കൊച്ചി > കുടുംബാങ്ങളുടേയും പ്രിയപ്പെട്ടവരുടെയും മരണത്തില്‍ അനുശോചനം അറിയിച്ചും ചരമ വാര്‍ഷികത്തില്‍ അവരുടെ സ്മരണ പുതുക്കിയും പത്രങ്ങളില്‍ പരസ്യം നല്‍കുന്നത് സാധാരണയാണ്.

ഓമനിച്ചു വളർത്തുന്ന വളർത്തുമൃഗങ്ങളുടേയും അത്തരത്തിൽ കാണാറുണ്ട്‌. എന്നാല്‍ മുംബെയിലെ ഒരു വളര്‍ത്തുപൂച്ചയുടെ ചരമവാര്‍ഷികം കണ്ണീരോടെ ഓര്‍ത്തെടുത്ത വീട്ടുകാരെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ.

പൂച്ചയ്‌ക്ക്‌ വരെ ജാതിവാൽ ചേർത്ത്‌ ‘ചുഞ്ചു നായര്‍’ എന്നാക്കിയതാണ്‌ ട്രോളന്‍മാരും, സോഷ്യൽ മീഡിയയും ചർച്ചയാക്കിയിരിക്കുന്നത്‌.

ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനില്‍ ഇന്ന് പ്രത്യക്ഷപ്പെട്ട ഒരു പരസ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചർച്ചയ്‌ക്കും ട്രോളുകള്‍ക്ക് കാരണം.

വളര്‍ത്തുപൂച്ച ചുഞ്ചു നായരുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ‘മോളൂട്ടീ വീ ബാഡ്‍ലി മിസ് യു’ എന്ന് കുടുംബാഗങ്ങള്‍ കണ്ണീരോടെ കുറിച്ച പരസ്യമാണ് ശ്രദ്ധേയമായത്.

പൂച്ചയുടെ പേരിനൊപ്പം ജാതിവാൽ ചേർത്ത പരസ്യം വൈറലായതോടെ നിരവധി ട്രോളുകളും ചർച്ചകളുമാണ്‌ സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്‌.

പരസ്യം ഹിറ്റായതോടെ ട്രോളന്‍മാരും രംഗത്തെത്തി. ‘ചുഞ്ചു നായര്‍ പൂച്ച’ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ടും ചുഞ്ചുവിന്‍റെ ആരാധകര്‍ സ്യഷ്ടിച്ചു. എന്ത് തന്നെയായാലും വീട്ടുകാര്‍ മാത്രം ഓര്‍ത്ത ചുഞ്ചു നായരുടെ ചരമ വാര്‍ഷികം ഇതോടെ തരംഗമായിരിക്കുകയാണ്.