രാഹുൽ ഗാന്ധിയുടെ രാജിയിൽ അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്ഗ്രസ് പാർലമെന്ററി പാർട്ടി യോഗം നാളെ. ലോക്സഭ കക്ഷി നേതാവ് സ്ഥാനം രാഹുൽ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതൃ സ്ഥാനം ലക്ഷ്യമിട്ട് കോണ്ഗ്രസ്- എൻസിപി ലയനം നടക്കുമെന്ന റിപ്പോർട്ടുകൾ ഇരുപാർട്ടികളും സ്ഥിരീകരിക്കാൻ തയ്യാറായില്ല.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി സന്നദ്ധത അറിയിച്ച രാഹുൽ ഗാന്ധി ലോക്സഭ പാർട്ടി കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. സഭയിൽ എൻഡിഎ സർക്കാരിന് എതിരെ കൂട്ടായ്‌മ ഉണ്ടാക്കാനും ശക്തമായ നിലപാട് സ്വീകരിക്കാനും ഇത് അനിവാര്യമാണെന്നും വാദിക്കുന്നു.
നാളെ ചേരുന്ന കോണ്ഗ്രസ് എം പി മാരുടെ യോഗത്തിൽ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും.രാഹുൽ ഗാന്ധി അല്ലെങ്കിൽ ബംഗാളിൽ നിന്നുള്ള എംപി അധിർ രഞ്ജൻ ചൗധരി, ശശി തരൂർ എന്നിവരിലൊരാൾക്കാണ് സാധ്യത. കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന് രാഹുൽ ഗാന്ധിയോട് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ ആവശ്യപ്പെടുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
ഒരുമിച്ച് ലോക്സഭാ നേതൃ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ കോണ്ഗ്രസും എൻസിപിയും ആലോചിക്കുന്നുണ്ട്. 52 സീറ്റുകൾ ഉള്ള കോണ്ഗ്രസും അഞ്ചു സീറ്റുകൾ ഉള്ള എൻസിപിയും ഒരുമിച്ചാൽ പ്രതിപക്ഷ നേതാവ്, കക്ഷി സ്ഥാനങ്ങൾക്ക് വേണ്ട 54 സീറ്റ് ലഭിക്കും. അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധി ലോക്സഭയിലും പവാർ രാജ്യസഭയിലും പ്രതിപക്ഷ നേതാവ് ആവുമെന്നാണ് റിപ്പോർട്ടുകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here