മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയായ ബിവൈഎല്‍ നായര്‍ ഹോസ്പിറ്റലില്‍ റെസിഡന്റ് ഡോക്ടറും ഗൈനക്കോളജി വിദ്യാര്‍ഥിയുമായ പായല്‍ ആശുപത്രിയിലെ സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ മൂന്ന് പ്രതികള്‍ അറസ്റ്റില്‍.

സവർണരായ സീനിയർ വിദ്യാർത്ഥികൾ സംവരണ സീറ്റിൽ അഡ്മിഷൻ നേടിയ പായലിനെ ജാതീയമായി നിരന്തരം അധിക്ഷേപിച്ചിരുന്നതായി സഹപ്രവർത്തകർ മൊഴി നൽകി. പായല്‍ തഡ്വിയുടെ ആത്മഹത്യ ജാതി പീഡനം മൂലം തന്നെയെന്ന് മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഗീരിഷ് മഹാജനും സ്ഥിരീകരിച്ചു. ആന്റി റാഗിംഗ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതിന് വ്യക്തമായ തെളിവുണ്ടെന്നും മന്ത്രി പറഞ്ഞു.

ആത്മഹത്യയുമായി ബന്ധപ്പെട്ട് സീനിയര്‍ വിദ്യാര്‍ത്ഥികളായ മൂന്ന് വനിത ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തു. സീനിയര്‍ വിദ്യാര്‍ത്ഥികളായ ഭക്തി മെഹരെ, ഹേമ അഹൂജ, അങ്കിത ഖണ്ഡേല്‍വാള്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  ദലിത് പീഡന നിരോധന നിയമം, റാഗിംഗ് നിരോധന നിയമ വകുപ്പുകളും ആത്മഹത്യാ പ്രേരണ വകുപ്പുകളും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

മുതിര്‍ന്ന സഹപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുള്ള പെരുമാറ്റം മൂലം കുറച്ചു നാളായി പായല്‍ വിഷാദ രോഗത്തിനടിമയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. സഹപ്രവര്‍ത്തകരായ ഹേമ, ഭക്തി, അങ്കിത എന്നിവര്‍ ചേർന്ന് പായലിനെ ജാതിയുടെ പേരില്‍ പരിഹസിച്ചിരുന്നു.

വിദ്യാര്‍ഥികളുടെ വാട്‌സ് ആപ് ഗ്രൂപ്പിലും മറ്റും പായലിനെ അവഹേളിക്കുന്ന രൂപത്തിലുള്ള സന്ദേശങ്ങളയക്കുന്നതും പതിവായിരുന്നു. പായലിന്റെ ബെഡ് ഷീറ്റും വസ്ത്രങ്ങളും സീനിയർ വിദ്യാർത്ഥികൾ കാല് തുടക്കുന്നതിനായും മറ്റും ഉപയോഗിച്ചായിരുന്നു മാനസികമായി പീഡിപ്പിച്ചിരുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലകളിലടക്കം നിരവധി ദലിത് വിദ്യാർത്ഥികളാണ് നിരന്തരം ജാതീയ ആക്രമണങ്ങൾക്ക് ഇരയായികൊണ്ടിരിക്കുന്നത് . ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ ദലിത് ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല  തൂങ്ങിമരിച്ചപ്പോൾ  രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ ഉയർന്നുവന്നിരുന്നു. നരേന്ദ്ര മോദി ഭരണത്തിൽ ഏറിയതിന് ശേഷം ദലിത് വിദ്യാർത്ഥികൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നായര്‍ ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള ടോപ്പിക്കല്‍ നാഷണല്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു പായല്‍. മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ ജാതി അധിക്ഷേപത്തേയും മാനസിക പീഡനത്തേയും തുടര്‍ന്നാണ് പായല്‍ ആത്മഹത്യ ചെയ്തത് എന്നാണ് പായലിന്റെ അമ്മ പറയുന്നത്.

പായല്‍ ജോലി ചെയ്തിരുന്ന ബിവൈഎല്‍ നായര്‍ ഹോസ്പിറ്റലിന് മുന്നില്‍ പായലിന്റെ ബന്ധുക്കളും പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള ദലിത് സംഘടനയും വിദ്യാർത്ഥികളും പ്രതിഷേധിച്ചിരുന്നു. അമ്മ ആബിദയും ഭര്‍ത്താവ് സല്‍മാനും പ്രതിഷേധത്തിനെത്തിയിരുന്നു.

മഹാരാഷ്ട്ര വനിത കമ്മീഷന്‍ ഹോസ്പിറ്റൽ അധികൃതർക്ക് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. പായലിന്റെ മരണത്തിന് 10 ദിവസം മുമ്പ് തന്നെ സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ ഭാഗത്ത് നിന്നുള്ള പീഡനം ചൂണ്ടിക്കാട്ടി ഡീനിന് കത്ത് നല്‍കിയിരുന്നതായി അമ്മ ആബിദ താഡ്വി പറയുന്നു. ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ അടക്കം നാല് ഡോക്ടര്‍മാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കയാണ്.