ട് തന്നെ വളരെ ലളിതം എന്ന് തോന്നുന്ന പലതും സ്വന്തം അനുഭവ കഥനങ്ങൾ എന്ന വാശിയില്ലാതെ നിർമ്മമായി കവിതയുടെ തലത്തിൽ കൊണ്ടെത്തിയ്ക്കാൻ വിജിലയ്ക്ക് കഴിയുന്നു.

‘നാരാന്യേടത്തിമാർ’ എന്ന കവിത ഇതിന് ഉദാഹരണമാണ്. ഒരു നാരായണി ഇരയും മറ്റൊരു നാരായണി മറ്റൊരു നാരായണി പോരാടുന്നവളും. രണ്ടു പേരും പണിയെടുക്കുന്നു. ഒരാൾ ഇല്ലായ്മയിൽ നിന്ന്, മറ്റൊരാൾ സ്വന്തം കാലിൽ നിൽക്കണമെന്നുള്ളത് കൊണ്ട്.

പക്ഷെ രണ്ടു നാരായണിമാർക്കും കവി അവരുടേതായ അന്തസ്സ് നൽകുന്നു. പ്രത്യയശാസ്ത്ര കടുംപിടുത്തങ്ങൾ ഉണ്ടായിരുന്നെങ്കിൽ ആദ്യത്തെ നാരായണിയുടെ വിധേയത്വ സ്വഭാവത്തെ തള്ളിപറയാനുള്ള പ്രവണത ഉണ്ടാകുമായിരുന്നു. വിജിലയിൽ അങ്ങിനെയൊന്നില്ല.

മെയിൽ ബോണ്ടിങ് എന്ന് ആണുങ്ങളുടെ കാമനകളെയും ഭാവനകളെയും ഒന്നിപ്പിക്കുന്ന കൂട്ടുകൂടലുകളെ പറയാറുണ്ട്. എല്ലാ വിപ്ലവങ്ങളും കൊള്ളരുതായ്മകളും നടക്കുന്നത് ഇത്തരം ബോണ്ടിങ്ങിലൂടെ ആണെന്ന് പറയുന്നു.

അതെ സമയം ഫീമെയിൽ ബോണ്ടിങ്ങിനെ ‘ഗോസ്സിപ്’ ഗ്രൂപ്പെന്നോ, കിറ്റി പാർട്ടിയെന്നോ, പരദൂഷണമെന്നൊ, പേൻ കൊല്ലൽ എന്നോ, നുണപറച്ചിൽ എന്നോ, പായാരം പറച്ചിൽ എന്നോ പിന്നെ ലെസ്ബിയൻ ബന്ധങ്ങളെന്നോ ഇകഴ്ത്തലുകളുടെ ഒരു മേഖലയിലേയ്ക്ക് ചുരുക്കുന്നു.

എന്നാൽ വിജിലയുടെ കാവ്യലോകത്ത് ഫീമെയിൽ ബോണ്ടിങ് വളരെ വ്യത്യസ്തമായ അർത്ഥങ്ങളാണ് ഉണ്ടാകുന്നത്. അവിടെ സൗഹൃദങ്ങളുണ്ട്, നൈരാശ്യങ്ങളുണ്ട്, ഗൃഹാതുരത്വവും പ്രണയനഷ്ടങ്ങളും ഉണ്ട്. പ്രതികാരം പോലുമുണ്ട്. കൂട്ടുകാരികളുമൊത്ത് പൊതിച്ചോറ് പങ്കിട്ടു കഴിയ്ക്കുന്ന ഒരു ഇമേജ് ആവർത്തിച്ചു വരുന്നുണ്ട്.

ഭക്ഷണം എന്നത് പങ്കു വെയ്ക്കലാണെന്നും എന്നാൽ എല്ലാ പങ്കുവെയ്ക്കലുകളെയും പോലെ ഇതിലും സാമൂഹികമായ ഉച്ചനീചത്വങ്ങൾ ഉണ്ടെന്നും ഉള്ളതിന്റെ സൂചനകൾ കവിതയിൽ വരുന്നു. ഭക്ഷണത്തെ വിജില പ്രണയവുമായാണ് ബന്ധിപ്പിക്കുന്നത്.

‘പരീക്ഷ’ എന്ന കവിതയിൽ ഭക്ഷണം ഊർന്നു പോകുന്നതിനെ ‘ബലം കുറഞ്ഞ നൂല് കൊണ്ട് പ്രണയം കെട്ടിയതുമായാണ്’ താരതമ്യപ്പെടുത്തുന്നത്. ‘ചോറ്റുപാത്രം’ എന്ന കവിത നോക്കുക, ‘വൈകുന്നേരങ്ങളിൽ ചോറ്റുപാത്രത്തിൽ ഒരു പ്രേമലേഖനത്തിനായി വിശന്നു പൊരിഞ്ഞവളോട് ശംഖുപുഷ്പം പോലെ വെളുത്തു നീണ്ടവൾ പ്രണയനൈരാശ്യങ്ങളുടെ പട്ടിക നിരത്തുന്നു.’

എന്നെ പിടിച്ചുലച്ച ഏതാനും കവിതകൾ ഈ സമാഹാരത്തിൽ ഉണ്ട്. ‘ആറരയ്ക്കുള്ള വണ്ടീൽ’ എന്ന കവിത എന്റെ തന്നെ നേരനുഭവമായി വായിച്ചെടുക്കാൻ കഴിഞ്ഞു. ‘ആറരയ്ക്കുള്ള വണ്ടീൽ ആരൊക്കെയുണ്ടെന്റെ കൊച്ചെ’ എന്ന് ചോദിക്കുന്ന കവി, അല്ലെങ്കിൽ കവിതയ്ക്കുള്ളിലെ ഒരാൾ, അല്ലെങ്കിൽ ചോദ്യങ്ങൾ നിരന്തരം ചോദിക്കുന്ന ‘അമ്മ, ആരൊക്കെ ഉണ്ടെന്നുള്ള ഉത്തരം കേൾക്കുകയാണ്.

അവിടെ അമ്മതും ആമിനയും കുട്ടപ്പനും മറിയാമ്മച്ചേടത്തിയും ഓമനക്കുഞ്ഞമ്മയും വാസന്തിച്ചേച്ചിയും ഒക്കെ ഉണ്ട്. ഓരോരുത്തരം ഓരോ പണിക്കുപോയി തിരികെ പോകുന്നവരാണ്.കവിത ഇങ്ങനെ അവസാനിക്കുന്നു, ‘ആറരയ്ക്കുള്ളൊരു വണ്ടീൽ/ കാക്കയെപ്പോലെ കറുത്തോർ/ പൊകലച്ചുരുള് പോലുള്ള/കൈലിയും ഷർട്ടുമണിഞ്ഞോർ/ ഇന്നത്തെ അന്നത്തിനായി/തുട്ടിനിറങ്ങി തിരിച്ചോർ.”

തിരുവനന്തപുരം പോലുള്ള നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലേയ്ക്ക് (വാഴയില, മുട്ടട, ഉഴമലയ്ക്കൽ അങ്ങിനെ പലതും) പോകുന്ന അരണ്ട വെളിച്ചമുള്ള ട്രാൻസ്പോർട്ട് ബസ്സുകളിൽ ഞാൻ എത്രയോ പേരെ ഇങ്ങനെ കണ്ടിരിക്കുന്നു.

വിജില ഇവരിൽ പറയാതെ പറയുന്നവരാണ് അതിഥി തൊഴിലാളികൾ. അവർ കറുപ്പല്ല. പക്ഷെ നിങ്ങൾ തൊഴിലാളി ആണെങ്കിൽ നിങ്ങളുടെ നിറം കറുപ്പല്ലാതെ മറ്റെന്താണ്? ‘പെൺക്രിയകളുടെ പ്രസാധനം’ , ‘കൈക്കലത്തുണികൾ’ എന്നീ കവിതകൾ സ്ത്രീകളുടെ സാമൂഹ്യസ്ഥാനത്തെ വ്യക്തമായി അടയാളപ്പെടുത്തുന്നു. സ്ത്രീകളുടെ പരിണാമദശകൾ ആണിവ.

പക്ഷെ അവ പ്യൂപ്പയിൽ നിന്ന് ചിത്രശലഭങ്ങൾ ആകുന്നില്ല. മറിച്ച് ‘ജരാനരകൾ ബാധിച്ചു പുറം കവർ പൊളിഞ്ഞ വായിക്കപ്പെടാത്ത ആത്മകഥകൾ’ ആയിപ്പോകുന്നു. സെക്കുലറിസം എന്ന് പേരുള്ള കവിതയിലെ മൂന്നാമത്തെ ഭാഗമായ ശ്രോതാവ് എന്നതിനെ എടുത്തു എഴുതിക്കൊണ്ട് ഞാനീ ആസ്വാദനം അവസാനിപ്പിക്കാം.

വിജില എഴുതുന്നു: “എല്ലാ മുറികളും/ ടി വി കാണുമ്പോൾ/അടുക്കള മാത്രം/ ടി വി കേൾക്കുന്നു.’ കവികൾക്കേ ഇങ്ങനെ എഴുതാൻ കഴിയൂ.. ഒന്ന് കൂടി. 2015 -ൽ എഴുതിയതെങ്കിലും ഇന്ന് വായിച്ചാൽ ഇന്നെഴുതിയതാണെന്നു തോന്നുന്ന ഒരു കവിതയാണ് സെക്കുലറിസത്തിൽ ആദ്യം.

” തെരുവിൽ വിശപ്പ് സഹിക്കാതെ, കട്ട് തിന്നുന്നവനെ, അടിക്കുമ്പോൾ, അവൻ അള്ളായെന്നോ, ഈശോയെന്നോ, കൃഷ്ണായെന്നോ വിളിച്ചില്ല, എങ്കിൽ അടി നിർത്തണോ തുടരണോ എന്ന് തീരുമാനിക്കാമായിരുന്നു.”

–ജോണി എം എൽ