കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലഘട്ടത്തിൽ നിർമിച്ച പാലാരിവട്ടം മേൽപ്പാലത്തിൻ്റെ ഒന്നാംഘട്ട അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിലേക്ക്.

ജൂൺ ഒന്നിന് ആദ്യഘട്ട അറ്റകുറ്റപ്പണികൾക്ക് ശേഷം പാലം താൽക്കാലികമായി തുറന്നുകൊടുക്കാൻ ആകുമെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. അതെ സമയം പാലത്തിൻ്റെ നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം ഉടൻ സമർപ്പിക്കും.

നിർമാണത്തിലെ ക്രമക്കേട് മൂലം തകരാറിലായ പാലാരിവട്ടം മേൽപ്പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുകയാണ്.

പുനർ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ വലിയ ഗതാഗതക്കുരുക്കാണ് ഇതുമൂലം കൊച്ചി നഗരത്തിൽ ഉണ്ടായിരിക്കുന്നത്.

നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ പാലം അടച്ചിടാൻ ആയിരുന്നു റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്.

എന്നാൽ മഴക്കാലം എത്തുന്നതോട് കൂടി നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ ജൂൺ ഒന്നിന് താൽക്കാലികമായി പാലം തുറന്നു കൊടുക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

പഴയ ടാറിങ് പൂർണമായി പൊളിച്ചുനീക്കി റീ ടാറിങ് നടപടികൾ പൂർത്തിയായിട്ടുണ്ട്. പാലത്തിലെ ജോയിൻ്റുകളിലെ കോൺക്രീറ്റ് ജോലികളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഈ ജോലികൾ ജൂൺ ഒന്നിനു മുൻപ് പൂർത്തിയാക്കി മദ്രാസ് ഐഐടി സംഘത്തിൻ്റെ പരിശോധനയ്ക്കുശേഷം പാലം തുറന്നു നൽകാനാണ് തീരുമാനം.

രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ എക്സ്പാൻഷൻ പഴയ രീതിയിലേക്ക് മാറ്റുകയും ബെയറിങ് സ്ഥാപിച്ച് പാലത്തിൻറെ ബലം വർദ്ധിപ്പിക്കുകയും ചെയ്യും.

എന്നാൽ മഴക്കാലത്ത് ഈ പ്രവർത്തികൾ ചെയ്യാനാകില്ലെന്നതും പാലം താൽക്കാലികമായി തുറന്നു നൽകാൻ കാരണമായി.

മഴക്കാലത്തിനു ശേഷം മൂന്നു മാസം കൂടി പാലം അറ്റകുറ്റപ്പണികൾക്കായി വീണ്ടും അടച്ചിടും. അതേസമയം പാലത്തിലെ നിർമ്മാണത്തിൻറെ ക്രമക്കേട് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് അന്വേഷണസംഘം ഉടനെ വിജിലൻസ് ഡയറക്ടർക്ക് കൈമാറും.