ദുബായിലെ സ്വര്‍ണ വ്യവസായമേഖലയില്‍ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍പന്തിയില്‍. നിക്ഷേപകരായ ആദ്യ പത്ത് രാഷ്ട്രങ്ങളിലാണ് ഇന്ത്യ മുന്‍പന്തിയിലെത്തിയിരിക്കുന്നത്.

ദുബായിലെ സ്വര്‍ണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 4086 കമ്പനികളില്‍ 60,012 പുരുഷ സംരംഭകരും 2,113 സ്ത്രീ സംരംഭകരുമാണ് നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്നതിനായി 2498 ലൈസന്‍സുകളാണ് നല്‍കിയിട്ടുള്ളത്. സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം 274 ബില്യണ്‍ ദിര്‍ഹമായി വര്‍ധിച്ചിട്ടുണ്ട്.രണ്ട് വര്‍ഷത്തിനിടെ മൂന്ന് ശതമാനം വര്‍ധനവാണ് വില്‍പനയില്‍ ഉണ്ടായിരിക്കുന്നത്.

ദുബായിലെ സ്വര്‍ണ നിക്ഷേപത്തില്‍ പാക്കിസ്ഥാന്‍, ബ്രിട്ടന്‍, സൗദി അറേബ്യ, സ്വിറ്റ്‌സര്‍ലന്റ്, ഒമാന്‍, ജോര്‍ദാന്‍, ബെല്‍ജിയം, യെമന്‍, കാനഡ എന്നീ രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്നിലാണ്.