കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ നിര്‍ണായക കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് ബംഗളൂരുവില്‍. വിമതരെ അനുനയിപ്പിക്കാന്‍ മന്ത്രിസഭാ പുനസംഘടന ചര്‍ച്ചയാകും. യോഗത്തിന് മുമ്പായി ഹൈക്കമാന്റ് നേതാക്കളായ കെ സി വേണുഗോപാലും ഗുലാം നബി ആസാദും കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തോടെ ആടിയുലയുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാര്‍. ബിജെപിയിലേക്ക് പോകുമെന്ന കോണ്‍ഗ്രസ് വിമതരുടെ ഭീഷണി സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കിയിരിക്കെയാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം.

വിമതരെ അനുനയിപ്പിക്കുക, തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തുകയുമാണ് പ്രധാന അജണ്ടകള്‍. വിമതരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് മന്ത്രിസഭാ പുനസംഘടനയാണ് കോണ്‍ഗ്രസ് പ്രധാനമായും ആലോചിക്കുന്നത്. 8 മന്ത്രിമാര്‍ക്കും മന്ത്രിസഭയിലെ 3 ഒഴിവുകള്‍ക്കും പകരം വിമതര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനാണ് ആലോചന.

ഈ ഫോര്‍മുല മഹേഷ് കുംത ഹള്ളി എംഎല്‍എ വിമത എംഎല്‍എമാരെ അറിയിച്ചെങ്കിലും അനുകൂലനിലപാടല്ലെന്നാണ് സൂചന. എന്നാല്‍ വിമതര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നത് നല്ല സന്ദേശമല്ല നല്‍കുക എന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം എംഎല്‍എമാരും രംഗത്തെത്തിയിട്ടുണ്ട്.

കെ സി വേണുഗോപാല്‍, ഗുലാം നബി ആസാദ് എന്നിവരുടെ സാന്നിദ്ധ്യത്തിലാകും യോഗം. യോഗത്തിന് മുന്നോടെയായി ഇരു നേതാക്കളും സംസ്ഥാനത്തെ ജെഡിഎസ്, കോണ്‍ഗ്രസ് നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുകയാണ്.

യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്നാണ് കര്‍ണാടക പിസിസിയുടെ മുന്നിറിയിപ്പ്. അതേസമയം സഖ്യസര്‍ക്കാരിനെ താഴെ ഇറക്കാന്‍ മറുവശത്ത് ബിജെപിയും ചര്‍ച്ചകള്‍ തുടരുകയാണ്. സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദിയൂരപ്പ അമിത് ഷായുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.