മസാല ബോണ്ടില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്; ”ആര് എതിര്‍ത്താലും കിഫ്ബി പദ്ധതികളുമായി മുന്നോട്ട് പോകും; പ്രതിപക്ഷത്തിന്റേത് വെറും കോപ്രായങ്ങള്‍ മാത്രം”

മസാല ബോണ്ടില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് എണ്ണി മറുപടി പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്.

ആര് എതിര്‍ത്താലും കിഫ്ബി പദ്ധതികളുമായി മുന്നോട്ട് പോകും. പ്രതിപക്ഷത്തിന്റേത് വെറും കോപ്രായങ്ങള്‍ മാത്രം. പൊതുമേഖലക്ക് പോലും വായ്പ കൊടുക്കരുതെന്ന നയമാണ് ഇവര്‍ക്കെന്നും ഐസക് കുറ്റപ്പെടുത്തി. എന്നാല്‍ കേരളത്തെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ കൂട്ട് നിന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

മസാല ബോണ്ടിലെ വ്യവസ്ഥകള്‍ ദുരൂഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും ആരോപിച്ച പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് ചര്‍ച്ചയ്‌ക്കെടുത്തതോടെയാണ് ആരോപണങ്ങള്‍ക്ക് അക്കമിട്ട് ധനമന്ത്രി തോമസ് ഐസക് മറുപടി നല്‍കിയത്.

മസാലബോണ്ട് വഴി പണം സമാഹരിക്കുന്നത് നിയോ ലിബറല്‍ നയമല്ല. പൊതുമേഖലക്ക് പോലും വായ്പ കൊടുക്കരുതെന്ന നയമാണ് പ്രതിപക്ഷത്തിന്റേതെന്നും ഐസക് കുറ്റപ്പെടുത്തി.

വായ്പയുടെ തിരിച്ചടവില്‍ ആശങ്ക വേണ്ട. മോട്ടോര്‍ വാഹന നികുതിയുടെ അമ്പത് ശതമാനം വരെയും പെട്രോള്‍ സെസും കിഫ്ബിക്ക് ഗ്രാന്റായി നല്‍കും. 2030-ല്‍ വായ്പയുടെ തിരിച്ചടവ് തീര്‍ക്കണം. ഈ ഗ്രാന്റ് ഉപയോഗിച്ച് അത് കൊടുത്തുതീര്‍ക്കാം. ധനകാര്യ വിദഗ്ധരുടെ ഉപദേശം തേടിയശേഷമാണ് മസാല ബോണ്ട് ഇറക്കിയതെന്നും ഐസക് വ്യക്തമാക്കി.

കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്നതാണ് മസാല ബോണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കേരളത്തെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ കൂട്ട് നിന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ലണ്ടന്‍ യാത്രയും സ്റ്റോക് എക്‌സചേഞ്ചില്‍ മണി മുഴക്കിയതുമെല്ലാം രണ്ടര മണിക്കൂറില്‍ സഭയില്‍ ചര്‍ച്ചയായി.

മസാല ബോണ്ടില്‍ പ്രതിപക്ഷത്തെ ഏത് അംഗത്തിന്റേയും സംശയം ദൂരീകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയാണ് ഐസക് കാര്യങ്ങള്‍ വിശദീകരിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here