കേരള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്; പിജെ ജോസഫ് അച്ചടക്കം ലംഘിച്ചുവെന്ന് റോഷി അഗസ്റ്റിന്‍; പാലായില്‍ യൂത്ത് ഫ്രണ്ടുകാര്‍ ജോയി എബ്രഹാമിന്റെ കോലം കത്തിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിലെ പദവി തര്‍ക്കം തെരുവിലേക്ക്. പി ജെ ജോസഫ് അച്ചടക്കം ലംഘിച്ചുവെന്ന് ജോസ് കെ മാണി ഗ്രൂപ്പിലുള്ള റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. പാലായില്‍ യൂത്ത് ഫ്രണ്ടുകാര്‍ പാര്‍ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമിന്റെ കോലം കത്തിച്ചു.

സ്ഥാനം പിടിച്ചടക്കാനുള്ള പി ജെ ജോസഫിന്റെ നടപടികള്‍ സംശയാസ്പദമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയ നടപടി അച്ചടക്ക ലംഘനമാണെന്നും റോഷി അഗസ്റ്റിനും ഡോ. എന്‍ ജയരാജും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാന്‍ പിജെ ജോസഫ് ആണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ജോയി എബ്രഹാം കത്ത് നല്‍കിയതാണ് മാണി വിഭാഗത്തെ പ്രകോപിപ്പിച്ചത്.

സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്നും ചെയര്‍മാന്റെ സാന്നിധ്യത്തില്‍ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കണമെന്നുമാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യം.

തിരഞ്ഞെടുപ്പ് കമമീഷന് ഏക്ഷപക്ഷീയമായി കത്ത് നല്‍കിയത് പാര്‍ടി ഭരണഘടനക്ക് എതിരാണ്. പാര്‍ടി ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതിക്കാണ് അധികാരമെന്നും റോഷി അഗസ്റ്റിന്‍ പറയുന്നു.

പി ജെ ജോസഫ് സംസ്ഥാന കമ്മിറ്റി വിളിച്ചില്ലെങ്കില്‍ ബദല്‍ കമ്മിറ്റി വിളിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. പാര്‍ലമെന്റി പാര്‍ടി ലീഡറെ ജുണ്‍ ഒന്പതിനകം കണ്ടെത്തണമെന്നാണ് നിയമസഭാ സ്പ്ക്കര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ബദല്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്താല്‍ അതില്‍ പങ്കെടുക്കുന്നവര്‍ അച്ചടക്ക നടപടി നേരിടേണ്ടി വരും.

പി.ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തതായി കാണിച്ചാണ് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയത്.

സിഎഫ് തോമസും മോന്‍സ് ജോസഫുമടക്കം മൂന്ന് എംഎല്‍എമാരുടെ പിന്തുണയും ജോസഫ് വിഭാഗം അവകാശപ്പെടുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന് ജോസഫ് ആവര്‍ത്തിക്കുന്നത്.

കോണ്‍ഗ്രസിലും ലീഗിലുമൊന്നും സംസ്ഥാന കമ്മിറ്റി വോട്ടിനിട്ടല്ല ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതെന്നും ജോസഫ് പക്ഷം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News