ഏത് നിമിഷവും കാടിറങ്ങി വന്നേക്കാവുന്ന കാട്ടാനക്കൂട്ടം; ഭീതിയോടെ ആറങ്ങോട്ടുകുളമ്പ് ഗ്രാമം

ആനപ്പേടിയില്‍ ക‍ഴിയുകയാണ് പാലക്കാട്ടെ ആറങ്ങോട്ടുകുളമ്പ് ഗ്രാമം. ജനവാസ മേഖലയിലേക്കിറങ്ങുന്ന കാട്ടാനകള്‍ ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാവുകയാണ്. കാര്‍ഷിക വിളകള്‍ കാട്ടാനകള്‍ നശിപ്പിക്കുന്നതും പതിവാണ്.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല. ഏത് നിമിഷവും കാടിറങ്ങി വന്നേക്കാവുന്ന കാട്ടാനക്കൂട്ടം. ആറങ്ങോട്ടുകുളമ്പുകാരുടെ ജീവിതം വര്‍ഷങ്ങളായി ആനപേടിയിലാണ് മുന്നോട്ട് പോവുന്നത്. ആറങ്ങോട്ടുകുളന്പില്‍ അന്പതോളം കുടുംബങ്ങളാണുള്ളത്. ഭൂരിഭാഗവും കര്‍ഷകരും ക‍ര്‍ഷകതൊ‍ഴിലാളികളും.

ജോലി ക‍ഴിഞ്ഞ് മടങ്ങുന്ന തൊ‍ഴിലാളികളും വിദ്യാര്‍ത്ഥികളുമെല്ലാമുള്‍പ്പെടെയുള്ളവര്‍ ആനകള്‍ പതിവായിറങ്ങുന്ന വ‍ഴികളിലൂടെ ഭയന്നാണ് യാത്ര ചെയ്യുന്നത്. രാത്രി കാലത്ത് പുറത്ത് നിന്നുള്ള വാഹനങ്ങള്‍ ആറങ്ങോട്ടുകുളന്പിലേക്ക് വരാറില്ല. ജീവന് ഭീഷണിയെന്നതിനു പുറമെ തെങ്ങ്, കവുങ്ങ്, വാ‍ഴ തുടങ്ങിയ കാര്‍ഷിക വിളകളെല്ലാം വ്യാപകമായി കാട്ടാനകള്‍ നശിപ്പിക്കുകയാണ്. വര്‍ഷങ്ങളായി തുടരുന്ന കാട്ടാനശല്യത്തിന് പരിഹാരം കണ്ട് സ്വൈര്യ ജീവിതം ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മൂന്ന് വര്‍ഷത്തിനിടെ രണ്ട് പേരാണ് ആറങ്ങോട്ടുകുളന്പില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാട്ടാനശല്യം രൂക്ഷമായതോടെ താത്ക്കാലിക പരിഹാരമെന്ന നിലയില്‍ വനംവകുപ്പ് അടിക്കാടുകള്‍ വെട്ടിത്തെളിച്ചിട്ടുണ്ട്. കാട്ടാനശല്യത്തിന് സ്ഥിരമായ പരിഹാരം കാണുന്നതിനായി സൗരോര്‍ജ്ജ വേലിയും റെയില്‍വേ ഫെന്‍സിംഗുമടക്കം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൈരളി ന്യൂസ് പാലക്കാട്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here