അബ്ദുള്ളക്കുട്ടിക്കെതിരെ സിപിഐ എം എടുത്ത നടപടി ശരിയായിരുന്നുവെന്ന് സുധീരന്‍; സുധീരൻ കോൺഗ്രസിലുണ്ടെങ്കിൽ താനും തുടരുമെന്ന് അബ്ദുള്ളക്കുട്ടി

വർഷങ്ങൾക്കുമുമ്പ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ സിപിഐ എം എടുത്ത നടപടി പൂർണമായും ശരിയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി നടത്തിയ പ്രസ്താവനയിൽനിന്ന് തെളിഞ്ഞതായി കോൺഗ്രസ‌് നേതാവ‌് വി എം സുധീരൻ. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധീരൻ. രാഷ്ട്രീയവഞ്ചകരുടെ കൂട്ടത്തിൽ എന്നും അബ്ദുള്ളക്കുട്ടിയും ഉണ്ടാകും. സ്ഥിരമായി രാഷ്ട്രീയവഞ്ചനയാണ് അബ്ദുള്ളക്കുട്ടി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എമ്മിൽ ഇരിക്കുമ്പോൾ മോഡിയെ സ്തുതിച്ചതിനാണ് പുറത്താക്കിയത‌്. രണ്ടായിരത്തിലധികംപേർ വംശീയകലാപത്തിൽ മരിച്ചകാലത്താണ് മോഡിയെ വികസന നായകനായി അബ്ദുള്ളക്കുട്ടി കണ്ടത്. അതിനാണ് സിപിഐ എം നടപടിയെടുത്തത്. കോൺഗ്രസിലേക്ക് വന്ന ഉടൻതന്നെ സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചു. നിസ്വാർഥരായ പ്രവർത്തകർ ഉള്ളപ്പോഴായിരുന്നു ഇത്തരത്തിൽ തീരുമാനമുണ്ടായത്. താൻ അന്ന് അതിനെ എതിർത്തിരുന്നു. മറ്റൊരു പാർടി പുറത്താക്കിയ വ്യക്തിയെ സ്ഥാനാർഥിയാക്കിയത് അനൗചിത്യമാണ്. വർഗീയ പാർടികൾക്ക് സ്തുതിപാടുന്നവർ കോൺഗ്രസിലുണ്ടാവാൻ പാടില്ല.

രാഷ്ട്രീയ സമൂഹത്തിന് തീരാകളങ്കമാണ് അബ്ദുള്ളക്കുട്ടി. ഉമ്മൻചാണ്ടി മന്ത്രിസഭയ്ക്കെതിരെ താൻ പ്രവർത്തിച്ചെന്ന് അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തിയത് വിഷയം വഴിതിരിച്ച് വിടാനാണ്. ഇത്തരക്കാരെ വച്ചുപൊറുപ്പിക്കരുത്. കോൺഗ്രസ് നേതൃത്വം അബ്ദുള്ളക്കുട്ടിയെ ഉടൻ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

സുധീരൻ കോൺഗ്രസിലുണ്ടെങ്കിൽ ഞാനും തുടരും: അബ്ദുള്ളക്കുട്ടി

ഉമ്മൻചാണ്ടി സർക്കാരിനെ ഇല്ലാതാക്കിയ ആളാണ‌് കോൺഗ്രസ‌് നേതാവ‌് വി എം സുധീരനെന്ന‌് എ പി അബ്ദുള്ളക്കുട്ടി. കേരളത്തിലെ കോൺഗ്രസിനെ തോൽപ്പിച്ചിട്ട‌് സുധീരൻ പാർടിയിൽ തുടരുന്നുണ്ടെങ്കിൽ താനും കോൺഗ്രസിൽ തുടരും. വി എം സുധീരന‌് ഒരു ആദർശവുമില്ല. ഞാൻ ഇപ്പോഴും കോൺഗ്രസുകാരനാണോയെന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രനോട‌് ചോദിക്കണം. വിദശീകരണം കേൾക്കും മുമ്പ‌് വീക്ഷണം വിധി പറയുകയാണ‌്.

ഇന്ദിരാഗാന്ധിയെ പെൺഹിറ്റ‌്‌ല‌െ്റന്നു വിളിച്ചവരാണിന്ന‌് തനിക്കെതിരെ മുഖപ്രസംഗമെഴുതുന്നത‌്. മുല്ലപ്പള്ളി വിശദീകരണ നോട്ടീസ‌് തരുമെന്ന‌് പറഞ്ഞിട്ടുണ്ട‌്. അതിന‌് മുമ്പാണ‌് വീ‌ക്ഷണത്തിന്റെ വിധി പറച്ചിലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാകാൻ കച്ചകെട്ടുന്ന എ പി അബ്ദുള്ളക്കുട്ടിയെന്ന കീറാമുട്ടിയെ വഴിയിൽ ഉപേക്ഷിക്കുന്നതാണ‌് ഉത്തമമെന്നാണ‌് കോൺഗ്രസ‌് മുഖപത്രം ‘വീക്ഷണം’ അഭിപ്രായപ്പെട്ടത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News