രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ജെഡിയുവിന്റെ ആവശ്യം തള്ളി; പകരം ബദ്ധവൈരി ഗിരിരാജ് സിങ്ങിന് ക്യാമ്പിനറ്റ് റാങ്ക് പദവി; ജെഡിയു- ബിജെപി ബന്ധം വഷളാകുന്നു

രണ്ടാം മോദി സര്‍ക്കാരിന്റെ ഭാഗമാകാതെ മാറി നില്‍ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും തമ്മിലുള്ള ബന്ധം വഷളാകുന്നു. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ജെഡിയുവിന്റെ ആവശ്യം തള്ളിയ മോദി, നിധീഷ് കുമാറിന്റെ ബദ്ധവൈരിയായി അറിയപ്പെടുന്ന ഗിരിരാജ് സിങ്ങിന് ക്യാമ്പിനറ്റ് റാങ്ക് നല്‍കിയത് ജെഡിയുവിന്റെ പ്രതിഷേധം വര്‍ധിപ്പിച്ചു.37 പേരെ ഒഴിവാക്കിയും 23 പേരെ പുതിയതായി ഉള്‍പ്പെടുത്തിയും രൂപീകരിച്ച രണ്ടാം മോദി സര്‍ക്കാര്‍ ജാതി മതസമവാക്യങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കിയത്.

ബിഹാറിലെ സഖ്യകക്ഷിയായ നിധീഷ് കുമാറിന്റെ ജെഡിയു ക്യാബിനറ്റ് റാങ്കും സഹമന്ത്രി സ്ഥാനവുമാണ് സത്യപ്രതിജ്ഞയ്ക്ക് മുമ്പ് മോദിയോട് ചോദിച്ചത്. അത് നിഷേധിച്ച മോദി ഒരു മന്ത്രിസ്ഥാനം മാത്രമെന്ന് അറിയിച്ചത് ഇരു പാര്‍ടികളും തമ്മിലുള്ള ബന്ധം മോശമാക്കി.മന്ത്രിസഭയിലേയ്ക്കില്ലെന്ന നിധീഷ് കുമാറിന്റെ നിലപാട് മോദിയേയും അമിത്ഷായേയും ചൊടിപ്പിച്ചു. നിധീഷിന്റെ ബദ്ധവൈരിയായി അറിയപ്പെടുന്ന ബീഹാറിലെ ബിജെപി നേതാവ് ഗിരിരാജ് സിങ്ങിന് ക്യാമ്പിനറ്റ് റാങ്ക് നല്‍കിയത് ജെഡിയുവിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.

ഒന്നാം മോദി സര്‍ക്കാരില്‍ സ്വതന്ത്ര ചുമതയുള്ള സഹമന്ത്രിയായിരുന്നു ഗിരിരാജ് സിങ്ങ്. അമിത് ഷായ്ക്ക് താല്‍പര്യമില്ലാത്ത നേതാവായിരുന്ന ഗിരിരാജ് സിങ്ങിന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റിങ്ങ് മണ്ഡലത്തില്‍ മത്സരിക്കാന്‍ ബിജെപി സീറ്റ് പോലും നല്‍കിയിരുന്നില്ല.പകരം ബഗുസറായില്‍ കനയ്യകുമാറിനെതിരെ മത്സരിക്കാന്‍ നിയോഗിക്കപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് ഗിരിരാജ് സിങ് ഒരാഴ്ച്ചയോടെ മണ്ഡലത്തില്‍ പോകാതെ ദില്ലിയില്‍ തങ്ങുകയും ചെയ്തു. ബഗുസറയില്‍ ഗിരിരാജ് വിജയിച്ചെങ്കിലും രണ്ടാം മോദി സര്‍ക്കാരിലേയ്ക്ക് വരില്ലെന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെട്ടത്.

എന്നാല്‍ നിധീഷ് കുമാറും മോദിയും പിണങ്ങിയതോടെ ഗിരിരാജ് സിങ്ങിന് നറുക്ക് വീണു. 2013ല്‍ ജെഡിയു-ബിജെപി സഖ്യം പിളര്‍ന്നപ്പോള്‍ ബീഹാറിലെ നിധീഷ് മന്ത്രിസഭയില്‍ നിന്നും ആദ്യം രാജി വച്ചൊരാളാണ് ഗിരിരാജ് സിങ്ങ്.അന്ന് മുതല്‍ നിധീഷിന്റെ പ്രധാന വിമര്‍ശകന്‍ കൂടിയാണ് ഭൂമിഹാര്‍ സമുദായ നേതാവായ ഗിരിരാജ്.

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനത്ത് നിന്നും ഉയര്‍ത്തി ക്യാമ്പിനറ്റ് റാങ്ക് നല്‍കിയതോടെ ബിഹാറിലെ ബിജെപിയിലെ മുതിര്‍ന്ന നേതാവായി ഗിരിരാജ് സിങ്ങ് മാറി.ജാതി സമവാക്യങ്ങളും നിയമസഭ തിരഞ്ഞെടുപ്പുകളും കണക്ക് കൂട്ടിയായിരുന്നു രണ്ടാം മോദി സര്‍ക്കാര്‍ രൂപീകരണം.2014ല്‍ 24മത്ത് സത്യപ്രതിജ്ഞ ചെയ്ത നിര്‍മ്മല സീതാരാമന്റെ പ്രോട്ടോകോള്‍ ഉയര്‍ന്നു. അഞ്ചാമതാണ് ഇത്തവണ സത്യപ്രതിജ്ഞ വേദിയിലെത്തിയത്. നിര്‍മ്മയ്ക്കും മുമ്പെ ഒന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത സ്മൃതി ഇറാനിയാകട്ടെ ഇത്തവണ പതിനാലാം സ്ഥാനത്തേയ്ക്ക് പിന്തളപ്പെട്ട് പോവുകയും ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here