ഹയർ സെക്കൻഡറി ഏകീകരണം ഈ അക്കാദമിക വർഷം തന്നെ നടപ്പാക്കും; സമരമല്ല, സഹകരണമാണ‌് സർക്കാർ ഉദ്ദേശിക്കുന്നത്: സി രവീന്ദ്രനാഥ‌്

ഹയർ സെക്കൻഡറി ഏകീകരണം ഈ അക്കാദമിക വർഷം തന്നെ നടപ്പാക്കുമെന്ന‌് മന്ത്രി സി രവീന്ദ്രനാഥ‌് പറഞ്ഞു. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. ഏകീകരണത്തിന‌് മുന്നോടിയായി അധ്യാപക–അനധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക‌് ശേഷം മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കാനുള്ള ഏറ്റവും വലിയ ഇടപെടലാണ‌് ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ‌് വരെയുള്ള ഏകീകരണം. അധ്യാപക–അനധ്യാപകരുടെ നിലവിലെ സേവന–വേതന വ്യവസ്ഥകളിൽ ഒരു മാറ്റവും വരുത്തില്ല. സമരമല്ല, സഹകരണമാണ‌് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഖാദർ കമ്മിറ്റിയുടെ ആറ‌് നിർദേശങ്ങൾ നടപ്പാക്കും.

നിലവിലുള്ള എൽപി, യുപി, എച്ച‌്എസ‌്, എച്ച‌്എസ‌്എസ‌്, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾ അതുപോലെ തുടരും. നിലവിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നിങ്ങനെ മൂന്ന‌് യൂണിറ്റുകളായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങളെ ഒറ്റ യൂണിറ്റ‌ാക്കും. മൂന്ന‌് ഡയറക്ടറേറ്റുകളെയും സംയോജിപ്പിച്ച‌് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ‌് രൂപീകരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റർ മൂന്ന‌് വിഭാഗങ്ങൾക്കും പൊതുപരീക്ഷാ കമീഷണറാകും.

ഹയർ സെക്കൻഡറി സ്കൂളുകളിൽ മേധാവിയായി ഹയർസെക്കൻഡറി പ്രിൻസിപ്പൽ പ്രവർത്തിക്കും. ഹൈസ്കൂൾ ഹെഡ‌്മാസ‌്റ്റർ വൈസ‌് പ്രിൻസിപ്പലാകും. സ്കൂളിന്റെ ഭരണചുമതല കൈകാര്യം ചെയ്യുന്ന പ്രിൻസിപ്പലിന്റെ അക്കാദമിക ഭാരം ലഘൂകരിക്കാൻ ജൂനിയർ എച്ച‌്എസ‌്ടിടിയെയൊ ഗസ‌്റ്റ‌് ലക്ചററെയൊ ഉപയോഗിക്കും. നിലവിൽ ഓഫീസോ ഓഫീസ‌്‌ ജീവനക്കാരോ ഇല്ലാത്ത ഹയർ സെക്കൻഡറിക്ക‌് ഘടനമാറ്റം ഗുണം ചെയ്യും.

സ്കൂളിലെ വിദ്യാർഥികളുടെ എണ്ണത്തിന‌് ആനുപാതികമായി ഓഫീസ‌് ജീവനക്കാരുടെ എണ്ണം നിജപ്പെടുത്തും. ജില്ലാതലത്തിൽ എഇഒ, ഡിഇഒ, ഡിഡി, ആർഡിഡി ഓഫീസുകൾ പ്രവർത്തനം തുടരും. ഹയർസെക്കൻഡറി അധ്യാപകർ ഹൈസ്കൂളിൽ പഠിപ്പിക്കേണ്ടി വരുമെന്നത‌് വ്യാജപ്രചാരണമാണ‌്. ഘടനമാറ്റം ഭാഷാ, കായിക അധ്യാപകരെ എങ്ങനെ ബാധിക്കുമെന്ന‌് പ്രത്യേകം ചർച്ച ചെയ്യും.

ഈ വർഷം 35 വൊക്കേഷണൽ സ്കൂളുകൾ കൂടി നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിംവർക്കിലേക്ക‌് (എൻഎസ‌്ക്യുഎഫ‌്) മാറി. അടുത്തവർഷത്തോടെ വിഎച്ച‌്എസ‌്ഇ പൂർണമായും ഹയർസെക്കൻഡറിയാക്കി മാറ്റാമെന്നാണ‌് പ്രതീക്ഷ. സംസ്ഥാനത്ത‌് പ്ലസ‌് വൺ പ്രവേശനം പുരോഗമിക്കുകയാണ‌്. കഴിഞ്ഞ വർഷം എട്ട‌് ബാച്ചുകൾ മലപ്പുറത്തേക്ക‌് മാറ്റിയിരുന്നു. ഇത്തവണ പ്രവേശനം പൂർത്തിയാക്കിയ ശേഷം സീറ്റ‌് കുറവുള്ള ഇടങ്ങളിലേക്ക‌് ബാച്ച‌് മാറ്റം നടത്തുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർഥി സംഘടനകളുമായും മാനേജ‌്മെന്റ‌് പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, ഡിപിഐ ജീവൻ ബാബു, എഡിപിഐ ജെസ്സി ജോസഫ‌്, ഹയർ സെക്കൻഡറി ജോയിന്റ‌് ഡയറക്ടർ പി പി പ്രകാശൻ, അധ്യാപക, അനധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News