ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാന്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി രംഗത്ത്

കേരളത്തില്‍ കനത്ത പരാജയം നേരിട്ട ബിജെപി ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാന്‍ പുതിയ തന്ത്രങ്ങളുമായി രംഗത്ത്. ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് പുതിയ അടവുമായി ബിജെപി കളത്തിലിറങ്ങിയിരിക്കുന്നത്.ശ്രീലങ്കന്‍ ഭീകരാക്രമണത്തിനതിരെ ന്യൂനപക്ഷ മോര്‍ച്ചയെ മുന്‍ നിര്‍ത്തി കൊച്ചിയില്‍ ഉപവാസ പ്രാര്‍ഥനാ യജ്ഞം സംഘടിപ്പിച്ചാണ് അടവുകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

ശ്രീലങ്കന്‍ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കുവേണ്ടി കൊച്ചിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത് സാക്ഷാല്‍ ശ്രീധരന്‍ പിള്ള തന്നെയായിരുന്നു. ഉണ്ണിമിശിഹ പള്ളിയില്‍ നടന്ന ദിവ്യബലി ചടങ്ങിൽ മറ്റ് ബിജെപി പ്രവർത്തകർക്കൊപ്പമായിരുന്നു ശ്രീധരൻ പിള്ളയും പങ്കെടുത്തത്.

തുടർന്ന് ഹൈക്കോടതി ജങ്ക്ഷനിൽ നടന്ന ഉപവാസ പ്രാർത്ഥന യജ്ഞത്തിന്റെ ഉദ്ഘാടകനായതും ബിജെപി സംസ്ഥാന പ്രസിഡന്റു തന്നെ. ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയല്ല ബിജെപി എന്ന് വിവിധ രൂപത്തിൽ പല വാചകങ്ങളിൽ ആവർത്തിക്കുകയായിരുന്നു ശ്രീധരൻപിള്ള.ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ടുള്ള പ്രസ്താവനകളായിരുന്നു പ്രസംഗത്തിലുടനീളം നിഴലിച്ചത്.

ലോക സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ന്യൂനപക്ഷങ്ങളൊന്നടങ്കം ബിജെപി ക്കെതിരെ വോട്ട് ചെയ്തതാണ് പരാജയത്തിന് കാരണമെന്ന് പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷങ്ങളെ അടുപ്പിക്കാൻ ബി ജെ പി പുതിയ തന്ത്രങ്ങൾ മെനയുന്നത്.

ശ്രീലങ്കൻ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർക്കു വേണ്ടി ന്യൂനപക്ഷ മോർച്ചയുടെ ലേബലിൽ പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിച്ച് ക്രിസ്തുമത വിശ്വാസികളുടെ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുകയാണ് ബി ജെ പിയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കേന്ദ്ര മന്ത്രിസഭയില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം ഉറപ്പാക്കാനും സംസ്ഥാന നേതൃത്വം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News