ബിജെപിയില്‍ നേതൃമാറ്റം സ്വപ്നം കാണുന്നവര്‍ക്ക് നിരാശപ്പെടേണ്ടിവരും: ശ്രീധരന്‍ പിള്ള

കേരള ബി ജെ പിയിൽ നേതൃമാറ്റം തള്ളി ശ്രീധരൻപിള്ള.കാലാവധി തീരും മുന്‍പ് നേതൃമാറ്റം ആരെങ്കിലും സ്വപ്നം കാണുന്നുണ്ടെങ്കില്‍ അത് വെറുതെയാകുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരാജയം ചൂണ്ടിക്കാട്ടി ശ്രീധരന്‍ പിള്ളക്കെതിരെ ഒരു വിഭാഗം പടയൊരുക്കം തുടങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് ശ്രീധരന്‍ പിള്ള നിലപാട് വ്യക്തമാക്കിയത്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലേറ്റ കനത്ത പരാജയത്തെച്ചൊല്ലി ബി ജെ പിയില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് നേതൃമാറ്റം സജീവ ചര്‍ച്ചാ വിഷയമായത്.

ക‍ഴിഞ്ഞ ദിവസം ആലപ്പു‍ഴയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലും ഭാരവാഹി യോഗത്തിലും നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

ജയം പ്രതീക്ഷിച്ച തിരുവനന്തപുരം ,പത്തനംതിട്ട മണ്ഡലങ്ങളിലെ തോല്‍വിയെച്ചൊല്ലി സംസ്ഥാന പ്രസിന്‍റ് പി എസ് ശ്രീധരന്‍പിള്ളക്കെതിരെ കോര്‍ കമ്മിറ്റിയില്‍ ഒരു വിഭാഗം പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.

യോഗത്തില്‍ പങ്കെടുത്ത ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍ കേരള ഘടകത്തിന്‍റെ പ്രകടനത്തില്‍ തൃപ്തിയില്ലെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ ശ്രീധരന്‍പിള്ള സ്ഥാനമൊ‍ഴിയണമെന്നും എതിര്‍ വിഭാഗം ആവശ്യമുന്നയിച്ചുക‍ഴിഞ്ഞിരുന്നു. എന്നാല്‍ അത്തരമൊരാഗ്രഹം ആര്‍ക്കെങ്കിലും മനസ്സിലുണ്ടെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ലെന്നാണ് ശ്രീധരന്‍ പിള്ള വ്യക്തമാക്കുന്നത്.

ഭാരവാഹികള്‍ ചുമതലയേറ്റാല്‍ കാലാവധി ക‍ഴിയാതെ മാറുന്ന പതിവ് ബി ജെ പിയിലില്ല എന്നാണ് ശ്രീധരന്‍ പിള്ള പറയുന്ന ന്യായം.

കുമ്മനത്തെ തോല്‍പ്പിക്കാന്‍ ഒരു വിഭാഗം ചരടുവലിച്ചെന്നാണ് ആരോപണം. കുമ്മനം ജയിച്ച് മന്ത്രിയായാല്‍ മറ്റു ചിലരുടെ കേന്ദ്രമന്ത്രി മോഹം പൊലിയുമെന്ന് കണ്ടായിരുന്നു ഈ നീക്കമെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം.

സംസ്ഥാന പ്രസിഡന്‍റിന് താല്‍പ്പര്യമുണ്ടായിരുന്ന തിരുവനന്തപുരം,പത്തനംതിട്ട സീറ്റുകളില്‍ മത്സരിക്കാന്‍ ക‍ഴിയാതിരുന്നതിനാല്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഈ മണ്ഡലങ്ങളില്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ചതായി ആര്‍ എസ് എസ് നേതൃത്വവും വിലിരുത്തിയിട്ടുണ്ട്.

സംഘടനാ ദൗര്‍ബല്യവും സംസ്ഥാന അധ്യക്ഷന്‍റെ തെറ്റായ തീരുമാനങ്ങളുമാണ് പരാജയത്തിന് കാരണമെന്നാണ് മുരളീധര പക്ഷം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ തന്ത്രപരമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ശ്രീധരന്‍ പിള്ള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News