മുംബൈയിലെ ലൈംഗിക തൊഴിലാളികളുടെ മക്കൾക്ക് കിടപ്പാടമൊരുക്കാൻ ട്രാൻസ്ജെൻഡർ ഗൗരി സാവന്ത്

ഗൗരി ശങ്കറിനെ അറിയില്ലേ ? പൂനെയിൽ ഒരു പോലീസുകാരന്റെ മകനായി ജനിച്ച ഗണേഷ് സാവന്ത് എന്ന ഗൗരിയെ.

പിന്നീട് തന്റെ ഉള്ളിലെ സ്വത്വത്തിന്റെ ആഗ്രഹ പ്രകാരം ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ഗൗരി സാവന്ത് ആയി മാറിയ കഥ.

എന്നാൽ ഭിന്നലിംഗ ലൈംഗിക തൊഴിലാളിയായിരുന്ന സുഹൃത്തിൽ അഭയം പ്രാപിച്ച ഗൗരിക്ക് പക്ഷെ ലൈംഗിക തൊഴിലാളിയായി പരിണമിക്കാനായില്ല.

ഗൗരി രണ്ടായിരത്തിലാണ് മുംബൈയിൽ സഖി ചാർ ചൗഖി എന്ന പേരിൽ ഭിന്നലിംഗക്കാർക്കായി ഒരു നോൺ ഗവൺമെന്‍റ് ഓര്‍ഗനൈസേഷന് തുടക്കമിടുന്നത്.

ഈ പ്രവർത്തനങ്ങൾക്കിടയിൽ ഗായത്രി എന്ന കൊച്ചു പെൺകുട്ടി ഗൗരിയുടെ കൈകളിലെത്തുന്നു. ലൈംഗിക തൊഴിലാളിയായിരുന്ന ഗായത്രിയുടെ അമ്മ HIV ബാധിച്ചു മരിച്ചപ്പോൾ അനാഥയായ പത്തു വയസ്സ്‌കാരിയെ പുലർത്താൻ കഴിവില്ലാത്ത അമ്മൂമ്മയാണ് വിൽക്കാൻ കൊണ്ട് വന്നത്. അന്ന് മറ്റൊന്നും ചിന്തിക്കാതെ ഗായത്രിയെ ഗൗരി ദത്തെടുക്കുകയായിരുന്നു.

ഒരു ട്രാൻസ്‌ജെൻഡർ ആയത് കൊണ്ട് ഗൗരിയെ സമൂഹം വെറുതെ വിട്ടില്ല. നിറയെ പ്രതിഷേധങ്ങൾ നേരിടുമ്പോഴും അതൊന്നും വക വയ്ക്കാതെ തന്നെ ഗായത്രിയെ മകളായി വളർത്തുകയായിരുന്നു ഗൗരി.

ഇപ്പോഴിതാ ലൈംഗിക തൊഴിലാളികളുടെ കുട്ടികൾക്ക് കിടപ്പാടമൊരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഗൗരി സാവന്ത്. പരസഹായമില്ലാതെ തന്നെ പദ്ധതി നടപ്പാക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു.

ഈയിടെ യാദൃശ്ചികമായി കണ്ടൊരു കാഴ്ചയാണ് ഇത്തരമൊരു സംരംഭം തുടങ്ങുവാൻ പ്രേരിപ്പിച്ച ഘടകമെന്ന് ഗൗരി പറയുന്നു.

ഒരു ലൈംഗിക തൊഴിലാളിയായ യുവതി പുരുഷനോടൊപ്പം കിടന്നിരുന്ന അതെ മുറിയിൽ ഇവരുടെ കുട്ടിയെയും കണ്ടപ്പോഴാണ് ഈ വിഷയത്തെ ഗൗരവപരമായി ചിന്തിച്ചെതെന്നും പിന്നീട് ഈ യുവതിയെ ചോദ്യം ചെയ്തപ്പോൾ അവരുടെ നിസ്സഹായാവസ്ഥയിൽ അനുകമ്പ തോന്നിയെന്നും ഗൗരി പറയുന്നു.

കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാമെങ്കിൽ വേശ്യാവൃത്തി ഉപേക്ഷിക്കാമെന്നു വരെ യുവതി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തൽക്കാലം തനിക്കൊരു മറുപടി പോലും ഉണ്ടായില്ലെന്നും ഗൗരി വ്യക്തമാക്കി.

ഇതിനൊരു പരിഹാരമായാണ് ലൈംഗിക തൊഴിലാളികളുടെ കുട്ടികളെ പുനരധിവസിപ്പിക്കുവാനായി കിടപ്പാടമൊരുക്കുന്നതെന്നും ആരുടെയും സഹായമില്ലാതെ തന്നെ പൂർത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും ഗൗരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഓരോരുത്തർക്കും അവരുടെ കുട്ടിക്കാലത്തെ ഓർമ്മകൾ വളരെ പ്രിയപ്പെട്ടതാണെന്നും സ്നേഹവും പരിചരണവും കൂട്ടുകാരും കളിയും ചിരിയുമെല്ലാം ഈ കുട്ടികൾക്കും ലഭ്യമാക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും ഗൗരി പ്രത്യാശ പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News