പാലായില്‍ ഇനി ആരും കുടുംബ വാഴ്ച്ച അംഗീകരിക്കില്ലെന്ന് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍. സ്ഥാനാര്‍ത്ഥിയാകാന്‍ തനിക്കും അര്‍ഹതയുണ്ട്. പക്ഷെ അത് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും ജനങ്ങളുമാണ്.

ഉപതെരഞ്ഞെടുപ്പില്‍ നിഷാ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകളോടായിരുന്നു പടവന്റെ പ്രതികരണം. നിലവില്‍ പാര്‍ട്ടി സംസ്ഥാന സമിതിയംഗമാണ് കുര്യാക്കോസ് പടവന്‍.

കെഎം മാണിക്ക് പാലായിലുണ്ടായിരുന്ന അപ്രമാദിത്വം ഇനി കേരളാ കോണ്‍ഗ്രസിന് ഉണ്ടാകണമെന്നില്ല. ഉപതിരഞ്ഞെടുപ്പില്‍ മാണി കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടെങ്കിലും ആ സ്ഥാനാര്‍ത്ഥിയാകാന്‍ തനിക്കും അര്‍ഹതയുണ്ട്. പക്ഷെ അത് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും ജനങ്ങളുമാണെന്നും പടവന്‍ പറഞ്ഞു.

മണ്ഡലത്തിന്റെ വികസനത്തിന് നേതൃത്വം നല്‍കാന്‍ കെല്‍പ്പുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. അവരാണ് നേതൃത്വത്തിലേണ്ടതെന്നും കെഎം മാണിയുടെ വലംകയ്യായി 40 വര്‍ഷം പല മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച പടവന്‍ പറയുമ്പോള്‍ അത് കേരളാ കോണ്‍ഗ്രസില്‍ മറ്റൊരു പൊട്ടിത്തെറിക്കു കൂടി വഴിയൊരുക്കുകയാണ്.