പ്രൊഫ. സാബു തോമസ് എം.ജി വിസി

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയുടെ പത്താമത് വൈസ് ചാൻസലറായി പ്രൊഫ. സാബു തോമസ് ചുമതലയേറ്റു.

സർവകലാശാലയിലെ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നിന്ന് കാമ്പസിലെ അധ്യാപകർക്കും വിദ്യാർഥികൾക്കുമൊപ്പം രാവിലെ 10.30ന് കാൽനടയായെത്തിയ പ്രൊഫ. സാബു തോമസിനെ രജിസ്ട്രാർ ഡോ. കെ. സാബുക്കുട്ടനും സിൻഡിക്കേറ്റംഗങ്ങളും ജീവനക്കാരും ജീവനക്കാരുടെ സംഘടനാ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് ചുമതലയേറ്റത്.

സിൻഡിക്കേറ്റംഗങ്ങളായ ഡോ. എ. ജോസ്, ഡോ. അജി സി. പണിക്കർ, ഡോ. ആർ. പ്രഗാഷ്, ഡോ. കെ. കൃഷ്ണദാസ്, ഡോ. എം.എസ്. മുരളി, വി.എസ്. പ്രവീൺകുമാർ, പ്രൊഫ. കെ. ജയചന്ദ്രൻ, രജിസ്ട്രാർ ഡോ. കെ. സാബുക്കുട്ടൻ, പരീക്ഷ കൺട്രോളർ പ്രൊഫ. ബി. പ്രകാശ് കുമാർ, അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു.

ഭാര്യ ഡോ. ആനി ജോർജും ബന്ധുക്കളും ചുമതലയേൽക്കൽ ചടങ്ങിനെത്തിയിരുന്നു. സർവകലാശാലയിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ സിലബസ് പരിഷ്‌ക്കരിച്ചുകൊണ്ടുള്ള ഫയലിൽ ഒപ്പിട്ടുകൊണ്ടാണ് ഔദ്യോഗിക കർത്തവ്യനിർവഹണം ആരംഭിച്ചത്.

സർവകലാശാലയെ രാജ്യത്തെ മികച്ച പത്ത് സർവകലാശാലകളിലൊന്നായി മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

സിൻഡിക്കേറ്റംഗങ്ങളും അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും ഒരു മനസ്സോടെ പ്രവർത്തിക്കുന്നതിനാലാണ് മറ്റ് സർവകലാശാലകൾക്ക് മാതൃകയാകുന്ന നിലയിൽ എം.ജി. വളർന്നത്.

വിദ്യാർഥി സൗഹൃദമായ അന്തരീക്ഷം ദൃഢമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സർവകലാശാലയെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നതിന് കൂട്ടായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനാ ഭാരവാഹികൾ വൈസ് ചാൻസലറുടെ പ്രവർത്തനങ്ങൾക്ക് സർവവിധ പിന്തുണയും നൽകുമെന്ന് അറിയിച്ചു.

എം.ജി. സർവകലാശാല വിമൻസ് ഫോറം സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക പരിപാടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News