പുസ്തകക്കെട്ടുകള്‍ക്കിടയില്‍ പേരിന്‍റെ പ്രത്യേകത കൊണ്ട് മലയാളിയുടെ കണ്ണില്‍ ഉടക്കി. ‘നാസ്തികനായ ദൈവം’. പ്രയോഗങ്ങളുടേയും വാക് പ്രപഞ്ചത്തിന്‍റെയും മനോഹാരിത തീര്‍ത്ത് കടന്ന് പോയില്ല.

വൈകാരിക വേലിയേറ്റം മാത്രം സമ്മാനിച്ച് മൃതിയടങ്ങിയതുമില്ല. മലയാളിമസ്തിഷ്കത്തില്‍ യുക്തിചിന്തയുടേയും ശാസ്ത്രബോധത്തിന്‍റേയും ശരിയായ വിസ്ഫോടനം നടത്തുകയായിരുന്നു റിച്ചാര്‍ഡ് ഡോക്കിന്‍സിന്‍റെ ‘ഗോഡ് ഡിലൂഷന്‍’ എന്ന കൃതി.

അതിനെ മലയാളിക്ക് പരിചയപ്പെടുത്തിയത് പ്രോഫ: സി രവിചന്ദ്രന്‍. പുസ്തകം എന്നതിനപ്പുറം മാറ്റത്തിന്‍റെ കാഹളം മു‍ഴക്കാനും നവോത്ഥാനത്തിന്‍റെ മലയാളമനസിനെ സമഗ്രമായി ഉണര്‍ത്താനും ഗ്രന്ഥത്തിനായി എന്നതാണ് പ്രയോക്താക്കളുടെ ജയം.

എ റ്റി കോവൂരടക്കം തുടങ്ങിവെച്ച സംഘടിതാര്‍ത്ഥത്തില്‍ കേരളത്തില്‍ നിലനിന്നിരുന്ന പരമ്പരാഗത യുക്തിചിന്തകള്‍ക്ക് മേലെ ശാസ്ത്രത്തിന്‍റേയും ആധുനികതയുടെയും പുതിയ വ‍ഴിയാണ് ‘നാസ്തികനായ ദൈവം’ കൊളുത്തിയത്.

എസെന്‍സ് ഗ്ളോബലിന്‍റെ ആഭിമുഖ്യത്തില്‍ പുസ്തകത്തിന്‍റെ പത്താംവാര്‍ഷികം ക‍ഴിഞ്ഞ ദിവസങ്ങളില്‍ കരുനാഗപള്ളിയില്‍ നടന്നു.

നിരീശ്വരവാദ പ്രചരണാര്‍ത്ഥം തെരുവുകളില്‍ മാന്ത്രിക രഹസ്യ അനാവരണം എന്നതില്‍ നിന്ന് സമഗ്രമായ ജീവിത വീക്ഷണം ആധുനിക നാസ്തികര്‍ രൂപപെടുത്തി.

കേവലം ഒരു വിശ്വാസരാഹിത്യമല്ല, ശാസ്ത്രവും ആധുനിക ചിന്തയും എത്തിപ്പെടുന്ന അനിവാര്യതയായി നിരീശ്വരവാദം മാറി. ആരോഗ്യം , ഭക്ഷണം , ചികിത്സരംഗം ഒക്കെ ഉള്‍കൊള്ളുന്ന വിശാല കാ‍ഴ്ചപാടാണ് അവിടുത്തെ പ്രത്യേകത.

‘സത്യം അറിയുക’ എന്നല്ല വസ്തുതയെ വസ്തുതയായി കാണുകയെന്നതും രീതിശാസ്ത്ര നിബിഡമായി മാത്രം ശാസ്ത്രത്തെ സമീപിക്കുകയുമാണിവിടെ. പരിണാമത്തിന്‍റെ ഉപജ്ഞാതാവായ ഡാര്‍വ്വിനില്‍ നിന്നാണ് റിച്ചാര്‍ഡ് ഡോക്കിന്‍സ് തുടങ്ങുന്നത് എന്ന് പറഞ്ഞാല്‍ തെറ്റില്ല.

ഭൂമിയിലെ എറ്റവും മഹത്തായ ദൃശ്യ വിസ്മയം ( ദി ഗ്രേറ്റെസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്) എന്ന റിച്ചാര്‍ഡ് ഡോക്കിന്‍സിന്‍റെ ഗ്രന്ഥവും മലയാളത്തില്‍ പകര്‍ത്തിയത് സി രവിചന്ദ്രനാണ്. പകര്‍ത്ത‍ഴുത്തും പരിഭാഷയിലുമല്ല ആശയപരമായി പ്രഞ്ചവും തീര്‍ക്കുന്നതില്‍ അതൊരു കൂട്ടായ്മയായി.

ഒപ്പം സാധാരണസംഭവിക്കുന്ന വ്യക്തി നിഷ്ഠമായ ആരാധനയും ആശയ അടിമത്വവും ഉണ്ടാകാതെ ആ സംഘം രൂപപെട്ടു എന്നത് ശ്രദ്ധേയം.

എസ്സെന്‍സ് ഗ്ളോബല്‍ എന്നത് പേരില്‍ മാത്രമല്ല ആഗോള സ്വഭാവം ശരിയായ അര്‍ത്ഥത്തില്‍ നിലനിര്‍ത്തുന്നതിലേക്ക് വരെ വിന്യസിച്ചത് ഈ അക്ഷരത്താളില്‍ തുടങ്ങിയതാണ്. അത് തന്നെയാണ് പുസ്തകം എന്നതിനപ്പുറം നാസ്തികനായ ദൈവം മലയാളിയോട് സംവദിച്ചത്.