പ്രളയകാലത്താണ് കെഎഫ്സിയുടെ മാറിയ മുഖം കേരളം ദർശിച്ചത്; തകർച്ചയെ അഭിമുഖീകരിച്ചവരെ ചേർത്തുപിടിച്ചു; മനുഷ്യമുഖമുള്ള ധനകാര്യസ്ഥാപനമായി അവസരത്തിനൊത്തുയർന്നു

പ്രളയകാലത്താണ് കേരള ഫിനാൻഷ്യൽ കോർപറേഷന്റെ (കെഎഫ്സി) മാറിയ മുഖം കേരളം ദർശിച്ചത്. വളർച്ചയുടെ ഒരു പുതിയ ഘട്ടത്തിലേക്ക‌് സ്ഥാപനം പ്രവേശിച്ചപ്പോഴാണ് പ്രളയമെത്തിയത്. കെഎഫ്സി വായ‌്പ അനുവദിച്ച പല സംരംഭങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി. വരുമാനം കുറഞ്ഞ‌് പല യൂണിറ്റുകളും താൽക്കാലികമായി പൂട്ടേണ്ടിവന്നു. ഈ സംരംഭകർക്ക‌് കൈത്താങ്ങാകുക അടിയന്തര ഉത്തരവാദിത്തമായി കെഎഫ്സി കണക്കാക്കി. അവർക്ക‌് പ്രത്യേക പാക്കേജുണ്ടാക്കി. പ്രളയബാധിതരായ സംരംഭകർക്ക് അധികവായ‌്പ അനുവദിച്ചു. വായ‌്പ പുനഃക്രമീകരിച്ചു. തകർച്ചയെ അഭിമുഖീകരിച്ചവരെ ചേർത്തുപിടിച്ച് മനുഷ്യമുഖമുള്ള ഒരു ധനകാര്യസ്ഥാപനമായി കെഎഫ്സി അവസരത്തിനൊത്തുയർന്നു.

പ്രൊഫഷണലായി പുനഃസംഘടിപ്പിച്ചു

പ്രളയാനന്തര പുനർനിർമാണം കെഎഫ്സിക്കു മുന്നിൽ പുതിയ സാധ്യതകൾ തുറന്നിട്ടു. സംസ്ഥാനത്ത് ഒരു വർഷം ഏകദേശം 15000 കോടിരൂപയുടെ കരാർ പ്രവൃത്തികൾ സർക്കാർ മേഖലയിൽ നടക്കുന്നുണ്ട്. പ്രളയാനന്തര പുനർ നിർമാണവും കിഫ്ബി വഴിയുള്ള നിർമാണപ്രവർത്തനങ്ങളുംകൂടി പരിഗണിക്കുമ്പോൾ ഇത് വളരെ കൂടുതലാണ്. പൊതുവേ ബാങ്കുകൾമാത്രം കൈകാര്യം ചെയ‌്തിരുന്ന മേഖലയായിരുന്നു സർക്കാർ കരാറുകാരുടെ വായ‌്പ. കരാർ എടുക്കുന്നതിന് ബാങ്ക് ഗ്യാരന്റി നൽകണം. അത് ബാങ്കിന് മാത്രമേ നൽകാനാവൂ എന്നതായിരുന്നു ചട്ടം. കെഎഫ്സിയെകൂടി ഉൾപ്പെടുത്താൻ ആ ചട്ടം ഭേദഗതി ചെയ‌്ത‌ു. അതോടെ കെഎഫ്സിക്ക് ഈ മേഖലയിൽ ഒരു സ്ഥാനം ലഭിച്ചു. 9.5 ശതമാനം പലിശ നിരക്കും 80 ശതമാനംവരെ വായ‌്പയും ഏഴ‌് ദിവസത്തിനകം പുതിയ വായ‌്പ അനുവദിക്കാനുള്ള സൗകര്യവും കൂടിയായപ്പോൾ കരാറുകാർക്ക് കെഎഫ്സി ഒരു അത്താണിയായി.

കഴിഞ്ഞ വർഷം 142 കരാറുകാർക്കായി 650 കോടിരൂപയുടെ വായ‌്പയാണ‌് അനുവദിച്ചത്. ബില്ലുകൾ ഡിസ‌്കൗണ്ട‌് ചെയ‌്ത‌് നൽകുന്ന സംവിധാനംകൂടി ആരംഭിച്ചപ്പോൾ കരാറുകാർക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ നിർമാണപ്രവൃത്തികൾ മുന്നോട്ടുകൊണ്ടുപോകാനായി. ഈ പദ്ധതി, കെഎഫ്സിയിൽനിന്ന‌് വായ‌്പ എടുത്ത കരാറുകാർക്ക് മാത്രമല്ല ഗുണകരമായത്. ബാങ്കുകൾ 14 ശതമാനംവരെ പലിശ ഈ മേഖലയിൽ ഈടാക്കിയിരുന്നു. കെഎഫ്സിയിലേക്കുള്ള കരാറുകാരുടെ ചുവടുമാറ്റം ഒഴിവാക്കാനായി സ‌്കീമുകളിൽ മാറ്റം വരുത്താൻ ബാങ്കുകളും നിർബന്ധിതരായി.

ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വളർച്ചയിൽ നിർണായക ശക്തിയാകുന്ന സാമ്പത്തികസ്ഥാപനമെന്ന നിലയിലെത്തുകയാണ് കെഎഫ്സി. യുഡിഎഫിന്റെ കാലത്ത് തകർച്ചയിലായ സ്ഥാപനത്തെ പ്രൊഫഷണലായി പുനഃസംഘടിപ്പിച്ചുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഇതിനായി രണ്ടു രീതിയിലുള്ള നയമാണ് പ്രധാനമായും ആവിഷ‌്കരിച്ചത‌്. ഒന്ന്, നിലവിലെ കിട്ടാക്കടം കുറയ‌്ക്കുക. രണ്ട്, മികച്ച സംരംഭകരെ കണ്ടെത്തി വായ‌്പാ ആസ‌്തി വർധിപ്പിക്കുക.

കിട്ടാക്കടം കുറയ‌്ക്കുന്നതിനായി ഉദാരമായ അദാലത്ത് സംഘടിപ്പിച്ചു. ഏകദേശം 425 വായ‌്പ തീർപ്പാക്കി 80 കോടി രൂപയോളം സമാഹരിച്ചു. മികച്ച സംരംഭകരെ കണ്ടെത്താൻ വായ‌്പാനയത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തി. പലിശ അഞ്ച‌് ശതമാനം കുറച്ച് 9.5 ശതമാനം എന്ന ബേസ്റേറ്റിലേക്ക‌് മാറി. റേറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ സംരംഭകർക്ക് ബേസ്റേറ്റിന് മുകളിൽ പലിശ തീരുമാനിച്ചു.

പലിശ കുറയ‌്ക്കുമ്പോൾ വരുമാനത്തിൽ വൻ ഇടിവുണ്ടാകും. മൂന്നു രീതിയിലാണ് കെഎഫ്സി ഇതിനെ നേരിട്ടത്. പലിശകുറച്ച് ലഭിക്കാനിടയുള്ള സ്ഥാപനങ്ങളെ സമീപിച്ചു. ഒരു കേന്ദ്ര ഏജൻസിയിൽനിന്ന‌് 8.4 ശതമാനത്തിൽ വായ‌്പ ലഭിച്ചു. കൂടാതെ, ബോണ്ട് മാർക്കറ്റിൽനിന്നും 8.6 ശതമാനത്തിൽ ഫണ്ട് ലഭിച്ചു. ഇതുകാരണം ബാങ്കിൽനിന്ന‌് കുറഞ്ഞ നിരക്കിൽ വായ‌്പ ലഭിക്കാൻ തുടങ്ങി.

മികച്ച സംരംഭകരെ കണ്ടെത്താൻ പ്രൊഫഷണൽ മാർഗങ്ങൾ ആവിഷ‌്കരിച്ചു. ഉപയോക്താക്കളുടെയിടയിൽ പ്രചാരണം നടത്താൻ മാർക്കറ്റിങ്ങിന‌് പ്രത്യേക വിഭാഗം ഉണ്ടാക്കി. നല്ല സർവീസ് ലഭിക്കുമെന്ന് ഉറപ്പായപ്പോൾ കൂടുതൽ വായ‌്പാ പ്രൊപ്പോസലുകൾ ലഭിച്ചുതുടങ്ങി. ഏകദേശം 3500 കോടിരൂപയുടെ പ്രൊപ്പോസൽ കഴിഞ്ഞ വർഷം ലഭിച്ചു.

കഴിഞ്ഞ സാമ്പത്തികവർഷത്തിലെ ഓഡിറ്റിങ്ങിന‌് മുമ്പുള്ള കണക്കുകൾ പ്രകാരം കെഎഫ്സി 1650 കോടിരൂപ വായ‌്പയായി അനുവദിക്കുകയും 815 കോടി വിതരണം ചെയ്യുകയും ചെയ‌്തു. വായ‌്പ തിരിച്ചടവ് 900 കോടിരൂപയാണ്. മൊത്തം വരുമാനം 429 കോടിരൂപയായി വർധിച്ചു. മൊത്തം ലാഭം 20 കോടിയിൽനിന്ന‌് 31 കോടിയായി ഉയർന്നു. നികുതികൾക്കുശേഷം കെഎഫ്സിയുടെ അറ്റാദായം 10 കോടിരൂപയായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കെഎഫ്സിയുടെ വായ‌്പാ ആസ‌്തി 2684 കോടിരൂപയാണ്. അടുത്ത രണ്ട് സാമ്പത്തികവർഷംകൊണ്ട് കെഎഫ്സിയുടെ വായ‌്പാ ആസ‌്തി 5000 കോടിയായി ഉയർത്തുകയാണ് ലക്ഷ്യം. കിട്ടാക്കടങ്ങൾ തിരിച്ചുപിടിച്ചതിലൂടെ മൊത്തം വരുമാനത്തിൽ 57 കോടിരൂപയുടെ വർധനയുണ്ട്.

പലിശ കുറച്ച്, ബിസിനസ് വളർത്തി ചെറിയ മാർജിനിൽ മുന്നോട്ടു കൊണ്ടുപോകുമ്പോൾ സ്ഥാപനത്തിന്റെ അടിസ്ഥാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. കെഎഫ്സിയുടെ മൊത്തം ആസ‌്തി 451 കോടിരൂപയും മൂലധനശേഷി അനുപാതം 19 ശതമാനവുമാണ്. ബാങ്കിങ‌് നിയമപ്രകാരം 9 ശതമാനം മതി. അതിനർഥം ഇപ്പോൾതന്നെ ഇരട്ടി മൂലധനം വരുമെന്നർഥം. പക്ഷേ, ബിസിനസ് ഇരട്ടിയാക്കാൻ ലക്ഷ്യമിടുമ്പോൾ മൂലധനം ഇനിയും വർധിപ്പിക്കേണ്ടിവരും. അതിനായി സർക്കാരിന്റെ ഷെയർ കുറയാത്ത രീതിയിൽ എൽഐസി, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളുമായി ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു.

സ്റ്റാർട്ടപ്പുകൾക്ക്‌ പ്രോത്സാഹനം

ബിസിനസ് വർധിക്കുമ്പോൾ കൂടുതൽ സൂപ്പർവൈസറി നിയന്ത്രണങ്ങൾ കെഎഫ്സിക്കുള്ളിൽ ഏർപ്പെടുത്തുകയാണ് അടുത്തപടി. ഇതിനായി സോണൽ ഓഫീസുകളെയും ഹെഡ് ഓഫീസ് ഡിപ്പാർട്ട്മെന്റുകളെയും ശക്തിപ്പെടുത്തി, ഉദ്യോഗസ്ഥർക്ക് കൂടുതൽ മികച്ച പരിശീലനം നൽകി, മികച്ച ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി. സർക്കാർ ഗ്യാരന്റിയില്ലാതെ കടപ്പത്രത്തിലൂടെ തുക സ്വരൂപിക്കുന്ന കേരളത്തിലെ ഏക സർക്കാർ സ്ഥാപനമാണ് കെഎഫ്സി. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായി വാർഷിക കണക്കുകൾ ഓഡിറ്റ് ചെയ‌്ത‌് പ്രസിദ്ധീകരിക്കുന്ന സ്ഥാപനം എന്ന ഖ്യാതിയും കെഎഫ്സിക്കാണ്. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണ് കെഎഫ്സിയുടെ മറ്റൊരു ദൗത്യം. കെഎഫ്സി വഴി വളർന്ന പല സ്റ്റാർട്ടപ്പുകളും മികച്ച നിലയിൽ എത്തികഴിഞ്ഞു.

എംഎസ്എംഇ മേഖലയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ധനകാര്യസ്ഥാപനങ്ങൾക്ക് റീഫിനാൻസ് ചെയ്യാൻ ബാധ്യതപ്പെട്ട സ്ഥാപനമാണ് കേന്ദ്രസർക്കാരിന്റെ സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ‌് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി). ഈ സ്ഥാപനം കെഎഫ്സി പോലുള്ള സ്ഥാപനങ്ങൾക്ക് വായ്പ നൽകുന്നത് നിർത്തി. ഇപ്പോൾ ഒരു സംരംഭകന‌് കെഎഫ്സിക്ക് നൽകാനാകുന്ന പരമാവധി വായ്പ എട്ടുകോടി രൂപയാണ്. കമ്പനിക്ക് 20 കോടിരൂപയും. ബന്ധപ്പെട്ട കേന്ദ്രനിയമത്തിൽ മാറ്റം വരുത്തിയാലേ ഈ പരിധി പരിഷ‌്കരിക്കാനാകൂ. ഇപ്പോൾ വ്യവസായം വളരുന്ന മുറയ‌്ക്ക‌് സംരംഭകർക്ക് കെഎഫ്സി വിട്ടുപോകേണ്ട അവസ്ഥയുണ്ട്.

വ്യവസായങ്ങൾക്ക് ഏറ്റവും അനിവാര്യമാണ് മൂലധനവായ‌്പ. ഇത് കൊടുക്കാൻ ധനകാര്യസ്ഥാപനങ്ങൾക്ക് അധികാരമില്ല. ഇപ്പോൾ കെഎഫ്സിയിൽനിന്ന് വായ‌്പയെടുത്ത സംരംഭകർക്ക് മൂലധനത്തിന് ബാങ്ക‌് മാത്രമാണ് ആശ്രയം. കെഎഫ്സിക്ക‌് ചെറുകിട ബാങ്ക് എന്ന സ്റ്റാറ്റസ് നൽകാനുള്ള നിർദേശം ആർബിഐ തള്ളി. ബാങ്കുകളിലെ കിട്ടാക്കടം 10 ശതമാനംവരെ ഉയർന്നെങ്കിലും അവർക്ക് പബ്ലിക് ഡിപ്പോസിറ്റ് എടുക്കുന്നതിന് തടസ്സമില്ല. പക്ഷേ, ഏഴ് ശതമാനം നിഷ്ക്രിയ ആസ‌്തിയുണ്ടെന്ന കാരണംപറഞ്ഞ് കെഎഫ്സിക്ക് ഇപ്പോഴും പബ്ലിക് ഡിപ്പോസിറ്റ് എടുക്കാനുള്ള അനുവാദം നൽകുന്നില്ല.

സംസ്ഥാന സർക്കാർ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണ്. ടേം വായ‌്പകൾ നൽകുന്ന ഒന്നാമത്തെ സ്ഥാപനമായി കെഎഫ്സിയെ മാറ്റുകയാണ് ലക്ഷ്യം. കെഎഫ്സിയെ മികച്ച ധനകാര്യസ്ഥാപനമായി വളർത്തുകതന്നെ ചെയ്യും. കേരള ബാങ്ക് രൂപീകരിക്കുമ്പോൾ സംരംഭകർക്ക് പ്രവർത്തനമൂലധനം കേരള ബാങ്കിൽനിന്നും ടേം വായ‌്പകൾ കെഎഫ്സിയിൽനിന്നും ലഭ്യമാക്കി സംസ്ഥാന വ്യവസായ വികസനത്തിന് ഒരു പുതിയ ദിശ നൽകാനാകും. ഇവിടെയാണ് കെഎഫ്സിയുടെ പ്രസക്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here