ലളിതം ഗംഭീരം ഉദ്ഘാടന ചടങ്ങുകള്‍; ക്രിക്കറ്റ് പിറന്ന മണ്ണില്‍ ലോകകപ്പ് ആരവമുയര്‍ന്നു

ക്രിക്കറ്റിന്‍റെ മടിത്തട്ടൊരുങ്ങി ലോക കായിക മാമാങ്കത്തിനായി. കായിക ലോകത്തെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ച് ഐസിസി ഏകദിന ലോകകപ്പിന് വര്‍ണാഭമായ തുടക്കം.

ലണ്ടൻ ഒളിംപിക്‌സിലെ മാരത്തണ്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ നടന്ന ചരിത്രമുള്ള ബെക്കിംഗ്ഹാം കൊട്ടാരത്തിന് സമീപത്തെ ‘ദാ മാള്‍’ റോഡിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.

ഇന്ത്യൻ സമയം രാത്രി 9.30ന് തുടങ്ങിയ ഉദ്ഘാടന ചടങ്ങ് ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്നു. ലോകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുന്‍പ് എലിസബത്ത് രാജ്ഞിയുമായി ടീം നായകന്‍മാര്‍ കൂടിക്കാഴ്‌ച നടത്തി.

ബെക്കിംഗ്ഹാം കൊട്ടാരത്തിലായിരുന്നു സംഗമം. പതിനൊന്ന് കളിത്തട്ടുകളും തയ്യാറായി ക്രിക്കറ്റ് മൈതാനത്തെ ലോക ചാമ്പ്യന്‍മാരെ കണ്ടെത്താന്‍.

ലളിമായിരുന്നെങ്കിലും ക്രിക്കറ്റ് ലോകത്തിന്‍റെ മനം കീഴടക്കുന്നതായിരുന്നു ചടങ്ങുകള്‍. വിവിധ രാജ്യങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 4000 പേര്‍ മാത്രമാണ് ഈ ഉദ്ഘാടന ചടങ്ങില്‍ നേരിട്ട് കാഴ്‌ചക്കാരായത്.

ഒളിംപിക്‌സിലേത് പോലുള്ള വര്‍ണാഭമായ ചടങ്ങുകള്‍ ഒഴിവാക്കിയെങ്കിലും ഒട്ടും മോടി കുറക്കാതെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.

മികച്ച ദൃശ്യവിരുന്ന് എന്ന വാക്ക് ഐസിസി പാലിച്ചു. വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഗ്രേറ്റ് സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് ലോകകപ്പ് ഉദ്ഘാടന വേദിയില്‍ താരമായി.

രണ്ട് തവണ ലോകകപ്പ് ജേതാവാണ് റിച്ചാര്‍ഡ്‌സ്. പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് ലോകകപ്പ് ഉദ്ഘാടന ചടങ്ങിനെത്തിയവരില്‍ നോബേല്‍ സമ്മാന ജേതാവ് മലാലാ യൂസഫ്സായിയും അംഗമായിരുന്നു. ഇന്ത്യയില്‍ നിന്ന് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്‌തറും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News