മാമാങ്കം; മലയാള സിനിമയുടെ അണിയറയിൽ ഒരുങ്ങുന്നത് ചരിത്രം

പതിനാറാം നൂറ്റാണ്ടിലെ ചാവേറുകളുടെ കഥ പറയുന്ന ബ്രഹ്മാണ്ഡ മലയാള ചലചിത്രം മാമാങ്കത്തിൻ്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക്.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമെന്ന ഖ്യാതിയും ചിത്രീകരണം പൂർത്തിയാകുന്നതോടെ മാമാങ്കത്തിന് സ്വന്തമാകും. 16 ,17 നൂറ്റാണ്ടുകളിൽ മലപ്പുറം ജില്ലയിലെ തിരുന്നാവായയിൽ ആണ് മാമാങ്ക മഹോത്സവം നടന്നിരുന്നത്.

ഇതിൻറെ അധ്യക്ഷപദം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ പുറത്താക്കി സാമൂതിരി മാമാങ്കത്തിൻ്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തു.

ഇതോടെയാണ് വൈദേശികർ ഉൾപ്പെടെ നിരവധി കച്ചവടക്കാർ എത്തിയിരുന്ന മാമാങ്ക മഹോത്സവം രക്തരൂക്ഷമായത്. പിന്നീടുള്ള ഓരോ വർഷങ്ങളിലും ദേശാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു വള്ളുവനാട്ടിലെ ചാവേറുകളുടേത്.

നിലപാട് തറയ്ക്ക് സമീപമെത്താൻ വള്ളുവക്കോനാതിരിയുടെ പല ചാവേറുകൾക്കും സാധിച്ചിട്ടുണ്ടെങ്കിലും ശക്തരായ സാമൂതിരിയെ കീഴ്പ്പെടുത്തുക അസാധ്യമായി തുടർന്നു.

മലബാറിലെ ബ്രിട്ടീഷ് കളക്ടറായിരുന്ന വില്യം ലോഗൻ്റെ ഔദ്യോഗിക ഗസറ്റ് മലബാർ മാനുവലിൽ ഉൾപ്പെടെ മാമാങ്കത്തിൻ്റെ പോരാട്ട ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

മലയാള സിനിമയിലെ നടനവിസ്മയം മമ്മൂട്ടിയെ നായകനാക്കി കാവ്യാ ഫിലിം കമ്പനിയാണ് മാമാങ്കം ഒരുക്കുന്നത്. നിളയുടെ മണൽത്തരികളിൽ ചോരചിന്തിയ ധീര ചാവേറുകളുടെ കഥ പറയുന്ന മാമാങ്കത്തിൽ ഉണ്ണിമുകുന്ദൻ സിദ്ദിഖ് തരുൺ അറോറ സുദേവ് നായർ മണികണ്ഠൻ സുരേഷ് കൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.

പ്രാച്ചി തെഹ്ളാൻ, അനുസിത്താര കനിഹ ഇനിയ എന്നിവരാണ് നായികമാരാകുന്നത്. വേണു കുന്നപ്പിള്ളി നിർമിക്കുന്ന ചിത്രം അണിയിച്ച് ഒരുക്കുന്നത് സംവിധായകൻ എം പത്മകുമാറാണ്.

ദംഗൽ ഉൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങൾക്ക് സംഘട്ടനരംഗങ്ങൾ ഒരുക്കിയ ശ്യാം കൗശൽ ആണ് മാമാങ്കത്തിനു മാറ്റേകുന്നത്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമങ്കത്തിനായി ഒരുക്കിയിട്ടുള്ളത്.

മരടിൽ നിർമ്മിച്ചിട്ടുള്ള എട്ടേക്കർ ഭൂമിയിലെ സെറ്റ് ചിത്രത്തിലെ പ്രധാന രംഗങ്ങൾ ചിത്രീകരിക്കാൻ കൂറ്റൻ മാളികയും എല്ലാം ഉൾക്കൊള്ളുന്നതാണ്.

അഞ്ചുകോടിയിലധികം മുതൽമുടക്കിൽ ആയിരത്തോളം തൊഴിലാളികൾ ചേർന്ന് നാലു മാസം കൊണ്ടാണ് ഈ സെറ്റ് നിർമ്മിച്ചിട്ടുള്ളത്. യുദ്ധരംഗങ്ങൾ ചിത്രീകരിക്കുന്നതിനായി നെട്ടൂരിലെ 20 ഏക്കർ ഭൂമിയിൽ നിർമ്മിച്ച സെറ്റിൻ്റെ നിർമാണച്ചെലവ് 10 കോടിയിലധികമാണ്.

രണ്ടായിരം പേരുടെ മൂന്നുമാസത്തെ ശ്രമഫലമാണ് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നായ നെട്ടൂരിലേത്. 300 വർഷം മുൻപത്തെ അതെ മാമാങ്കം നിർമ്മിച്ചെടുക്കാൻ ആയി പത്ത് ടൺ സ്റ്റീൽ, 2000 ക്യുബിക് മീറ്റർ തടി തുടങ്ങിയവ ഉപയോഗിച്ചിട്ടുണ്ട്.

ഇതിനുപുറമേ മുള പനയോല പുല്ല് കയർ തുടങ്ങിയവയും സെറ്റുകളുടെ നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കൾ ആണ്. സ്വാഭാവിക വിളക്കുകളുടെ വെളിച്ചത്തിൽ ആണ് അവസാന പാദ ചിത്രീകരണം പൂർണമായും നടത്തുന്നത്.

ഇതിനായി മാത്രം 2000 ലിറ്റർ വിളക്കെണ്ണയാണ് പ്രതിദിനം ഉപയോഗിക്കുന്നത്. മൂവായിരത്തിലധികം ആളുകൾ പങ്കെടുക്കുന്ന യുദ്ധരംഗങ്ങളിൽ ആനകളും കുതിരകളും ഉൾപ്പെടെ നിരവധി മൃഗങ്ങളും സിനിമയുടെ ഭാഗമാകും.

ചന്തുവിനെയും വീരപഴശ്ശിയെയും മലയാളസിനിമയിൽ അനശ്വരമാക്കിയ മലയാളത്തിൻ്റെ മഹാനടൻ ഒരിക്കൽകൂടി കൂടി ചരിത്ര സിനിമയുടെ ഭാഗമാകുമ്പോൾ മാമാങ്കം പിറക്കാൻ പോകുന്നത് ഒരു ചരിത്രമായി തന്നെ ആയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News