മരിച്ച അമ്മയുടെ ആത്മാവ് ശരീരത്തില്‍ പ്രവേശിക്കാറുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പട്ടിണിക്കിട്ടു; പീഡിപ്പിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയും; 16കാരിയുടെ മരണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മുതിരപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വസ്തുതകള്‍. ദുര്‍മന്ത്രവാദത്തിനിടെയാണ് പെണ്‍കുട്ടി മരിച്ചതെന്ന് കണ്ടെത്തിയ പോലീസ് പിതൃസഹോദരിമാരടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപിച്ചതിന് നേരത്തെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയടക്കം രണ്ടു പേര്‍ പിടിയിലായിരുന്നു. തിരുനെല്‍വേലി ആറ്റിന്‍കരയിലെ ഒരു ലോഡ്ജില്‍ കഴിഞ്ഞ മാസം പന്ത്രണ്ടാം തീയതിയാണ് പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ അധ്യാപകരും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ന്യുമോണിയയാണു മരണ കാരണമെന്നു വ്യക്തമായി. എന്നാല്‍ മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ കുട്ടിക്ക് മതിയായ ആഹാരം ലഭിച്ചിരുന്നില്ലെന്നും ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.

പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെയും സുഹൃത്തിനെയും അറസ്റ്റു ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദത്തിന് വിധേയാക്കിയരുന്നുവെന്ന് കണ്ടെത്തിയത്. ഏഴുവര്‍ഷം മുന്‍പ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചു. അച്ഛന്‍ വിദേശത്തു ആയതിനാല്‍ പിതൃസഹോദരിമാര്‍ക്കൊപ്പമായിരുന്നു താമസം.

അമ്മയുടെ പ്രേതം പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രവേശിക്കുന്നുണ്ടെന്നു പറഞ്ഞായിരുന്നു മന്ത്രവാദം. മരിക്കുന്നതിന് അഞ്ചു ദിവസം മുന്‍പ് കടുത്ത പനിബാധിതയായ പെണ്‍കുട്ടിയുമായി കുടുംബാഗങ്ങള്‍ ബാധ ഒഴിപ്പിക്കാനുള്ള പ്രാര്‍ഥനയ്ക്കായി തമിഴ്നാട്ടിലെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് പോയി. ഇതിനിടെ രോഗം മൂര്‍ഛിച്ച് പതിനാറുകാരി മരിക്കുകയായിരുന്നു.

പനി ബാധിച്ച പെണ്‍കുട്ടിയെ നിര്‍ബന്ധത്തിനു വഴങ്ങി ആശുപത്രികളില്‍ കൊണ്ടു പോയെങ്കിലും ഡോക്ടര്‍മാര്‍ കുറിച്ച മരുന്നുകള്‍ വാങ്ങിക്കുകയോ ടെസ്റ്റുകള്‍ നടത്തുകയോ ചെയ്തില്ലെന്നു പൊലീസ് പറഞ്ഞു.

പകരം ബായി ഉസ്താദിന്റെ വാക്കുകള്‍ കേട്ടു മന്ത്രവാദം നടത്തിയും വിവിധ മതതീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കൊണ്ടു പോയി പ്രാര്‍ത്ഥിച്ചും അസുഖം ഭേദമാക്കാനായിരുന്നു ശ്രമം. ഇത്തരത്തില്‍ തിരുനെല്‍വേലിയിലെ തീര്‍ത്ഥാടന കേന്ദ്രത്തിനു സമീപത്തെ ലോഡ്ജില്‍ കഴിയുമ്ബോഴാണു രോഗം മൂര്‍ച്ഛിച്ചു പെണ്‍കുട്ടി മരിച്ചത്.

മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ന്യുമോണിയയാണു മരണ കാരണം എന്നു വ്യക്തമായിരുന്നു.വെള്ളിയാഴ്ച നടന്ന മരണം ദിവ്യമാണെന്നു വിശ്വസിപ്പിച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്താന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുകളും നാട്ടുകാരും പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. പെണ്‍കുട്ടി ന്യുമോണിയ ബാധിച്ചാണ് മരിച്ചതെന്നും പലതവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കോട്ടയം സ്വദേശി ബായി ഉസ്താദ് എന്നറിയിപ്പെടുന്ന നൗഷാദ്, പെണ്‍കുട്ടിയുടെ പിതൃസഹോദരിമാര്‍ എന്നിവരെ അറസ്റ്റു ചെയ്തു.മനപ്പൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകളാണ് മൂന്നുപേര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here