കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം പരസ്യപ്പോരിലേക്ക്; പി ജെ ജോസഫും ജോസ് കെ മാണിയും നേര്‍ക്കുനേര്‍

കേരളാ കോണ്‍ഗ്രസില്‍ കത്തിനെയും ഭരണഘടനയേയും ചൊല്ലി ആഭ്യന്തര കലാപം പരസ്യപ്പോരിലേക്ക്. പാര്‍ട്ടി ഭരണഘടനയുടെ പേരില്‍ പി ജെ ജോസഫും ജോസ് കെ മാണിയും നേര്‍ക്കുനേര്‍. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ജോസ് കെ മാണിയുടെ ആവശ്യം പിജെ ജോസഫ് പൂര്‍ണമായും തള്ളി.

ചിലര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ജോസ് കെ മാണി ആരോപിച്ചപ്പോള്‍ ഭരണഘടനയെ അറിയാത്തവരാണ് പാര്‍ട്ടിയെ തകര്‍ക്കുന്നതെന്ന് പിജെ ജോസഫിന്റെ മറുപടി.

ആഭ്യന്തര കലഹം രൂക്ഷമായ കേരളാ കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനയുമായി പി ജെ ജോസഫും ജോസ് കെ മാണിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയാണെന്ന് ആരോപിച്ച ജോസ് കെ മാണി, ചെയര്‍മാനെ നിശ്ചയിക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മറ്റി ചേര്‍ന്ന് ചെയര്‍മാനെ തെരഞ്ഞെടുക്കുന്ന കീഴ് വഴക്കമില്ലാത്തതിനാല്‍ യോഗം വിളിക്കണമെന്ന ജോസ് കെ മാണിയുടെ ആവശ്യം പിജെ ജോസഫ് പൂര്‍ണമായും തള്ളി. ഇതോടെ സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ തീരുമാനിക്കാനുള്ള നീക്കങ്ങള്‍ ജോസ് കെ മാണി ആരംഭിച്ചു.

തര്‍ക്കം രൂക്ഷമായതിനിടെ മോന്‍സ് ജോസഫ് വിദേശത്തേക്ക് യാത്ര പോയതോടെ ജൂണ്‍ 5 വരെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരില്ല. കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യമായ വിഴുപ്പലക്കല്‍ ഉടന്‍ അവസാനിപ്പിക്കണം എന്ന കര്‍ശന നിര്‍ദ്ദേശവുമായി കോട്ടയം ഡിസിസി പ്രമേയം പാസാക്കി. തര്‍ക്കപരിഹാരത്തിന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇടപെടണമെന്നാണ് ഡിസിസി നേതൃത്വത്തിന്റെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News