രണ്ടാം എൻഡിഎ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ വെെകിട്ട് ഏ‍ഴിന്

നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. 60 മന്ത്രിമാരാണ‌് സത്യപ്രതിജ്ഞ ചെയ്യുക. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് അവസാനറിപ്പോര്‍ട്ട്. മുൻ മന്ത്രിസഭയിലെ പ്രമുഖരെ നിലനിർത്തും. സഖ്യകക്ഷി പങ്കാളിത്തവും പ്രാദേശിക സന്തുലനവും കണക്കിലെടുക്കുന്ന മന്ത്രിസഭയില്‍ നിരവധി പുതുമുഖങ്ങളുമുണ്ടെന്ന് ബിജെപി, എൻഡിഎ വൃത്തങ്ങൾ അറിയിച്ചു.

മോദി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലാണ് മുൻധനമന്ത്രി അരുൺജെയ‌്റ്റ‌്‌ലി. മുൻ മന്ത്രിസഭയിൽ അംഗങ്ങളായ രാജ‌്നാഥ‌്സിങ്, നിതിൻ ഗഡ‌്കരി, ധർമേന്ദ്രപ്രധാൻ, രവിശങ്കർപ്രസാദ‌്, പീയൂഷ‌്ഗോയൽ, പ്രകാശ‌് ജാവ‌്ദേകർ, നിർമലാ സീതാരാമൻ, സ‌്മൃതിഇറാനി, ഗജേന്ദ്രസിങ് ശെഖാവത്ത‌്,രാജ്യവർധൻ റാത്തോഡ‌് തുടങ്ങിയവർ തുടരും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന സുഷ്മ സ്വരാജും മോഡിയുടെ പരി​ഗണനാ പട്ടികയിലുണ്ട്. കേരളത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകുമെന്നാണ് സൂചന.

ഇന്ന് വൈകിട്ട‌് ഏഴിന‌് രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. 8,000ത്തോളം അതിഥികൾ പങ്കെടുക്കുന്ന സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനിൽ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ ചടങ്ങാകും.

മന്ത്രിസഭാരൂപീകരണവുമായി ബന്ധപ്പെട്ട‌് നരേന്ദ്രമോഡിയും അമിത‌്ഷായുമായും രാജ‌്നാഥ‌്സിങ്ങും മാരത്തൺ ചർച്ചകൾ നടത്തി. ചൊവ്വാഴ‌്ച മോഡി- അമിത് ഷാ ചര്‍ച്ച അഞ്ച‌് മണിക്കൂർ നീണ്ടു. ബുധനാഴ‌്ച രാത്രി വൈകുംവരെ മണിക്കൂറോളം ചര്‍ച്ച നടത്തിയാണ് മന്ത്രിമാരുടെ പട്ടികയില്‍ ധാരണയുണ്ടാക്കിയത്. മോഡി രാജ‌്നാഥ‌്സിങ്ങുമായും കൂടിക്കാഴ‌്ച നടത്തി.

ആരോഗ്യപ്രശ‌്നം ചൂണ്ടിക്കാട്ടി മന്ത്രിസഭയിൽ അംഗമാകാനില്ലെന്ന‌് അറിയിച്ച് മോഡിക്ക് അയച്ച കത്ത് അരുൺജെയ‌്റ്റ‌്‌ലി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഇതോടെ തീരുമാനം പുനഃപരിശോധിക്കണമെന്ന‌് ആവശ്യപ്പെട്ട് മോഡി രാത്രി വസതിയിലെത്തി ജെയ‌്റ്റ‌്‌ലിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യമന്ത്രിയായിരുന്ന സുഷ‌്മാസ്വരാജും ആരോഗ്യപ്രശ‌്നങ്ങൾ ഉള്ളതിനാൽ മന്ത്രിസഭയിൽ അംഗമാകാൻ കഴിയില്ലെന്ന‌് നേരത്തെ അറിയിച്ചിരുന്നു.

മുൻ കേന്ദ്രമന്ത്രിമാരായ അർജുൻറാം മേഘ‌്‌വാളും നരേന്ദ്രസിങ് തോമറും ബുധനാഴ‌്ച അമിത‌്ഷായുമായി കൂടിക്കാഴ‌്ച നടത്തി. എൻഡിഎ സഖ്യകക്ഷികളായ ശിവസേനയ‌്ക്കും ജെഡിയുവിനും ഒാരോ കാബിനറ്റ‌് മന്ത്രി സ്ഥാനവും സഹമന്ത്രി സ്ഥാനവും നൽകും. മഹാരാഷ്ട്രയിൽ 18 സീറ്റ‌് ജയിച്ച ശിവസേന മൂന്ന‌് മന്ത്രിസ്ഥാനത്തിനാണ‌് അവകാശവാദം ഉന്നയിച്ചത‌്. പഞ്ചാബിലെ ശിരോമണി അകാലി ദളിനും ബിഹാറിലെ എൽജെപിക്കും ഒരോ മന്ത്രിസ്ഥാനം നൽകും. എഐഎഡിഎംകെ, എല്‍ജെപി, അപ്‌‌നാ ദള്‍ തുടങ്ങിയ സഖ്യകക്ഷികള്‍ക്കും സ്ഥാനമുണ്ടാകും. പശ്ചിമബം​ഗാൾ, ഒഡിഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക‌ും കൂടുതൽ പ്രാതിനിധ്യമുണ്ടാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News