സ്വർണക്കടത്ത്‌ പ്രതികൾക്കൊപ്പം അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് അപകീര്‍ത്തിപ്പെടുത്തുന്നത് വേദനാജനകമെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ

വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെന്നു കണ്ടെത്തിയവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മാനേജര്‍മാരായിരുന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ ഭാര്യ ലക്ഷ്മി ബാലഭാസ്‌ക്കര്‍. വാര്‍ത്ത വ്യാജമാണെന്നും മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള്‍ അപകീര്‍ത്തികരമാണെന്നും വേദനാജനകമാണെന്നും ലക്ഷ്മി പറഞ്ഞു.

ബാലഭാസ്‌ക്കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ലക്ഷ്മിയുടെ കുറിപ്പ്. ഈ പ്രതികള്‍ ബാലഭാസ്‌കറിന്റെ ചില പരിപാടികള്‍ കോഡിനേറ്റ് ചെയ്തിരുന്നെന്നും അതിന് അവര്‍ക്ക് പ്രതിഫലവും നല്‍കിയിരുന്നെന്നും അല്ലാതെ മറ്റു ബന്ധങ്ങളില്ലെന്നും ലക്ഷ്മി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്‍ പ്രകാശ് തമ്പിയെ റവന്യൂ ഇന്റലിജന്‍സ് പിടികൂടിയിരുന്നു. ഇയാള്‍ ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജറായിരുന്ന് എന്നാണ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഒളിവിലുള്ള മറ്റൊരു ഇടനിലക്കാരന്‍ വിഷ്ണു ബാലഭാസ്‌കറിന്റെ ഫിനാന്‍സ് മാനേജറായിരുന്നു എന്നും വാര്‍ത്ത വന്നിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്നു എന്ന തരത്തിലുളള പ്രചരണം വാസ്തവ വിരുദ്ധമാണ്.

ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോഡിനേഷന്‍ ഇവര്‍ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവര്‍ക്ക് നല്‍കിയിരുന്നു. ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവര്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.

ഈ പേരുകാര്‍ക്കൊപ്പം ബാലഭാസ്‌കറിന്റെ പേര് അപകീര്‍ത്തികരമായ നിലയില്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്. അതുകൊണ്ട് ദയവായി അത്തരം പരാമര്‍ശങ്ങളൊഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹത്തോടെ
ലക്ഷ്മി ബാലഭാസ്‌കര്‍

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here