മദ്യപിക്കുന്നതിനിടെ കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തോല്‍വിയെ ചൊല്ലി തര്‍ക്കിച്ച ബിജെപി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബിഎംഎസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു.

കുന്നംകുളം ചെറുവത്താനി പേരോത്ത് വേലായുധന്റെ മകന്‍ ഷിജു (35) വിനെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പുന്നയൂര്‍ക്കുളം പരൂര്‍ വാക്കത്തി റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ വടക്കേകാട് കപ്ലിയങ്ങാട് സ്വദേശി തണ്ടേങ്ങാട്ടില്‍ പരേതനായ രാജന്റെ മകന്‍ രഞ്ജിത്ത്(31)ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ മുതല്‍ പ്രതിയും മരിച്ച രഞ്ജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പകല്‍ മൂന്നരയോടെ കേരളത്തിലെ ബിജെപിയുടെ നേതൃത്വമാണ് പരാജയത്തിന് കാരണമെന്ന് രഞ്ജിത്ത് പറഞ്ഞതിനെ തുടര്‍ന്ന് പ്രകോപിതനായ ഷിജു മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തിനിടെ കൈയിലുണ്ടായിരുന്ന മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. എന്നാല്‍ ഇയാളെ മര്‍ദിക്കുന്നത് തടയാനൊ പിന്തിരിപ്പിക്കാനൊ സുഹൃത്തുക്കളും തയ്യാറായില്ല എന്നുമാത്രമല്ല പ്രതിയോടൊപ്പം മറ്റുള്ളവരും സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.

പിന്നീട് വടക്കേക്കാട് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരിച്ച രഞ്ജിത്തിന്റെ ദേഹത്തില്‍ മര്‍ദനത്തിന്റെ പാടുകള്‍ ഒന്നിലധികം പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്ന സംശയം രൂക്ഷമാക്കിയിട്ടുണ്ട്.