എടയാര്‍ സ്വര്‍ണ കവര്‍ച്ച കേസില്‍ പിടിയിലായവര്‍ സ്ഥിരം കുറ്റവാളികളെന്ന് പോലീസ്.

കൊലപാതകവും തട്ടിക്കൊണ്ടുപോകലുമടക്കം വിവിധ കേസുകളില്‍ ശിക്ഷ അനുഭവിച്ചവരാണ് കവര്‍ച്ചക്ക് പിന്നില്‍.

കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ സിഗുകണ്ടത്തില്‍ നിന്ന് അര്‍ദ്ധ രാത്രി അതിസാഹസികമായാണ് പ്രതികളെ പിടികൂടിയത്. പ്രതികളുമായി തെളിവെടുപ്പിന് പോയ ജീപ്പ് മറിഞ്ഞെങ്കിലും അത്യാഹിതം ഒഴിവായി.

വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അനേഷണത്തിനൊടുവിലാണ് പ്രതികളെ കേരള തമിഴ്നാട് അതിര്‍ത്തിയിലെ സിഗുക്ണ്ടം വനത്തില്‍ നിന്ന് പ്രത്യേക അനേഷണ സംഘം പിടികൂടിയത്. മൊബൈല്‍ ഫോണ്‍ പോലുമുപയോഗിക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍.

ആദ്യം പിടിയിലായ വിബിന്‍ ജോര്‍ജില്‍ നിന്ന് ലഭിച്ച സൂചന യെ തുടര്‍ന്ന് പോലീസ് അടിമാലി,സൂര്യനെല്ലി ,മാട്ടുപെട്ടി, കുണ്ടള, എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തി. മാട്ടുപെട്ടിയിലെ ഹോംസ്റ്റേയില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പോലീസെത്തുന്നതിന് തൊട്ടു മുന്‍പ് കടന്നു കളഞ്ഞു.

തുടര്‍ന്ന് കൊളുക്കുമലയടക്കമുള്ള സ്ഥലങ്ങളില്‍ ജീപ്പിലും കിലോമീറ്ററുകള്‍ കാല്‍നടയായും സഞ്ചരിച്ച് തിരച്ചില്‍. ഒരു ഘട്ടത്തില്‍ പോലീസ് പ്രതികള്‍ക്ക് അടുത്ത് വരെ എത്തി. എന്നാല്‍ പ്രതികള്‍ രക്ഷപെട്ടു.

പിന്‍വാങ്ങാതെ അര്‍ദ്ധരാത്രിയിലും വനത്തിനുള്ളില്‍ നടത്തിയ തിരച്ചിലിലാണ് ഒളിഞ്ഞാവളം കണ്ടെത്തിയത്. എയര്‍ ഗണ്‍ ഉപയോഗിച്ച് അക്രമണത്തിന് മുതിര്‍ന്നെങ്കിലും പോലീസ് പ്രതികളെ ബലപ്രയോഗിച്ച് കീഴടക്കി.

വനത്തിനകത്ത് പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലായിരുന്നു പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഒളിത്താവളത്തില്‍ മ്ലാവിറച്ചിയും മാരകായുധങ്ങളും സംഭരിച്ച് സൂക്ഷിച്ചിരുന്നു.

നേരത്തെ അഗളി സി.ഐയും മാവോയിസ്റ്റുകള്‍ക്കെതിരെ യുള്ള സ്‌ക്വാഡിന്റെ ചുമതലയുണ്ടായിരുന്ന സലീഷ് .എന്‍ .എസ്, നേതൃത്വത്തിലായിരുന്നു ഓപറേഷന്‍. പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.